വേൾഡ് ഹെൽത്ത് എക്സ്പോക്ക് ഇന്ന് തുടക്കം
text_fieldsദുബൈ: ആരോഗ്യ സംരക്ഷണ രംഗത്തെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന വേൾഡ് ഹെൽത്ത് എക്സ്പോ 2026 ഫെബ്രുവരി ഒമ്പതിന് ദുബൈയിൽ തുടക്കമാകും. അറബ് ഹെൽത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന എക്സിബിഷൻ ദുബൈ വേൾഡ് ട്രേഡ് സെന്ററിലും എക്സിബിഷൻ സെന്ററിലുമായാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
മെഡിക്കൽ സാങ്കേതിക വിദ്യ, ഡിജിറ്റൽ ആരോഗ്യം, വെൽനസ്, ശസ്ത്രക്രിയാ നവീകരണങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷൻ ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെയും പ്രദർശകരേയും ഒന്നിപ്പിക്കുന്ന വേദി കൂടിയാണ്. ദുബൈ വേൾഡ് ട്രേഡ് സെന്ററിന് പുറത്ത് ആദ്യമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആരോഗ്യ സംരക്ഷണ രംഗത്തെ പുതിയ രീതികളും മാറ്റങ്ങളും വിവരിക്കുന്ന പ്രദർശനത്തിൽ ആറ് സമ്മേളനങ്ങൾ, നാല് ബൂട്ട് ക്യാമ്പുകൾ എന്നിവയും അരങ്ങേറും. നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകമെമ്പാടുമുള്ള 4300 പ്രദർശകരും 2,35,000 ആരോഗ്യ പ്രഫഷനലുകളും പങ്കെടുക്കും.
ദുബൈ എക്സിബിഷൻ സെന്ററിൽ 11,343 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശന നഗരി സജ്ജമാക്കിയിട്ടുള്ളത്. എക്സ്പോ സിറ്റി കൂടി ചേരുമ്പോൾ മൊത്തം 74,402 ചതുരശ്ര മീറ്ററിലാണ് മേള സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം നടന്ന 50ാമത് എഡിഷൻ വൻ വിജയമായതിന് പിന്നാലെയാണ് കൂടുതൽ പ്രദർശകരെ ഉൾക്കൊള്ളാനായി വേദി എക്സ്പോ സിറ്റിയിലേക്ക് കൂടി വിപുലീകരിച്ചതെന്ന് എക്സ്പോ സിറ്റി ദുബൈ ചീഫ് സെയിൽസ് ആൻഡ് മാർകോംസ് ഓഫിസർ ഷോൾട്ടോ ഡഗ്ലസ് ഹോം പറഞ്ഞു.
സുസ്ഥിരത ലക്ഷ്യങ്ങൾക്ക് അനുസൃതമായി മാലിന്യങ്ങൾ പരമാവധി കുറക്കാനും ഇത്തവണ ലോക ആരോഗ്യ എക്സ്പോ ലക്ഷ്യമിടുന്നു. ഏതാണ്ട് 2.7 ലക്ഷം പ്രഫഷനലുകൾ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി 12നാണ് സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

