കെ.എൽ 14 അബ്ദുല്ലകുഞ്ഞി ഫ്രം കാസർകോട്
text_fieldsഷാർജ: കാസർകോട് ജില്ലയിലെ തനിഗ്രാമമായ ചേറൂരിലെ കണ്ണത്തിൻമൂലയിൽ നിന്ന് ഇക്കുറിയും ഒരാൾ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ ആവേശം വിതറാനെത്തും. ഷാർജ രാജ്യാന്തര വിമാനതാവളത്തിലെ പർച്ചേഴ്സിങ് ഓഫീസർ അബ്ദുല്ല കുഞ്ഞിയാണ് ഇന്ന് റഷ്യയിലേക്ക് പുറപ്പെടുന്നത്. 2006 മുതൽ തുടങ്ങിയതാണ് ഈ നേരിട്ട് പോക്ക്. പണ്ടൊക്കെ ഇഷ്ട ടീമുകളുടെ ജഴ്സി അണിഞ്ഞായിരുന്നു വേദിയിൽ ആവേശം വിതച്ചിരുന്നത്. എന്നാൽ ഇത്തവണ അയാം കെ.എൽ 14 കാസർകോടിയൻ എന്ന് ഡിസൈൻ ചെയ്ത കുപ്പായവുമണിഞ്ഞായിരിക്കും അബ്ദുല്ല എത്തുക. സ്വന്തം ജില്ലയിലെ ഫുട്ബാൾ ഹരം ലോകമാകെ അറിയിക്കുക തന്നെയാണ് ലക്ഷ്യം. 2006ൽ ജർമനിയിൽ നിന്ന് തുടങ്ങിയ ഫുട്ബാൾ യാത്ര റഷ്യയിലെത്തുമ്പോൾ, അതിരുകളില്ലാത്ത സ്നേഹത്തിെൻറ വലിയൊരു സൗഹൃനിര തന്നെ കാത്ത് നിൽപ്പുണ്ട് അബ്ദുല്ലയെ. ഈ സുഹൃദ് ബന്ധവും കളികാണാനുള്ള ഉൗർജമാണ്. ഫിഫയുടെ നിയമ പ്രകാരം ഒരാൾക്ക് ഏഴ് കളികൾ കാണാനുള്ള ടിക്കറ്റാണ് ഓൺലൈൻ വഴി ലഭിക്കുക. ഇതിെൻറ കൂടെ നാല് ഗസ്റ്റ് ടിക്കറ്റും ലഭിക്കും.

ലോകമാകെ പരന്ന് കിടക്കുന്ന ഈ സുഹൃത്തുകൾ അവരുടെ അതിഥി പട്ടികയിൽ പേരുൾപ്പെടുത്തി അബ്ദുല്ലയെ ചേർത്ത് പിടിക്കുന്നു. അത് കൊണ്ട് ഓരോ ലോക കപ്പിലും 15ലേറെ കളികൾ കാണാൻ അബ്ദുല്ലക്കാവുന്നു. ഇത്തവണത്തെ ലോക കപ്പ് മത്സരങ്ങളിലെ രണ്ട് ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങൾ കാണാനുള്ള ടിക്കറ്റാണ് ഫിഫ വഴി ലഭിച്ചത്. ബാക്കിയുള്ള കളികാണാനുള്ള ടിക്കറ്റ് നൽകിയത് കൂട്ടുകാരാണ്. കുട്ടികാലത്ത് പന്ത്കളികാണാൻ ടെലിവിഷനുള്ള വീട് തേടി നടന്ന കണ്ണീർ കഥകൂടിയുണ്ട് ഈ ഫുട്ബാൾ യാത്രയിൽ കരുത്തായ്. അന്ന് ഗ്രാമത്തിൽ ടി.വിയുള്ള വീടുകൾ അപൂർവ്വം. ചില വീട്ടുകാർ കളികാണാൻ പോയാൽ ജനൽ തുറന്നിട്ട് കൊടുക്കും, ചിലർ കാലനക്കം കേട്ടാൽ ടി.വി ഓഫാക്കും. പിന്നീട് പഠിച്ച് നല്ല ജോലി സമ്പാദിച്ച് ഷാർജയിലെത്തിയപ്പോൾ ആദ്യം ചെയ്തത് വലിയ സ്ക്രീനുള്ള ടി.വി വാങ്ങി വീട്ടിൽ വരുന്നവർക്കും പോകുന്നവർക്കും കാണാനുള്ള സൗകര്യം ഒരുക്കലായിരുന്നു. അത് കൊണ്ടും ഫുട്ബാൾ പിരിശം തീരാതെയാണ് ലോക കപ്പ് ഫുട്ബാൾ മത്സരങ്ങൾ നേരിൽകാണാനിറങ്ങിയത്. ടീമുകളോടെല്ലാം മുഹബത്താണെങ്കിലും ഇഷ്ട്ട ടീം മനസിലുണ്ട്. അവർ ഇറങ്ങുന്ന ദിവസം കാസർകോടൻ ആവേശം കൂടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
