ലോകത്തിലെ ഏറ്റവും വലിയ കാൻവാസ്: ലക്ഷ്യമിടുന്നത് 110 ദശലക്ഷം ദിർഹമിെൻറ ചാരിറ്റി
text_fieldsസച്ച ജഫ്രി ഒരുക്കിയ കാൻവാസ്
ദുബൈ: ദുബൈയിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ കാൻവാസ് വഴി ലക്ഷ്യമിടുന്നത് 110 ദശലക്ഷം ദിർഹമിെൻറ ചാരിറ്റി പ്രവർത്തനങ്ങൾ. ദുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്രിട്ടീഷ് കലാകാരനായ സച്ച ജഫ്രിയാണ് 17,000 ചതുരശ്ര അടിയിൽ ചിത്രവിസ്മയം തീർത്തിരിക്കുന്നത്. ഫെബ്രുവരി 25നാണ് പ്രകാശനം. ഇതിനകം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരുന്നു.
കോവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായാണ് ഇതിൽനിന്ന് ലഭിക്കുന്ന തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ഈ വർഷം നടക്കുന്ന നാല് ലേലങ്ങളിലായാണ് കാൻവാസിെൻറ വിവിധ ഭാഗങ്ങൾ ലേലത്തിൽവെക്കുന്നത്. യുനിസെഫ്, ദുബൈ കെയർ, യുനസ്കോ, േഗ്ലാബൽ ഗിഫ്റ്റ് ഫൗണ്ടേഷൻ, യു.എ.ഇ സഹിഷ്ണുത മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ചേർന്നാണ് ചാരിറ്റി പ്രവർത്തനം നടത്തുന്നത്. ആരോഗ്യം, ഡിജിറ്റൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സഹായം എത്തിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് സെലിബ്രിറ്റികൾ ഇതിെൻറ ഭാഗമാവും.
അറ്റ്ലാൻറിസിലെ മുറിയിലാണ് കാൻവാസ് ഒരുങ്ങിയിരിക്കുന്നത്. 28 ആഴ്ചയെടുത്തു കാൻവാസ് പൂർത്തീകരിക്കാൻ. ദിവസവും 20 മണിക്കൂർ ഈ ചിത്രത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് ജഫ്രി പറയുന്നു. 1065 ബ്രഷുകളും 6300 ലിറ്റർ പെയിൻറും ഇതിനായി ഉപയോഗിച്ചു. ദ ജേണി ഓഫ് ഹ്യുമാനിറ്റി എന്ന് പേരിട്ടിരിക്കുന്ന കാൻവാസിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഓൺലൈനായി അയച്ചുനൽകുന്ന പെയിൻറിങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തെ ഐസൊലേഷൻ, ബന്ധങ്ങൾ, അകൽച്ച എന്നിവയെല്ലാം വരയിൽ തീമായി വരുന്നു. കോവിഡ് കാലത്ത് ക്രിയാത്മകമായി എന്ത് ചെയ്യാം എന്ന ചിന്തയിൽനിന്നാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

