ലോകത്തെ ഏറ്റവും വലിയ എ.ഐ ചിപ്പ് പുറത്തിറക്കി
text_fieldsലോക സർക്കാർ ഉച്ചകോടി 2026യുടെ സദസ്സ്
ദുബൈ: ലോകത്തെ ഏറ്റവും വലിയ എ.ഐ ചിപ്പ് പുറത്തിറക്കി ചരിത്രംകുറിച്ച് യു.എ.ഇ. ലോക സർക്കാർ ഉച്ചകോടി 2026 വേദിയിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് ഏറ്റവും വലിയ നിർമിതബുദ്ധി(എ.ഐ) ചിപ്പ് അവതരിപ്പിച്ചത്.
അബൂദബി ആസ്ഥാനമായ ജി42ന് കീഴിലുള്ള സ്റ്റാർഗേറ്റാണ് ചിപ്പ് വികസിപ്പിച്ചത്. ഡേറ്റ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുനൽകുന്ന രാജ്യമായതിനാലാണ് ആഗോള തലത്തിൽ യു.എ.ഇക്ക് എ.ഐ രംഗത്ത് നിർണായക പങ്കുവഹിക്കാനാകുന്നതെന്ന് ശൈഖ് സൈഫ് ബിൻ സായിദ് പറഞ്ഞു.
ഒരൊറ്റ വേഫറിൽ 4 ട്രില്യൺ ട്രാൻസിസ്റ്ററുകൾ അടങ്ങിയ അത്യാധുനിക ചിപ്പ്, നിലവിലുള്ള ഏറ്റവും വലിയ ജി.പി.യു ചിപ്പുകളേക്കാൾ ഏകദേശം 40 മടങ്ങ് അധിക ശേഷിയുള്ളതാണെന്ന് ജി42 ഗ്രൂപ് സി.ഇ.ഒ പെങ് ഷിയാവോ വ്യക്തമാക്കി. എ.ഐ ഡേറ്റ സെന്റർ ക്ലസ്റ്ററായ സ്റ്റാർഗേറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ നിർമിക്കപ്പെടുന്ന എ.ഐ ഡേറ്റ സെന്റർ പദ്ധതികളിലൊന്നാണെന്നും ഈ വേനൽക്കാലത്തോടെ ഓരോ ക്വാർട്ടറിലും 200 മുതൽ 500 മെഗാവാട്ട് വരെ അധിക എ.ഐ ശേഷി യു.എ.ഇക്ക് സൃഷ്ടിക്കാനാകുമെന്നും ഷിയാവോ അറിയിച്ചു.
അത്യാധുനിക അണ്ടർസീ കേബിൾ നെറ്റ്വർക്കുകൾ വഴി സിംഗപ്പൂർ മുതൽ മിലാൻ വരെ ഏകദേശം 400കോടി ജനങ്ങളെ 100 മില്ലിസെക്കൻഡിനുള്ളിൽ എ.ഐ സേവനങ്ങളുമായി ബന്ധിപ്പിക്കാൻ യു.എ.ഇക്ക് കഴിയും. തദ്ദേശീയ എ.ഐ മോഡലുകളായ ‘കെ2 തിങ്ക്’ ഉൾപ്പെടെ ഉപയോഗിച്ച് പ്രതിദിനം 100 ട്രില്യൺ ടോക്കൺസ് ഉൽപാദിപ്പിക്കുന്ന ‘എ.ഐ ഫാക്ടറി’യായി മാറുകയാണ് രാജ്യത്തിന്റെ ലക്ഷ്യം.
എണ്ണക്കുപകരം ബുദ്ധിയുടെ ഉൽപാദന കേന്ദ്രമായി യു.എ.ഇയെ മാറ്റുകയാണ് രാജ്യത്തിന്റെ ദീർഘകാല ദർശനമെന്നും ലോക സർക്കാർ ഉച്ചകോടിയിലെ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

