ലോകകപ്പ് യോഗ്യത: കച്ചമുറുക്കി യു.എ.ഇ
text_fieldsയു.എ.ഇ ഫുട്ബാൾ ടീം സബീൽ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്നു
ദുബൈ: ഖത്തർ ലോകകപ്പിലേക്ക് കണ്ണുനട്ട് യു.എ.ഇയുടെ പടയൊരുക്കം. അടുത്തമാസം നടക്കുന്ന യോഗ്യത മത്സരങ്ങളിൽ വിജയംകൊയ്ത് ഖത്തർ ടിക്കറ്റുറപ്പിക്കാൻ യു.എ.ഇ ഫുട്ബാൾ ടീം പരിശീലനം തുടങ്ങി.കോച്ച് ബെർട്ട് വാൻ മാർവികിെൻറ നേതൃത്വത്തിലാണ് ശനിയാഴ്ച മുതൽ ടീം പരിശീലനക്കളത്തിലിറങ്ങിയത്.
കടുത്ത പോരാട്ട ദിനങ്ങളാണ് യു.എ.ഇ ടീമിനെ കാത്തിരിക്കുന്നത്. നിലവിൽ ഗ്രൂപ് ജിയിൽ (ഏഷ്യ) നാലാം സ്ഥാനത്തുള്ള യു.എ.ഇക്ക് മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ യോഗ്യത കടമ്പ കടക്കാനാവൂ. ജൂൺ മൂന്ന് മുതൽ 15 വരെയുള്ള 13 ദിവസത്തിനിടെ നാല് മത്സരങ്ങളുണ്ട്. ദുബൈയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ മലേഷ്യയാണ് എതിരാളികൾ.
ഏഴിന് തായ്ലൻഡിെനയും 11ന് ഇൻഡോനേഷ്യയെയും 15ന് വിയറ്റ്നാമിനെയും നേരിടും. അഞ്ച് മത്സരത്തിൽ മൂന്നിലും ജയിച്ച വിയറ്റ്നാമാണ് പട്ടികയുടെ തലപ്പത്ത്. നാല് മത്സരത്തിൽ രണ്ട് ജയവും രണ്ട് തോൽവിയുമായി ആറ് പോയൻറാണ് യു.എ.ഇയുടെ സാമ്പാദ്യം.
നിലവിൽ നാലാം സ്ഥാനത്താണെങ്കിലും മറ്റ് ടീമുകളെ അപേക്ഷിച്ച് ഒരു മത്സരം കുറച്ചാണ് യു.എ.ഇ കളിച്ചിരിക്കുന്നത്. ഈ മത്സരംകൂടി ജയിച്ചാൽ രണ്ടാം സ്ഥാനത്തെത്താൻ കഴിയും. കഴിഞ്ഞവർഷം മത്സരങ്ങൾ നടക്കാത്തതിനാൽ ഒന്നരവർഷത്തിന് ശേഷമാണ് ടീം യോഗ്യത മത്സരത്തിൽ കളത്തിലിറങ്ങുന്നത്. എന്നാൽ, ഇതിനിടയിൽ സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മലേഷ്യക്കെതിരെയായിരുന്നു അവസാന യോഗ്യത റൗണ്ട് മത്സരം. യു.എ.ഇ 2- 1ന് ജയിച്ചു. അടുത്ത യോഗ്യത മത്സരങ്ങളെല്ലാം ദുബൈയിൽ നടക്കുന്നു എന്നത് യു.എ.ഇക്ക് ഹോം ഗ്രൗണ്ടിെൻറ ഗുണം ചെയ്യും.
കോവിഡിനെ തുടർന്ന് എല്ലാ മത്സരങ്ങളും ഏതെങ്കിലും ഒരു വേദിയിൽ നടത്താൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻസ് തീരുമാനിച്ചതോടെയാണ് യു.എ.ഇക്ക് നറുക്കുവീണത്.കോച്ച് വാൻ മാർവികിന് ഇത് രണ്ടാം ഊഴമാണ്. 34 അംഗ ടീമിൽനിന്ന് ആറു പേരെ ഒഴിവാക്കി 28 അംഗ ടീമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രസിഡൻഷ്യൽ കപ്പ് ഫൈനൽ നടക്കുന്നതിനാൽ ഷബാബ് അൽ അഹ്ലി, അൽ നാസർ, അൽ വഹ്ദാ ക്ലബ് ടീം അംഗങ്ങൾ അടുത്തയാഴ്ചയേ ടീമിനൊപ്പം ചേരൂ.യോഗ്യത മത്സരത്തിന് മുന്നോടിയായി മേയ് 24ന് യു.എ.ഇ ടീമും ജോർഡനുമായി അൽ വാസലിലെ സബീൽ സ്റ്റേഡിയത്തിൽ സൗഹൃദ മത്സരം കളിക്കുന്നുണ്ട്. സബീൽ സ്റ്റേഡിയം, അൽ മക്തൂം സ്റ്റേഡിയം എന്നിവിടങ്ങളിലാണ് യോഗ്യത മത്സരങ്ങൾ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

