ഭാവി ലോകം ചർച്ചയാക്കി ലോക സർക്കാർ ഉച്ചകോടി
text_fieldsയു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ലോക സർക്കാർ ഉച്ചകോടി വേദി സന്ദർശിക്കുന്നു
ദുബൈ: ഭാവി ലോകത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചർച്ചയാക്കി ദുബൈയിൽ പുരോഗമിക്കുന്ന ലോക സർക്കാർ ഉച്ചകോടി.
ഉച്ചകോടിയുടെ രണ്ടാം ദിനമായ ബുധനാഴ്ച വിദേശരാജ്യങ്ങളിലെയും യു.എ.ഇയിലെയും ഉന്നത രാഷ്ട്ര നേതാക്കളും നയതന്ത്രജ്ഞരും വേദിയിലെത്തി.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉച്ചകോടിയുടെ വേദിയിലെത്തുകയും വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും വേദിയിലെത്തി.
ലോകത്തെ പുതിയ സംഭവവികാസങ്ങളെ കുറിച്ച വിവിധ രംഗങ്ങളിലുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾക്കും ബുധനാഴ്ച ഉച്ചകോടി സാക്ഷ്യംവഹിച്ചു. അടുത്ത 10 വർഷത്തിനകം ചാന്ദ്ര ഉപരിതലത്തിൽ ഇമാറാത്തി ബഹിരാകാശ സഞ്ചാരിയെ അയക്കുന്നതിന് ലക്ഷ്യമിടുന്നതായി ഒരു സെഷനിൽ സംസാരിച്ച മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സാലിം അൽ മർരി പറഞ്ഞു.
യു.എൻ അഭയാർഥി വകുപ്പ് ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി, ഇന്റർനാഷനൽ കമ്മിറ്റി ഫോർ ദ റെഡ് ട്രോസ് ഡയറക്ടർ ജനറൽ പിയറി ക്രഹാൻബുൾ, സിറിയൻ വിദേശകാര്യ മന്ത്രി അസ്അദ് അൽ ശിബാനി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബ്ദുൽ ഗൈഥ്, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, യു.എ.ഇ ഊർജ -അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി സുഹൈൽ അൽ മസ്റൂയി, യു.എസിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഉതൈബ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.
ചൊവ്വാഴ്ച കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെന്റ്സ് സമ്മിറ്റ് ഓർഗനൈസേഷന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമായത്.
‘ഭാവി സർക്കാറുകളെ രൂപപ്പെടുത്തൽ’ എന്ന തലക്കെട്ടിൽ നടക്കുന്ന ഉച്ചകോടി വ്യാഴാഴ്ച അവസാനിക്കും. ഉച്ചകോടിയുടെ 12ാമത് പതിപ്പിൽ സമ്മേളനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണ് ഇത്തവണയുള്ളത്.
ഉച്ചകോടിയിൽ 30ലധികം രാഷ്ട്രത്തലവന്മാരും, 80ലധികം അന്താരാഷ്ട്ര സംഘടനകളും, 140ലധികം സർക്കാർ പ്രതിനിധികളും, പ്രമുഖ ആഗോള വിദഗ്ധരുൾപ്പെടെ 6,000ത്തിലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
200ലധികം സെഷനുകളിൽ ലോകത്തെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന 21 ആഗോള ഫോറങ്ങൾ ഉൾപ്പെടും. 300ലധികം പ്രമുഖ വ്യക്തികൾ ഫോറങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. 30ലധികം മന്ത്രിതല യോഗങ്ങളിലും വട്ടമേശ സമ്മേളനങ്ങളിലും 400ലധികം മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

