ലോക സാമ്പത്തിക ഫോറം; യു.എ.ഇ സംഘത്തെ ശൈഖ ലത്തീഫ നയിക്കും
text_fieldsശൈഖ ലത്തീഫ ബിൻത് മുഹമ്മദ്
ദുബൈ: ലോക സാമ്പത്തിക ഫോറത്തിലെ യു.എ.ഇ സംഘത്തിന് നേതൃത്വം നൽകുന്നത് ദുബൈ കൾച്ചർ ചെയർപഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. സ്വിറ്റ്സർലൻഡിലെ ദാവോസിൽ തുടക്കമായ 55ാം ലോക സാമ്പത്തിക ഫോറത്തിന് യു.എ.ഇ.യിൽ നിന്ന് മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അൽ ഗർഗാവിയും സംഘത്തിലുണ്ട്.
വേൾഡ് ഇക്കണോമിക് ഫോറത്തിലെ പങ്കാളിത്തത്തിലൂടെ രാജ്യങ്ങൾ, ഗവൺമെൻറുകൾ, പ്രമുഖ കോർപ്പറേറ്റുകൾ, സ്വകാര്യ മേഖല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എന്നിവയുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സമീപനം യു.എ.ഇ തുടരുമെന്ന് മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു.
രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച, വിദേശ വ്യാപാരം വിപുലീകരിക്കൽ, ലാൻഡ്മാർക്ക് സംരംഭങ്ങളിലൂടെയും മെഗാ പദ്ധതികളിലൂടെയും ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം വികസിപ്പിക്കൽ എന്നിവയാണ് യു.എ.ഇയുടെ ഫോറത്തിലെ പ്രധാന തീമുകൾ. കൂടാതെ, ആരോഗ്യപരിചരണം, ഡിജിറ്റലൈസേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മറ്റ് നിർണായക മേഖലകൾ എന്നിവയിലും യു.എ.ഇ ഊന്നൽ നൽകും.
എഴുപതിൽപ്പരം രാഷ്ട്രനേതാക്കൾ ഉൾപ്പെടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ വിദഗ്ധർ, കമ്പനി മേധാവികളടക്കം മൂവായിരത്തിലധികം പേരാണ് അഞ്ച് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഗൗതം അദാനി, സലിൽ പരേഖ്, റിഷാദ് പ്രേംജി, എം.എ യൂസഫലി ഉൾപ്പെടെയുള്ള വ്യവസായ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ‘ബൗദ്ധിക യുഗത്തിനായുള്ള സഹകരണം’ എന്ന പ്രമേയത്തിൽ എ.ഐ സാങ്കേതിക മാറ്റങ്ങൾ, ഊർജ്ജ സഹകരണം, ഭൗമ-രാഷ്ട്രീയ വെല്ലുവിളികൾ എന്നിവ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

