ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം ഇന്നു മുതൽ
text_fieldsലോക വ്യാപാര സംഘടനയെക്കുറിച്ച പാർലമെൻററി കോൺഫറൻസിൽ യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ് സംസാരിക്കുന്നു
അബൂദബി: ആഗോളകാലാവസ്ഥ ഉച്ചകോടി(കോപ്28)ക്ക് ശേഷം യു.എ.ഇ ആതിഥ്യമരുളുന്ന ലോക വ്യാപാരസംഘടന(ഡബ്ല്യു.ടി.ഒ)യുടെ 13ാമത് മന്ത്രിതല സമ്മേളനത്തിന് തിങ്കളാഴ്ച അബൂദബിയിൽ തുടക്കമാകും. ആഗോള തലത്തിൽ വ്യാപാര രംഗം നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന വേദിയെന്ന നിലയിൽ രാജ്യാന്തര തലത്തിൽ വളരെ പ്രാധാന്യപൂർവമാണ് സമ്മേളനം വീക്ഷിക്കപ്പെടുന്നത്. ലോക വ്യാപാര സംഘടനയുടെ ഉന്നത തീരുമാനങ്ങൾ രൂപപ്പെടുന്ന വേദി കൂടിയാണ് മന്ത്രിതല സമ്മേളനം. സംഘടനയുടെ 166 അംഗരാജ്യങ്ങളിലെ 7,000 മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളുമാണ് അബൂദബിയിൽ നടക്കുന്ന പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.
29നാണ് സമ്മേളനം സമാപിക്കുന്നത്.സുപ്രധാന വ്യാപാര പ്രശ്നങ്ങളെക്കുറിച്ചുള്ള നിർണായക ചർച്ചകളും ആഗോള വ്യാപാരവ്യവസ്ഥയുടെ നിയമങ്ങൾ എങ്ങനെ മെച്ചപ്പെടുത്താമെന്നും നവീകരിക്കാമെന്നുമുള്ള ചർച്ചകളും യോഗത്തിൽ നടക്കും.സമ്മേളനത്തിന് മുന്നോടിയായി ലോകവ്യാപാര സംഘടനയുടെ വിവിധ സംരംഭങ്ങളെ പിന്തുണക്കുന്നതിന് ഒരു കോടി ഡോളറിന്റെ സഹായം യു.എ.ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലോകവ്യാപാര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടെയും പ്രതിനിധികൾ സഹകരണ മനോഭാവം പ്രകടിപ്പിക്കണമെന്നും, എല്ലാവരുടെയും പ്രയോജനത്തിനായി ക്രിയാത്മകവും അർഥവത്തായതുമായ ചർച്ചകളിൽ ഏർപ്പെടണമെന്നും യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സമ്മേളനത്തിന് മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു.
സമ്മേളനത്തിന് മുന്നോടിയായി ലോക വ്യാപാര സംഘടനയെക്കുറിച്ച പാർലമെൻററി കോൺഫറൻസിന് അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ ഞായറാഴ്ച വേദിയായി. യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ് ഉദ്ഘാടനം ചെയ്തു. വിദേശ വ്യാപാര സഹമന്ത്രിയും 13ാമത് മന്ത്രിതല സമ്മേളനത്തിന്റെ ചെയർമാനുമായ ഡോ. ഥാനി ബിൻ അഹമ്മദ് അൽ സയൂദി, നിരവധി മന്ത്രിമാർ, 300 പാർലമെന്റേറിയൻമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

