ലോകത്തെ ഏറ്റവും ഉയരം കൂടിയ വെൽനസ് റിസോർട്ട് ദുബൈയിൽ
text_fields‘ഥീറം ദുബൈ’ പദ്ധതിയുടെ രൂപരേഖ കാണുന്ന ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം
ദുബൈ: നഗരത്തിൽ 200 കോടി ദിർഹം ചെലവിൽ വെൽബീയിങ് റിസോർട്ടും ഉദ്യാനവും നിർമിക്കുന്നതിന് പദ്ധതി പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
‘ഥീറം ദുബൈ’ എന്നുപേരിട്ട പദ്ധതി സഅബീൽ പാർക്കിൽ 2028ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ വെൽനസ് സെന്ററായിരിക്കുമിത്.
100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സെന്ററിൽ ഒരു പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഉൾപ്പെടും. ഇവിടെ പ്രതിവർഷം 17 ലക്ഷം സന്ദർശകരെ ഉൾക്കൊള്ളാനുള്ള സംവിധാനങ്ങളുമുണ്ടാകും.
ശൈഖ് ഹംദാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ‘ക്വാളിറ്റി ഓഫ് ലൈഫ്’ പദ്ധതിയുടെ ഭാഗമായാണ് ‘ഥീറം ദുബൈ’ നടപ്പാക്കുന്നത്. ലോകത്തെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമെന്ന ലക്ഷ്യത്തിലേക്ക് സഹായിക്കുന്നതാണ് പദ്ധതിയെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. നഗര ജൈവവൈവിധ്യവും പരിസ്ഥിതി സുസ്ഥിരതയും വർധിപ്പിക്കുന്നതിനും ദുബൈ നിവാസികൾക്കും സന്ദർശകർക്കും സമ്പന്നമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനും നൂതന പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിഷേലിൻ-സ്റ്റാർ റസ്റ്റാറന്റ്, 18 മീറ്റർ ഉയരമുള്ള മൂന്ന് വെള്ളച്ചാട്ടങ്ങൾ, 4500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഇൻഡോർ, ടെറസ് പൂളുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. വലിയ കളിസ്ഥലത്ത് 15 വാട്ടർ സ്ലൈഡുകളും വൈവിധ്യമാർന്ന കലാ ഇൻസ്റ്റാലേഷനുകളും നിർമിക്കും. ജലശുദ്ധീകരണം, ചൂടാക്കൽ, തണുപ്പിക്കൽ എന്നിവക്കായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.
റിസോർട്ട് അതിന്റെ തെർമൽ പൂളുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ 90 ശതമാനവും പുനരുപയോഗിക്കും. ശുദ്ധവായു, കൂളിങ് എന്നിവക്ക് ആവശ്യമായ 80 ശതമാനം ഊർജവും ശുദ്ധോർജ സ്രോതസ്സുകളിലൂടെയാണ് നിറവേറ്റുക എന്നതും മറ്റൊരു സവിശേഷതയാണ്.
പദ്ധതിയെ മൂന്ന് പ്രധാന മേഖലകളായി വിഭജിച്ചിട്ടുണ്ട്. കളിസ്ഥലം, വിശ്രമമേഖല, റിസ്റ്റോർ സോൺ എന്നിങ്ങനെയാണിത്. കുടുംബങ്ങൾക്ക് അനുയോജ്യമായ രീതിയിലാകും പ്ലേ സോൺ. മുതിർന്നവർക്ക് അനുയോജ്യമായതായിരിക്കും വിശ്രമ മേഖല. സ്റ്റീം റൂമുകൾ, മിനറൽ ട്രീറ്റ്മെന്റ് ബാത്ത് എന്നിവ ഉൾപ്പെടുന്നതായിരിക്കും റിസ്റ്റോർ സോൺ. ന്യൂയോർക്കിലെ സാംസ്കാരിക കേന്ദ്രമായ ‘ദ ഷെഡ്’, ഷികാഗോ യൂനിവേഴ്സിറ്റി കെട്ടിടം തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികൾക്ക് മുമ്പ് മേൽനോട്ടം വഹിച്ച ആഗോള വാസ്തുവിദ്യ കമ്പനിയായ ഡി.എസ്+ആർ(ഡില്ലർ സ്കോഫിഡിയോ + റെൻഫ്രോ) ആണ് പദ്ധതി രൂപകൽപന ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.