പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് സമ്മേളനം നാളെ മുതൽ
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് സമ്മേളനം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്ന് വരെ മൂന്ന് ദിവസങ്ങളിലായി നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖ്ര് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും ലോകതലത്തില്‍ നേതൃത്വം നല്‍കുന്നവരും സമ്മേളിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി അറിയിച്ചു. റാക് അല്‍ മര്‍ജാന്‍ ഐലന്റ് മൂവ്ഇന്പിക്ക് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ നേരിട്ടും ഓണ്‍ലൈനിലും പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. രജിസ്ട്രേഷൻ ഓണ്‍ലൈൻ വഴി ചെയ്യാം.
ഇന്ത്യയുള്‍പ്പെടെ 29 രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മൂന്ന് ദിവസങ്ങളിലായി 96 പ്രഭാഷണങ്ങള്‍ നടക്കും. 156 പഠന റിപ്പോര്‍ട്ടുകളും അവതരിപ്പിക്കപ്പെടുന്ന സമ്മേളനത്തില്‍ ഈ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യും. പുതു അറിവുകളുടെ അവസരമെന്നതിലുപരി പ്രഫഷനല്‍ നെറ്റ്വർക്ക് വികസിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ആഗോള സമൂഹത്തെ ഒരുമിച്ച് നിര്ത്തുന്നതിനുംകൂടി ലക്ഷ്യമിടുന്ന സമ്മേളനത്തില്‍ സങ്കീര്‍ണമായ കേസുകളുടെ പരിഹാരത്തിനുതകുന്ന നൂതന ആശയങ്ങളും പ്രതീക്ഷിക്കപ്പെടുന്നതായി അധികൃതര്‍ അഭിപ്രായപ്പെട്ടു.

