കോവിഡ് കാലത്തെ ‘ജിന്നി’െൻറ യാത്രകൾ
text_fieldsഷാർജ: കോവിഡ് ഭീതി ലോകമാകെ പടർന്നുപിടിക്കുന്ന കാലത്താണ് തൃശൂർ കിരാലൂർ സ്വദേശി അ ഷ്റഫ് യു.എ.ഇയിൽനിന്ന് ന്യൂസിലൻഡിലേക്ക് യാത്ര തിരിച്ചത്. നാൽപതോളം രാജ്യങ്ങൾ കറങ് ങിയ അനുഭവസമ്പത്തും പ്രകൃതിയോട് അലിഞ്ഞുചേരാനുള്ള അഭിനിവേശവുമായിരുന്നു യാത്രയിലെ കൂട്ടുകാർ.
ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലേക്കായിരുന്നു വിമാനയാത്ര. അവിടെനിന്ന് ബൈക്ക് വാടകക്കെടുത്ത് തുടങ്ങിയ കറക്കം കാർഷിക - ക്ഷീര മേഖലകളും പുൽമേടുകളും പൂന്തോപ്പുകളും പാലരുവികളും പിന്നിട്ട് ടാസ്മാനിയൻ തീരമേഖലകൾ കടന്നപ്പോൾ പത്തു ദിനരാത്രങ്ങൾ പിന്നിട്ടിരുന്നു. ഇതിനകം യാത്ര ചെയ്തത് 2030 കിലോമീറ്റർ.
ശുചിത്വ മാനദണ്ഡങ്ങളിൽ തെല്ലും ഇളവ് നൽകാത്ത ന്യൂസിലൻഡ് യാത്രക്കാരുടെ പാദരക്ഷകൾ വരെ പരിശോധിക്കും. ചളിയോ മണ്ണോ വല്ലതും ഉണ്ടെങ്കിൽ ശാസ്ത്രമീയമായി നീക്കം ചെയ്യും. പുറത്തു നിന്നുള്ള ഭക്ഷണ സാധനങ്ങൾ അടുപ്പിക്കില്ല. കളവു പറഞ്ഞ് വല്ലതും കൊണ്ടുപോകാൻ ശ്രമിക്കുകയും പരിശോധന വേളയിൽ പിടിക്കപ്പെടുകയും ചെയ്താൽ 800 ദിർഹമിന് തുല്യമായ ഡോളർ പിഴയായി നൽകണം. തോട്ടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും നിബന്ധനകളുണ്ട്. ദ്വീപുകളുടെ സംരക്ഷണത്തിന് പ്രഥമ പ്രാധാന്യം നൽകുന്നവരാണ് കിവികൾ. അടുത്ത തലമുറക്കായി പ്രകൃതിയെ അവർ നെഞ്ചോട് ചേർത്തുപിടിക്കുന്നുവെന്നതിന് നിരവധി തെളിവുകൾ മുന്നിലെത്തിയതായി അഷ്റഫ് പറഞ്ഞു.
യാത്രയിലെ ക്ഷീണമകറ്റാൻ കൂടാരം കെട്ടുമ്പോൾ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാനെത്തിയവർ നിരവധി. പ്രധാനമന്ത്രി ജസിന്ത ആർഡെൻറ നാട്ടിലെ ആതിഥ്യമര്യാദയിൽ മനസ്സും പ്രകൃതി സുരഭില കാഴ്ചയിൽ ഹൃദയവും നിറഞ്ഞു തുളുമ്പി. പത്തു ദിവസത്തെ യാത്ര പിന്നിട്ടപ്പോഴാണ് കോവിഡ് -19 ഭീതിയിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ യാത്ര വിലക്ക് ഏർപ്പെടുത്തുന്നത് അറിയുന്നത്. ന്യൂസിലൻഡിൽ കറങ്ങി പൂതി തീരാത്ത സമയത്താണ് കോവിഡ് അവിടെയുമെത്തുന്നത്. അന്നവിടെ ആറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്, അതും വിദേശത്തുനിന്ന് അവധിക്കെത്തിയവർക്കായിരുന്നു. ഒരു വർഷത്തെ ആസ്ട്രേലിയൻ വിസ കൈയിലുണ്ടായിരുന്നതിനാൽ അങ്ങോട്ട് പോകാൻ തിരുമാനിച്ചു. സിഡ്നിയിൽ വിമാനം എത്തിയപ്പോൾ അവിടെ കോവിഡ് ഭീതി പടർന്നിരുന്നു. ഒരു മണിക്കൂർ വിമാനം ഹാങ്കറിൽ പിടിച്ചിട്ടു. യാത്രക്കാർക്കെല്ലാം സുരക്ഷ മാനദണ്ഡങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണംചെയ്തു.
സന്ദർശക വിസയിലുള്ളവർക്ക് ഇറങ്ങാൻ അനുമതി ഉണ്ടായിരുന്നെങ്കിലും 14 ദിവസം ക്വാറൈൻറനിൽ കഴിയണമെന്ന നിബന്ധന വെച്ചിരുന്നു. യു.എ.ഇയിലേക്ക് തിരിച്ചുചെന്ന് കുടുംബത്തോടൊപ്പം ചേരാമെന്ന് മനസ്സ് പറഞ്ഞപ്പോൾ എതിരുനിന്നില്ല.ദുബൈ വിമാനത്താവളത്തിൽ 19ന് രാവിലെയാണ് എത്തിയത്. ഒരു മണിക്കൂർ ഹാങ്കറിൽ വിമാനം പിടിച്ചിട്ടെങ്കിലും പുറത്തിറങ്ങാൻ പ്രയാസം ഉണ്ടായില്ല. കങ്കാരുവിെൻറ നാട്ടിലൂടെ കറങ്ങണമെന്ന മോഹത്തിന് തടസ്സംനിന്ന കോവിഡ് അധികം വൈകാതെ രംഗം വിടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അഷ്റഫ്. ഗൾഫിലെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് ഇദ്ദേഹം. റഷീദ് പാറക്കൽ സംവിധാനം ചെയ്ത സമീർ എന്ന സിനിമയിലെ ‘ജിന്ന്’ വേഷം ശ്രദ്ധിക്കപ്പെട്ടു. കുടുംബ സമേതം ഷാർജയിലാണ് താമസം. ഭാര്യ: ഷിംസി. മക്കൾ: ആമിന, അമീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
