അറിയാം, യു.എ.ഇയിലെ ചെക്ക് നിയമ മാറ്റങ്ങൾ
text_fieldsവിഡിയോ കാണാൻ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക
കറൻസി പോലെത്തന്നെ നിത്യജീവിതത്തിെൻറ ഭാഗമാണ് ചെക്ക്; പ്രത്യേകിച്ച് പ്രവാസികൾക്ക്. യു.എ.ഇ കമേഴ്സ്യൽ ട്രാൻസാക്ഷൻ നിയമത്തിലെ ചെക്കുമായി ബന്ധപ്പെട്ട ചെറിയ നിയമമാറ്റങ്ങൾ പോലും പ്രവാസികളെ ബാധിക്കാറുണ്ട്. അടുത്തിടെ യു.എ.ഇ പുറത്തിറക്കിയ ചെക്ക് നിയമ മാറ്റങ്ങളെ കുറിച്ച് അറിയാം. 2022 ജനുവരി രണ്ടു മുതലാണ് നടപ്പാക്കുന്നതെങ്കിലും ഇപ്പോഴേ സൂക്ഷിക്കുന്നത് നല്ലതാണ്.
പരാതിക്ക് അതിവേഗം പരിഹാരം
ഗുണഭോക്താവിെൻറ പരാതി വേഗത്തിൽ പരിഹരിക്കപ്പെടുന്ന തരത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. നിലവിൽ ക്രിമിനൽ നടപടി ക്രമപ്രകാരം ചെക്കുകേസുകൾ പൊലീസിൽ ക്രിമിനൽ കേസായി നൽകുേമ്പാൾ പ്രതികൾക്ക് പത്ത് ശതമാനം തുക പിഴയോ (പിഴ സർക്കാറിലേക്ക് അടക്കണം) തടവുശിക്ഷയോ ലഭിക്കുന്നുണ്ട്. എന്നാൽ, പരാതിക്കാരന് തുക ലഭിക്കണമെങ്കിൽ കോടതിയെ സമീപിച്ച് കോർട്ട്ഫീയും ചെക്കും മറ്റു രേഖകളും തർജമയടക്കം പൂർത്തീകരിക്കണം. പ്രാഥമിക കോടതിയുടെ വിധി ലഭിച്ചശേഷം ആവശ്യമെങ്കിൽ കക്ഷികൾ അപ്പീൽ പോവുകയും നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം എക്സിക്യൂഷൻ കോടതയിൽ വിധി നടപ്പാക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. എന്നാൽ പുതിയ നിയമ പ്രകാരം ചെക്കിനെ ഒരു എക്സിക്യൂഷൻ ഡോക്യുമെൻറായി കണക്കാക്കുന്നു. അതിനാൽ, നേരിട്ട് വിധി നടപ്പാക്കുന്ന എക്സിക്യൂഷൻ കോടതിയെയോ സമാനമായ അധികാര കേന്ദ്രങ്ങളെയോ പരാതിക്കാരന് സമീപിക്കാം. ഇതോടെ കാലതാമസം കൂടാതെ ചെക്ക് തുകയും അനുബന്ധ നഷ്ടങ്ങളും ഇൗടാക്കാൻ സാധിക്കും എന്നതാണ് കാതലായ മാറ്റം.
അക്കൗണ്ടിൽ ഉള്ള തുക പിൻവലിക്കാം
നിലവിൽ ചെക്കിൽ രേഖപ്പെടുത്തിയ തുക പൂർണമായും ബാങ്കിൽ ഇല്ലെങ്കിൽ ചെക്ക് മടങ്ങും. എന്നാൽ, പുതിയ നിയമപ്രകാരം ബാങ്കിൽ പൂർണമായ തുക ഇല്ലെങ്കിലും ഉള്ള തുക ഉപഭോക്താവിന് ലഭിക്കും. ബാക്കി തുകക്ക് നിയമ നടപടി സ്വീകരിക്കാം. ഉദാഹരണത്തിന് ഒരാൾക്ക് 1,00,000 ദിർഹമിെൻറ ചെക്കാണ് ലഭിച്ചതെന്നിരിക്കട്ടെ. ബാങ്കിൽ അന്വേഷിക്കുേമ്പാൾ 80,000 ദിർഹം മാത്രേമ ഉള്ളൂവെങ്കിലും ഗുണഭോക്താവിന് ഈ തുക പിൻവലിക്കാം. ബാക്കി 20,000 ദിർഹം ലഭിക്കാനായി നിയമനടപടി സ്വീകരിക്കാം.
കൃത്രിമത്വം കാണിച്ചാൽ ക്രിമിനൽ നടപടി
മനപ്പൂർവം ചെക്കുകളിൽ കൃത്രിമത്വം കാണിക്കുകയോ മറ്റൊരാളുടെ ചെക്കിൽ ഒപ്പിട്ടു നൽകുകയോ ചെയ്താൽ ക്രിമിനൽ നടപടിക്രമമുള്ള ശിക്ഷാനടപടി ഉണ്ടാകും.
യാത്രവിലക്കും സ്വത്ത് കണ്ടുകെട്ടലും
ഒരു എക്സിക്യൂട്ടഡ് ഡോക്യുമെൻറായി കണക്കാക്കി എക്സിക്യൂഷൻ കോടതിയിൽ വിധി നടപ്പാക്കാൻ കൊടുക്കുന്ന ചെക്കിനൊപ്പം ഗുണഭോക്താവിന് പ്രതിക്കെതിരെ യാത്രവിലക്ക്, സ്ഥാവര ജംഗമ വസ്തുക്കളുടെ കണ്ടുകെട്ടൽ എന്നിവക്കായി പരാതി നൽകാൻ കഴിയും.
പത്രങ്ങളിൽ വിധി പ്രസിദ്ധീകരിക്കണം
പുതിയ ശിക്ഷാനടപടിക്രമവും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നു. കോടതി വിധി രണ്ട് പ്രാദേശിക ന്യൂസ് പേപ്പറിലോ ഓൺലൈനിലോ (ഇംഗ്ലീഷിലും അറബിയിലും) പ്രസിദ്ധപ്പെടുത്തണമെന്നും ചെലവ് പ്രതിയിൽനിന്ന് ഈടാക്കണമെന്നും നിയമത്തിൽ പറയുന്നു. പ്രതിയുടെ മേൽവിലാസം, തൊഴിൽ, മറ്റു പ്രാഥമിക വിവരങ്ങൾ അടക്കമായിരിക്കും പ്രസിദ്ധീകരിക്കുക.
ലക്ഷം ദിർഹം വരെ പിഴ
ചെക്ക് നൽകിയശേഷം മനപ്പൂർവം ബാങ്കിലുള്ള തുക പിൻവലിക്കുകയോ ഭാഗികമായി ലഭിക്കുന്നത് ഇല്ലാതാക്കുകയോ ചെക്കിൽ കൃത്രിമത്വം നടത്തുകയോ ചെയ്താൽ ചുരുങ്ങിയത് 20,000 ദിർഹം മുതൽ 100,000 ദിർഹംവരെ പിഴയും ഒരു വർഷം തടവുശിക്ഷയും ലഭിക്കുമെന്ന് പുതിയ നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ചുരുക്കത്തിൽ, ചെക്ക് ഇഷ്യൂ ചെയ്യുന്നതിനു മുേമ്പ ബാങ്കിൽ കാഷ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയും നിയമവ്യവസ്ഥകൾ മനസ്സിലാക്കി രാജ്യത്തിെൻറ നിയമാനുസൃത കാര്യങ്ങൾ ചെയ്യേണ്ടതുമാണ്. ഫൈൻ അടച്ച് ചെക്കിെൻറ നിയമപ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാമെന്ന ധാരണക്ക് മാറ്റംവരുത്തി യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലയെ മെച്ചപ്പെടുത്താൽ നിയമം ഉപകരിക്കും.
അഡ്വ. ഹാഷിക് തൈക്കണ്ടി,
ദുബൈ (യൂനിവേഴ്സൽ ലീഗൽ അസോസിയേറ്റ്സ്, യു.എ.ഇ)
advocatedubai@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

