ലോക സന്തോഷ ദിനം: 303 തൊഴിലാളികൾക്ക് ജി.ഡി.ആർ.എഫ്.എയുടെ ധനസഹായം
text_fieldsധനസഹായം സ്വീകരിച്ച തൊഴിലാളികൾ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർക്കൊപ്പം
ദുബൈ: ലോക സന്തോഷ ദിനത്തിൽ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു. പ്രവാസി തൊഴിലാളികളായ 303 പേർക്കാണ് 500 ദിർഹം വീതം സമ്മാനമായി നൽകിയത്.
ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർരി, അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. തൊഴിലാളികളുടെ കഠിനാധ്വാനത്തെയും ആത്മാർഥതയെയും അംഗീകരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി, ജീവനക്കാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പ്രോത്സാഹനപരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കൂടാതെ, വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾ മാതൃഭാഷകളിൽ സന്തോഷ ദിനാശംസകൾ നേർന്നു. മലയാളം, ഉർദു, നേപ്പാളി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായിരുന്നു ആശംസകൾ. സമൂഹത്തിലെ അംഗങ്ങൾക്ക് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഞങ്ങളുടെ സന്തോഷം നിങ്ങളുടേതിൽനിന്ന് വരുന്നു’ എന്ന പേരിൽ ജി.ഡി.ആർ.എഫ്.എ ഒരു ഡിജിറ്റൽ സംരംഭവും ആരംഭിച്ചു.
100 വാക്കുകളിൽ താഴെയുള്ള കഥകളോ അനുഭവങ്ങളോ പങ്കുവെക്കുന്നവർക്ക് പ്രത്യേക സമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരവും നൽകി. ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമാകാനുള്ള ദുബൈയുടെ നയപരമായ ലക്ഷ്യങ്ങളുമായി ഒത്തുചേർന്നാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

