‘അതെ, ഞാൻ അച്യുതാനന്ദൻ സ്വാമിയാണ്...’
text_fields1997ൽ സൗഹൃദ സന്ദർശനത്തിനെത്തിയ വി.എസ്. അച്യുതാനന്ദൻ ദുബൈയിലെ ജുമേര ഹോട്ടലിന് മുന്നിൽ നിൽക്കുന്നു. ‘ദല’ജനറൽ സെക്രട്ടറിയായിരുന്ന
മോഹനൻ, പ്രസിഡന്റായിരുന്ന സി.കെ. ലാൽ എന്നിവർ സമീപം
ദുബൈ: വർഷം 1997, ഇ.കെ. നായനാർ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വി.എസ്. അച്യുതാനന്ദൻ ആദ്യമായി യു.എ.ഇ സന്ദർശിക്കുന്നത്. ഒരുപക്ഷേ, വി.എസിന്റെ ആദ്യ വിദേശ സന്ദർശനമായിരിക്കാമത്. ഒരു തണുത്ത വെളുപ്പാൻ കാലത്ത് വെളുത്ത ജുബ്ബയും ഷാളും പുതച്ച് ജുമേര ഹോട്ടലിന്റെ പൂമുഖത്ത് നിൽക്കുന്ന വി.എസിന്റെ പുഞ്ചിരി തൂകുന്ന മുഖം കാൽനൂറ്റാണ്ടിനിപ്പുറവും ഇടതുപക്ഷ പ്രവർത്തകനും പ്രവാസിയുമായ മോഹനന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ഇടത് സാംസ്കാരിക സംഘടനയായ ‘ഓർമ’യുടെ ആദ്യ രൂപമായ ‘ദല’യുടെ ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മോഹനൻ. സി.കെ. ലാൽ ആയിരുന്നു പ്രസിഡന്റ്.
സൗഹൃദ സന്ദർശനത്തിനായി പ്രവാസ ലോകത്ത് എത്തിയ വി.എസിനെ എതിരേൽക്കാനുള്ള ദൗത്യം ദലയുടെ ഭാരവാഹികൾ എന്ന നിലയിൽ ഇവർക്ക് രണ്ടുപേർക്കുമായിരുന്നു. കേരളം കണ്ട ഏറ്റവും കാർക്കശ്യക്കാരനായ സമര നായകന്റെ പരിവേഷത്തിൽ നിന്ന് വിത്യസ്തമായി, പുഞ്ചിരി തൂകുന്ന, തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന വി.എസിന്റെ മുഖമാണ് ഓർമയിലുള്ളതെന്ന് മോഹനൻ പറയുന്നു.
വെളുത്ത ജുബ്ബയും ഷാളും പുതച്ചുള്ള വി.എസിന്റെ നിൽപ് കണ്ടപ്പോൾ ജുമേര ഹോട്ടലിന്റെ സെക്യൂരിറ്റിക്കാരൻ വന്ന് സ്വാമിയെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് വി.എസ് അതിന് പറഞ്ഞ മറുപടി, അതെ ഞാൻ അച്യുതാനന്ദൻ സ്വാമിയാണെന്നായിരുന്നു. കേട്ടു നിന്ന മലയാളി സുഹൃത്തുക്കൾക്ക് അന്ന് മുഴുവൻ പറഞ്ഞു ചിരിക്കാനുള്ള വകയായിരുന്നു അത്.
11 ദിവസത്തോളം അന്ന് യു.എ.ഇയിൽ താമസിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. വികസന പാതയിൽ കുതിക്കാൻ യു.എ.ഇയുടെ ഇന്ധനമായ തൊഴിലാളി വർഗത്തിന്റെ ജ്വലിക്കുന്ന നേതാവിന് ഹൃദ്യമായ സ്വീകരണമാണ് പ്രവാസി മലയാളികൾ ഒരുക്കിയിരുന്നത്. ദുബൈ കൂടാതെ, ഷാർജയിലും അബൂദബിയിലും സന്ദർശനം നടത്തിയ അദ്ദേഹം തൊഴിലാളി സമൂഹത്തെ അടുത്തറിയാൻ പ്രത്യേക താൽപര്യമെടുത്തിരുന്നു.
11 ദിവസവും താമസം ഇടത് സഹയാത്രികനായ ബാബുജിയുടെ വീട്ടിലായിരുന്നു. പ്രവാസ ലോകത്താണെങ്കിലും ദിനചര്യകൾ കൃത്യമായി പാലിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി മോഹനൻ പറഞ്ഞു. നാട്ടിൽ കഴിക്കുന്ന അതേ ഭക്ഷണക്രമം തന്നെയായിരുന്നു ഇവിടെയും. രാവിലത്തെ യോഗയും വൈകുന്നേരത്തെ നടത്തവും ദുബൈയിലും അദ്ദേഹം തുടർന്നു.
ബാബുജിയുടെ കുട്ടികൾക്ക് നാട്ടിൽ നിന്നുവന്ന അപ്പൂപ്പനായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിന്റെ മുക്കാൽ പങ്കും അവകാശപ്പെടാൻ അർഹതയുള്ള മലയാളി പ്രവാസികൾക്ക് വി.എസിന്റെ വിയോഗം തീരാനഷ്ടമാണെന്നും മോഹനൻ പറയുന്നു. സമരനായകന്റെ ജ്വലിക്കുന്ന ഓർമയിൽ മനസ്സിൽ പുഷ്പാർച്ചന നടത്തുകയാണ് പ്രവാസ ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

