ലോക വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsദുബൈ: ലോക വീൽചെയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിന് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാനും നിശ്ചയദാർഢ്യ വിഭാഗത്തിന്റെ അവകാശ സംരക്ഷണ ഉന്നതതല സമിതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വീൽചെയർ ബാസ്കറ്റ്ബാൾ ഫെഡറേഷന്റെ (ഐ.ഡബ്ല്യു.ബി.എഫ്) ആഭിമുഖ്യത്തിൽ ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ലോക വീൽചെയർ ചാമ്പ്യൻഷിപ് നടക്കുന്നത്. ജൂൺ ഒമ്പതുമുതൽ 20 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 28 ടീമുകളിലായി 350 പുരുഷ, വനിത താരങ്ങളാണ് മാറ്റുരക്കുന്നത്. 16 പുരുഷ ടീമുകളും 12 വനിത ടീമുകളും ഇതിൽ ഉൾപ്പെടും. വിവിധ ഭൂഖണ്ഡങ്ങളിൽ നടന്ന യോഗ്യത മത്സരങ്ങളിൽനിന്നാണ് 16 പുരുഷ ടീമുകളെയും 12 വനിത ടീമുകളെയും തെരഞ്ഞെടുത്തത്.
യു.എ.ഇയെ കൂടാതെ ആസ്ട്രേലിയ, ബ്രസീൽ, ഇറ്റലി, തായ്ലൻഡ്, ഈജിപ്ത്, കാനഡ, ജർമനി, ഫ്രാൻസ്, ദക്ഷിണ കൊറിയ, അർജന്റീന, നെതർലന്റ്, ഇംഗ്ലണ്ട്, ഇറാൻ, ഇറാഖ്, യു.എസ്, അൾജീരിയ, ജപ്പാൻ, ചൈന, സ്പെയ്ൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിനായി അണിനിരക്കുന്നത്. 2024ൽ പാരിസിൽ നടക്കുന്ന പാരലിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കാനുള്ള യോഗ്യതമത്സരം എന്ന നിലയിൽ ദുബൈയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന് ഏറെ പ്രാധാന്യമുണ്ട്.
പാരസ്പോർട്സ് ഇവന്റുകൾ സംഘടിപ്പിക്കുന്നതിൽ ദുബൈയുടെ ആത്മാർഥതയാണ് ലോക വീൽചെയർ ചാമ്പ്യൻഷിപ്പിന് ദുബൈ വേദിയാവുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. അടുത്ത സീസണിലേക്കുള്ള ഫെഡറേഷന്റെ അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനായി ചാമ്പ്യഷിപ്പിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി ഐ.ഡബ്ല്യു.ബി.എഫിന്റെ സമ്മേളനവും ദുബൈയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

