Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shamlal ahammed
cancel
camera_alt

ഷംലാൽ അഹ്​മദ്

Homechevron_rightGulfchevron_rightDil ki Dhadkanchevron_rightശൈഖ് മുഹമ്മദ് അന്ന്...

ശൈഖ് മുഹമ്മദ് അന്ന് ഷംലാലിനെ വിളിച്ചു -'young malabar boy'

text_fields
bookmark_border
'Young Malabar boy'- മലബാർ ഗ്രൂപ്പിന്‍റെ പേരും പെരുമയും വിദേശ രാജ്യങ്ങളി​ലേക്ക്​ പറിച്ചുനട്ട ഷംലാൽ അഹ്​മദിന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിളിപ്പേരാണിത്​. ചേർത്തുപിടിച്ച്​ തോളിൽ തട്ടി ഇങ്ങനെ​ വിളിച്ചത്​ മറ്റാരുമല്ല, സാക്ഷാൽ ദുബൈ ഭരണാധികാരി ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. സബീൽ പാലസിന്‍റെ രാജകീയ അൾത്താരയിൽ ശൈഖ്​ മുഹമ്മദിനൊപ്പം ചെലവഴിക്കാൻ കഴിഞ്ഞ അര മണിക്കൂറാണ്​​ ജീവിതത്തിലെ ഏറ്റവും അസുലഭ മുഹൂർത്തമായി ഷംലാൽ എഴുതിവെച്ചിരിക്കുന്നത്. പിതാവിനൊപ്പം ചേർന്ന്​ മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സിനെ ലോകത്തിന്​ പരിചയപ്പെടുത്തിയ ഷംലാൽ അഹ്​മദ്​ തന്നെ വളർത്തിയ യു.എ.ഇയെ കുറിച്ച്​, പിന്നിട്ട വഴികളെ കുറിച്ച്​ സംസാരിക്കുന്നു...

'തോറ്റുപിൻമാറാൻ ആർക്കും കഴിയും. പൊരുതിനേടാനാണ്​ ക്ഷമ വേണ്ടത്​' -സ്വന്തം ജീവിതമാണ്​ ഷംലാലിനെ ഇങ്ങനെ പറയാൻ പ്രാപ്തനാക്കിയത്​. സ്വർണ ബിസിനസിലെ ഗൾഫ്​ സ്വപ്​നങ്ങളുമായി 2003ലാണ്​ ഷംലാൽ ദുബൈയിൽ എത്തുന്നത്​. ഖിസൈസിൽ ഷോറൂം തുറന്നെങ്കിലും ഒന്നര വർഷമെ ആയുസുണ്ടായിരുന്നുള്ളു. വലിയൊരു നഷ്​ടവുമായി ആ ഷോറൂം മറ്റൊരാൾക്ക്​ കൈമാറി നാട്ടിലേക്ക്​ മടങ്ങേണ്ടി വന്നു. നാല്​ വർഷം കൂടി ബാപ്പക്കൊപ്പം ചേർന്ന്​ ബിസിനസിന്‍റെ കൂടുതൽ പാഠങ്ങൾ പഠിച്ചെടുത്ത്​ ദുബൈയിൽ മടങ്ങിയെത്തിയ ഷംലാൽ ഗൾഫിൽ മലബാറിന്‍റെ പുതുചരിത്രം കുറിക്കുകയായിരുന്നു. പത്ത്​ വർഷത്തിന്​ ശേഷം മലബാറിന്‍റെ നൂറാമത്തെ ഔട്ട്​ലെറ്റായി മറ്റൊരു ജൂവല്ലറി​ ഗ്രൂപ്പിൽ നിന്ന്​ ഈ ഷോറൂം തിരിച്ചുപിടിക്കാൻ പാകത്തിൽ തന്നെ വളർത്തിയെടുത്തത്​ യു.എ.ഇയാണെന്ന്​ ഷംലാലിന്​ കണ്ണടച്ച്​ പറയാനാകും.

2007ലായിരുന്നു ഷംലാലിന്‍റെ രണ്ടാം വരവ്​. മലബാറിന്‍റെ ശൃംഖല ഗൾ​ഫിലേക്ക്​ വ്യാപിപ്പിക്കുക എന്നതായിരുന്നു നിയോഗം. അന്ന്​ ഇന്ത്യയിൽ 13 ഷോറൂമാണുള്ളത്​. വിദേശത്ത്​ എവിടെ തുടങ്ങും എന്ന ചോദ്യത്തിന്​ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളു^യു.എ.ഇ. മാർക്കറ്റ്​ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഷംലാലിന്‍റെ ആഗമനം. മികച്ചൊരു ടീമും ഒപ്പമുണ്ടായിരുന്നു. ദുബൈ ഗോൾഡ്​ സൂഖ്​ കേന്ദ്രീകരിച്ച്​ ഹോൾസെയിൽ ബിസിനസായിരുന്നു തുടക്കം. ഒരു വർഷം ഹോൾസെയിൽ മാത്രമായി തുടർന്നു. 2008 ജൂൺ 18നാണ്​ മലബാറിന്‍റെ ആദ്യ ഷോറൂം ഷാർജ റോളയിൽ തുറന്നത്​. വടക്കൻ കേരളത്തിന്‍റെ മിനി പതിപ്പായതിനാലാണ്​ റോള തെരഞ്ഞെടുക്കാൻ കാരണം. മലയാളി ഉപഭോക്​താക്കളിൽ നിന്ന്​ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ്​ ലഭിച്ചത്​. സ്വന്തം സ്​ഥാപനം പോലെ അവർ ഏറ്റെടുത്തു. ഈ കരുത്തിലാണ്​ പിന്നീട്​ ദുബൈ, അജ്​മാൻ, അൽഐൻ എന്നിവിടങ്ങളിലേക്ക്​ മലബാർ വളർന്ന്​ പന്തലിച്ചത്​. ഇന്ന്​ പത്ത്​ രാജ്യങ്ങളിലായി 260ലേറെ​ ബ്രാഞ്ചുള്ള മലബാർ ഗോൾഡിന്‍റെ വിദേശത്തെ തുടക്കം ഇവിടെ നിന്നായിരുന്നു.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ്​ മലബാറിന്‍റെ വളർച്ചക്ക്​ വളമിട്ടതെന്ന്​ ഷംലാൽ പറയും. പ്രധാന ജൂവലറി ഗ്രൂപ്പുകളെല്ലാം പ്രതിസന്ധിയിലായ സമയമാണിത്​. ചിലത്​ പൂട്ടിപ്പോയി. ഈ ഗാപ്പിലേക്കാണ്​ മലബാർ ഇടിച്ചുകയറിയത്​. യു.എ.ഇ മാർക്കറ്റിലെ പുതുമുഖമായതിനാൽ മലബാറിന്​ സ്വന്തം സ്​ഥാനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.

യു.എ.ഇ വൈസ്​​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനൊപ്പം ഷംലാൽ

മറക്കാനാകുമോ ആ കൂടിക്കാഴ്​ച

സബീൽ പാലസിൽ ജോലി ചെയ്യുന്ന സുഹൃത്ത്​ നദീർ പാലസിലേക്ക്​ ക്ഷണിച്ചപ്പോൾ ചെറിയ ഏതോ ചെറിയ ഓർഡറിന്‍റെ കാര്യം സംസാരിക്കാനാണെന്നാണ് ഷംലാൽ​ കരുതിയത്​. അന്ന് മലബാർ തുടങ്ങിയി​​ട്ടേയുള്ളൂ. യു.എ.ഇയിൽ രണ്ട്​ ബ്രാഞ്ച്​ മാത്രമാണുള്ളത്​. പാലസിലെത്തിയപ്പോഴാണ്​ അറിയുന്നത്​ യു.എ.ഇ വൈസ്​​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വേണ്ടിയുള്ള വിളിയായിരുന്നു അതെന്ന്​. മലബാർ ഗോൾഡിന്‍റെ ആളാണെന്ന്​ പറഞ്ഞ്​ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പുറത്ത്​ തട്ടിപ്പറഞ്ഞത്​ ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്​ 'Young Malabar boy'. അന്ന്​ ഇതിനേക്കാൾ ചെറുപ്പമാണ്​.

അദ്ദേഹത്തിന്‍റെ വാക്കുകൾ നൽകിയ ആത്​മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണെന്ന്​ ഷംലാൽ പറയുന്നു. ശൈഖ്​ മുഹമ്മദിന്​ വേണ്ടി ജൂവലറി ഉണ്ടാക്കാനായിരുന്നു തന്നെ ക്ഷണിച്ചതെന്നും അവിടെയെത്തിയപ്പോഴാണ്​ അറിയുന്നത്​. തന്‍റെ മനസിലുള്ള ഭാവനയെ പറ്റി ശൈഖ്​ മുഹമ്മദ്​ അര മണിക്കൂറോളം സംസാരിച്ചു. അദ്ദേഹത്തിന്‍റെ നേതൃപാടവവും ഊർജവു​മെല്ലാം നേരിട്ട്​ മനസിലാക്കാൻ കഴിഞ്ഞ അവസരമായിരുന്നു ഇത്​. എന്തും നടപ്പാക്കാൻ കഴിയുമെന്ന്​ ആ വാക്കുകളിൽ വ്യക്​തമായിരുന്നെന്ന്​ ഷംലാൽ സാക്ഷ്യപ്പെടുത്തുന്നു. പാലസിൽ നിന്ന്​ ഭക്ഷണവും കഴിച്ചാണ്​ മടങ്ങിയത്​.

'ആഗോള സാമ്പത്തിക പ്രതിസന്ധി കത്തിനിന്ന സമയത്താണ്​ യു.എ.ഇക്ക്​ ആത്​മവിശ്വാസമേകി ശൈഖ്​ മുഹമ്മദ്​ ദുബൈ മെട്രോ തുറന്നുകൊടുത്തത്​. യു.എ.ഇക്ക്​ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഏതൊരു പ്രതിസന്ധിയിൽ നിന്നും തിരികെ വരുമെന്നുമുള്ള സന്ദേശമായിരുന്നു മെട്രോ. ഏത്​ ദുരിതകാലത്തും ശൈഖ്​ മുഹമ്മദിന്‍റെയോ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെയോ പ്രഖ്യാപനങ്ങൾ കേൾക്കു​​മ്പോൾ ലഭിക്കുന്ന ​പോസിറ്റീവിറ്റി ചെറുതല്ല'^ഷംലാൽ പറയുന്നു.

മഹാമാരിയിലും തളരാതെ

മലബാർ ​ഗ്രൂപ്പ്​ വേരുറപ്പിച്ച ശേഷം നേരിട്ട ഏറ്റവും പ്രധാന പ്രതിസന്ധിയായിരുന്നു കോവിഡ്​. എന്ത്​ ചെയ്യണം എന്ന ആശങ്കയായിരുന്നു തുടക്കത്തിൽ. എന്നാൽ, പ്രതിസന്ധികൾ അവസരങ്ങളാക്കി മാറ്റുന്ന മലബാർ ഇതിനെയും തന്ത്രപരമായി മറികടന്നു. ചെലവ്​ ചുരുക്കുക എന്നതായിരുന്നു പ്രാഥമീക ലക്ഷ്യം. ചില ജീവനക്കാർക്ക്​ ദീർഘകാല അവധി നൽകി നാട്ടിലേക്ക്​ അയച്ചു. കെട്ടിട ഉടമകളുമായി ചർച്ച ചെയ്​ത്​ വാടക കുറപ്പിച്ചു. എന്താണ്​ അനാവശ്യം, അത്യാവശ്യം എന്ന്​ ചിന്തിക്കാൻ കഴിഞ്ഞു. ചില സ്​റ്റോറുകൾ അടച്ചു. ജീവനക്കാരെ വിമാനം ചാർട്ട്​ ചെയ്​ത്​ നാട്ടിലെത്തിച്ചു. തിരിച്ചുകയറാൻ സമയമായി എന്ന്​ തോന്നിയപ്പോഴാണ്​ ഗിയർ മാറ്റിയത്​. മാർക്കറ്റിൽ നിന്ന്​ ചില കമ്പനികൾ പുറത്തായ വിടവ്​ നികത്തി മലബാർ കുതിപ്പ്​ തുടർന്നു. മാനേജ്​മെൻറിന്‍റെ തീരുമാനത്തിനൊപ്പം നിലകൊണ്ട ജീവനക്കാർക്കാണ്​ ഷംലാൽ ഇതിന്‍റെ മുഖ്യ ​ക്രെഡിറ്റ്​ നൽകുന്നത്​.

യു.എ.ഇയുടെ നിലപാടും കാര്യമായി സഹായിച്ചു. വിസ ചെലവ്​ വെട്ടിച്ചുരുക്കിയും ജീവനക്കാരുടെ വിസ കാലാവധി സൗജന്യമായി നീട്ടി നൽകിയും യു.എ.ഇ കൂടെനിന്നു. ലൈസൻസ്​, മുനിസിപ്പൽ നരിക്കുകൾ കുറച്ചു. ബാങ്കുകൾ മൊറ​​ട്ടോറിയം നൽകി. ഞങ്ങൾ കൂടെയുണ്ടെന്ന് പറയാതെ​ പറയുകയായിരുന്നു യു.എ.ഇ.

മലബാർ ഗോൾഡിന്‍റെ ആദ്യ ഷോറൂം കോഴിക്കോട്ട്​ ഉദ്​ഘാടനം ചെയ്യുന്നു. ശിഹാബ്​ തങ്ങളുടെ പുറകിൽ നിൽക്കുന്ന കുട്ടിയാണ്​ ഷംലാൽ

ഇത്​ ജീവനക്കാരുടെ സ്​ഥാപനം

മലബാറിന്‍റെ ഉടമയാരാണെന്ന്​ ചോദിച്ചാൽ ഷംലാൽ ജീവനക്കാർക്ക്​ നേരെ വിരൽചൂണ്ടും. ഇത്​ വെറുതെ പറയുന്നതല്ല. മലബാറിന്‍റെ ഷെയർ ഹോൾഡർമാരിൽ നല്ലൊരു ശതമാനവും ജീവനക്കാർ തന്നെയാണ്​. മുൻപ്​ പുറത്തുള്ളവർക്ക്​ നിക്ഷേപം അനുവദിച്ചിരുന്നെങ്കിലും ഇപ്പോൾ ജീവനക്കാർക്ക്​ മാത്രമാണ്​ മലബാറിൽ നിക്ഷേപിക്കാൻ അവസരം നൽകുന്നത്​. ഇന്‍റർനാഷനൽ ഓപറേഷൻസിലെ ഷെയർ ഹോൾഡേഴ്​സിൽ 30 ശതമാനവും ജീവനക്കാരാണ്​​. ബാങ്കിൽ നിന്ന്​ പണമെടുത്ത്​ നിക്ഷേപിച്ചവരുമുണ്ട്​. ലാഭവിഹിതം കൃത്യമായി അവരുടെ അക്കൗണ്ടിലെത്തും.

കഴിവുള്ളവർക്ക്​ ഏത്​ പൊസിഷനിൽ എത്താനുള്ള അവസരവും മലബാറിലുണ്ടെന്ന്​ ഷംലാൽ വ്യക്​തമാക്കുന്നു. താനും ബാപ്പായുമെല്ലാം ഈ സ്​ഥാപനത്തിലെ ജീവനക്കാരാണ്​. സെയിൽസ്​ മാനായി വന്നവർ പോലും ഡയറക്ടർ പോസ്റ്റിലെത്തി. റിസൽട്ട്​ കൊണ്ടു വരുന്നവർക്ക്​ ഉയർച്ചയുണ്ടാവും.

മലയാളി ഉപഭോക്​താക്കളാണ്​ മലബാറിന്‍റെ മറ്റൊരു കരുത്ത്​. ഉപഭോക്​താക്ക​ളോട്​ കാണിച്ച വി​ശ്വാസ്യതയാണ്​ തങ്ങളുടെ വിജയരഹസ്യമെന്നാണ്​ ഷംലാലിന്‍റെ അഭിപ്രായം. കലക്ഷനും ഡിസൈനും വിലയുമെല്ലാം ഇത്​ കഴിഞ്ഞേ വരൂ. വിശ്വാസം നഷ്​ടപ്പെടാൻ ഒരു നിമിഷം മതി, പക്ഷെ, നേടിയെടുക്കാൻ വർഷങ്ങൾ വേണ്ടി വരും^ഷംലാലിന്‍റെ വാക്കുകളിൽ നയം വ്യക്​തം.

ഗോൾഡൻ യു.എ.ഇ

സ്വർണബിസിനസിന്​ യു.എ.ഇ നൽകുന്ന പിന്തുണയെ കുറിച്ച്​ ഷംലാൽ പറയുന്നു^''ദുബൈ അറിയപ്പെടുന്നത്​ സിറ്റി ഓഫ്​ ഗോൾഡ്​ എന്നാണ്​. സ്വർണത്തിന്‍റെ മെക്കയെന്നും ഹബെന്നുമെല്ലാം ഈ നഗരത്തിന്​ വിളിപ്പേരുണ്ട്​. ഇത്​ വെറുതെ വിളിക്കുന്നതല്ല. ഇന്ത്യയി​ലേക്ക്​ ഏറ്റവും കൂടുതൽ സ്വർണം കയറ്റുമതി ചെയ്യുന്നത്​ ഇവിടെ നിന്നാണ്​. സൗത്ത്​ അമേരിക്ക, മെക്സികോ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന്​ ഖനനം ചെയ്യുന്ന സ്വർണം ഏറ്റവും മധികം റിഫൈൻ ചെയ്​ത്​ റോ മെറ്റീരിയലായി ലണ്ടനിലേക്കും​ അമേരിക്കയിലേക്കും ഇന്ത്യയിലേക്കും സ്വിറ്റ്​സർലൻഡിലേക്കുമെല്ലാം കയറ്റിവിടുന്നത്​ യു.എ.ഇയാണ്​. ബൽജിയത്തിലെ ആ​​​ൻഡ്വേർപ്പാണ്​ ഡയമണ്ട്​ ഹബെങ്കിൽ ദുബൈയാണ്​ ഗോൾഡിന്‍റെ ഹബ്​. എണ്ണ കഴിഞ്ഞാൽ ഏറ്റവും വലിയ വിറ്റുവരവ്​ സ്വർണമാണ്​. ഇന്ത്യക്ക്​ പുറത്ത്​ മലബാറിന്‍റെ ബേസ്​ കെട്ടിപ്പടുക്കാൻ കാരണമായത്​ യു.എ.ഇയിലെ ഓപറേഷനാണ്​. ഈ നാട്ടിൽ നിന്ന്​ ലോകത്തിന്‍റെ ഏത്​ ഭാഗത്തും ബിസിനസ്​ ചെയ്യാം. എവിടെ നിന്നും ഇറക്കുമതി ചെയ്യാനും എവിടേക്ക്​ വേണമെങ്കിലും കയറ്റുമതി ചെയ്യാനും കഴിയും. എന്നെ ഞാനാക്കിയ നാടാണിത്​. നാട്ടിലായിരുന്നെങ്കിൽ ഷംലാൽ ഒരുപക്ഷെ ഇതായിരിക്കില്ല. ഇവിടുത്തെ സാഹചര്യങ്ങളും അവസരങ്ങളുമാണ്​ എന്നെയും ഞങ്ങളുടെ സ്​ഥാപനത്തെയും ഈ നിലയിൽ എത്തിച്ചത്​''.

എം.പി. അഹ്​മദിനൊപ്പം ഷംലാൽ

വഴികാട്ടിയായ ബാപ്പ

മലബാർ ഗോൾഡിനെ വിദേശത്ത്​ നയിക്കുന്നത്​ ഷംലാലും വൈസ്​ ചെയർമാനായ കെ.പി. അബ്​ദുൽ സലാമുമാണെങ്കിൽ ഇതിനെല്ലാം പിന്നിൽ കരുത്ത്​ പകർന്ന്​ ഒരാളുണ്ട്​, എം.പി. അഹ്​മദ്​. മലബാർ ഗ്രൂപ്പിനെ​ നട്ട്​ നനച്ച്​ വളർത്തിയ മനുഷ്യൻ. ആ മനുഷ്യന്‍റെ മകനായി പിറന്നതാണ്​ തന്‍റെ ഏറ്റവും വലിയ യോഗ്യത എന്ന്​ ഷംലാൽ പറയുന്നു. വ്യക്​തിപരമായും ​െപ്രാഫഷനലായും തന്നെ വളർത്തിയെടുത്തത്​ ബാപ്പയുടെ ജീവിത ചര്യകളായിരുന്നു. ദീർഘവീക്ഷണം, ദിശാബോധം, കാഴ്ചപ്പാട്​, സത്യസന്ധത, സുതാര്യത... ഇതെല്ലാം കൈമുതലായുള്ള എം.പി അഹ്​മദാണ്​ ഷംലാലിന്‍റെ റോൾ മോഡൽ.

'ഞങ്ങൾക്ക്​ ബിസിനസിൽ താൽപര്യമുണ്ടാകാൻ ബാപ്പ പലതും ഞങ്ങളെ കൊണ്ട്​ വാങ്ങിപ്പിക്കും. അതേകുറിച്ച്​ പഠിക്കാൻ പറയും. പണം ചെലവാക്കണം എന്നതാണ്​ അദ്ദേഹത്തിന്‍റെ ലൈൻ. ചെലവ്​ ചെയ്​താലേ വരവുണ്ടാക്കാൻ കഴിയു എന്നാണ്​ ഞങ്ങൾക്ക്​ പറഞ്ഞ്​ തരുന്നത്​. വിഡിത്തങ്ങൾ പറഞ്ഞാലും പറഞ്ഞോളാൻ പറയും. മിസ്​റ്റേക്ക്​ ഉണ്ടാക്കി പഠിക്കട്ടേ എന്ന്​ പറയും. 2002ൽ കോളജ് പഠനം​ കഴിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ പലർക്കും കടമായി സ്വർണം നൽകിയിരുന്നു.

എന്‍റെ പേരിൽ എഴുതിവെച്ചോളാൻ പറയുകയും ചെയ്യും. ഒരു ദിവസം ഇക്കാര്യം എന്‍റെ അങ്കിൾ ബാപ്പായോട്​ പറഞ്ഞു. അഞ്ച്​ ലക്ഷം ആകുന്നത്​ വരെ അവൻ കടം കൊടുക്ക​െട്ട എന്നായിരുന്നു ബാപ്പ പറഞ്ഞത്​. അഞ്ച്​ ലക്ഷം ആയപ്പോൾ ബാപ്പ വിളിപ്പിച്ചു. ഇതുവരെ കൊടുത്ത കടം​ തിരികെ വാങ്ങിയിട്ട്​ മതി ഇനി കടം കൊടുക്കൽ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. ഭൂരിപക്ഷം കടവും തിരികെ കിട്ടിയില്ല എന്നതാണ്​ സത്യം. ബാപ്പയോട്​ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്​ 'ഇപ്പോൾ പോയത്​ ചെറിയ ലക്ഷങ്ങൾ മാത്രമാണ്​. നാളെ കോടികൾ നഷ്​ടമുണ്ടാകാതിരിക്കാൻ ഇത്​ ഉപകരിക്കും' എന്നായിരുന്നു. ജീവിതത്തിലെയും ബിസിനസിലെയും ഏറ്റവും വലിയ പാഠങ്ങളിലൊന്നായിരുന്നു ഇത്​'^ഷംലാലിന്‍റെ വാക്കുകൾ.

1993ലാണ്​ എം.പി അഹ്​മദ്​ കോഴിക്കോട്ട്​ ആദ്യ ഷോപ്പ്​ തുറക്കുന്നത്​. 700​ സ്​ക്വയർ ഫീറ്റ്​ മാത്രമുള്ള ചെറിയൊരു മുറിയായിരുന്നു അത്​. അന്ന്​ ഷംലാൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. ബന്ധുക്കളായ നിഷാദ്​, മജീദ്​, ഫൈസൽ​, ബീരാൻകുട്ടിക്ക തുടങ്ങിയവരെല്ലാം ചേർന്ന മികച്ചൊരു ടീം അന്നുണ്ടായിരുന്നു. പിന്നീട്​ തിരൂരിലും കണ്ണൂരിലും തലശേരിയിലും തുറന്നു. സ്വർണ ബിസിനസിൽ പാരമ്പര്യമേതുമില്ലാത്ത കർഷക കുടുംബമായിരുന്നു അഹ്​മദിന്‍റേത്​. ബാക്കിയെല്ലാം സ്വന്തമായി കെട്ടിപ്പടുത്തതാണ്​. ●


ഇബ്രാഹിം ഹാജിക്ക എന്ന തണൽമരം

ഇ​ബ്രഹിം ഹാജിക്കയുടെ വിയോഗത്തിലൂടെ നഷ്​ടമായത്​ പിതൃതുല്യനായ മനുഷ്യനെയാണെന്ന്​ ഷംലാൽ പറയുന്നു. 'മലബാറിന്‍റെ വളർച്ചയിൽ വലിയ പങ്ക്​ വഹിച്ച വ്യക്​തിയാണ്​ ഹാജിക്ക. 2003ലാണ് അദ്ദേഹവുമായി ചേരുന്നത്​. അദ്ദേഹത്തിന്‍റെ ഉടമസ്​ഥതയിലുള്ള കെട്ടിടത്തിൽ ഷോറൂം തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ്​ ഹാജിക്കയുമായി ബന്ധപ്പെടുന്നത്​. അന്ന്​ ചുരുക്കം ബ്രാഞ്ച്​ മാത്രമാണുള്ളത്​. മലബാറിൽ അദ്ദേഹം ഇൻവസ്​റ്റ്​ ചെയ്​തു എന്ന്​ മാത്രമല്ല, സുഹൃത്​ വലയത്തിലുള്ള വലിയൊരു എൻ.ആർ.​െഎ സമൂഹം മലബാറിന്‍റെ ഷെയർഹോൾഡർമാരായി എത്തുകയും ചെയ്​തു. ഇബ്രാഹിം ഹാജിക്ക മലബാറിന്‍റെ ഇൻവസ്റ്ററാണ്​ എന്ന വിശ്വാസത്തിൽ മാത്രം ഞങ്ങളോടൊപ്പം ചേർന്നവരുണ്ട്​. കാരണം, അദ്ദേഹം അത്ര പഠിച്ചശേഷമേ ഇൻവസ്റ്റ്​ ചെയ്യൂ.

2007ൽ ദുബൈയിലെത്തിയ ശേഷമാണ്​ ഞാൻ അദ്ദേഹവുമായി​ കൂടുതൽ അടുക്കുന്നത്​. മക്കളി​ലൊരാളായാണ്​ എന്നെ കണ്ടിരുന്നത്​. എന്‍റെ മെന്‍റർ, വഴികാട്ടി എന്നൊക്കെ പറയാം. എന്തും തുറന്നു സംസാരിക്കാം. നല്ലൊരു കേൾവിക്കാരനായിരുന്നു. എല്ലാം കേട്ടതിന്​ ശേഷം ചിലപ്പോൾ ഉടൻ തന്നെ മറുപടി കിട്ടും. ചിലപ്പോൾ ആലോചിച്ചിട്ട്​ പറയാം എന്ന്​ പറയും. ദീർഘ വീക്ഷണത്തോടെയുള്ളതായിരിക്കും മറുപടി. ആഴ്ചയിൽ മൂന്ന്​ തവണയെങ്കിലും വിളിക്കും. രണ്ടാഴ്ചയിലൊരിക്കലെങ്കിലും നേരിൽ കാണും. ഈ കൂടിക്കാഴ്​ചകൾക്കൊന്നും ചിലപ്പോൾ കച്ചവടുവമായി ബന്ധമുണ്ടായിരിക്കില്ല. മലബാറിൽ പ്രൊഷനലിസം കൊണ്ടുവരാൻ ഹാജിക്കയുടെ ഇൻറർനാഷനൽ അനുഭവ സമ്പത്ത്​ ഏറെ ഗുണം ചെയ്​തിരുന്നു'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar gold and diamondsemarat dil ki dhadkandil ki dhadkanuae@50shamlal ahamed
News Summary - young malabar boy
Next Story