ലോകകപ്പ് യോഗ്യത: യു.എ.ഇക്ക് കടുത്ത കടമ്പ
text_fieldsയു.എ.ഇ ക്രിക്കറ്റ് ടീം
ദുബൈ: ഇന്ത്യയിൽ ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കാനുള്ള യു.എ.ഇയുടെ സാധ്യത മങ്ങുന്നു. കഴിഞ്ഞ മത്സരങ്ങളിലെ തുടർപരാജയങ്ങൾക്കു പിന്നാലെ തിങ്കളാഴ്ച മുതൽ ലോകകപ്പ് യോഗ്യത േപ്ല ഓഫ് കളിക്കാനിറങ്ങുന്നുണ്ടെങ്കിലും സാധ്യത വിരളമാണെന്നാണ് വിലയിരുത്തൽ. അടുത്തിടെ നടന്ന ഭൂരിപക്ഷം മത്സരങ്ങളിലും യു.എ.ഇക്ക് വിജയിക്കാനായില്ല. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങിന്റെ പരിശീലനത്തിൽ കളത്തിലിറങ്ങിയ യു.എ.ഇ 27ൽ 20 മത്സരങ്ങളും തോറ്റിരുന്നു. ഇതോടെ, റോബിൻ സിങ്ങിന് പകരക്കാരനെ തേടുകയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്.
യു.എ.ഇയുടെ ഏകദിന സ്റ്റാറ്റസ് പോലും നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥയിലുമാണ്. പുതിയ നായകൻ മുഹമ്മദ് വസീമിന്റെ നേതൃത്വത്തിൽ അത്ഭുതങ്ങൾക്കായി കാത്തിരിക്കുകയാണ് ടീം.അടുത്ത 10 ദിവസം യു.എ.ഇ ക്രിക്കറ്റിന് നിർണായകമാണ്. ആറു ടീമുകൾ മത്സരിക്കുന്ന േപ്ല ഓഫിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവർക്ക് മാത്രമാണ് സിംബാബ്വെയിൽ നടക്കുന്ന അവസാന യോഗ്യത റൗണ്ടിലേക്ക് അവസരം ലഭിക്കുക. എന്നാൽ, സിംബാബ്വെയിലെ ഗ്ലോബൽ ക്വാളിഫയറിലേക്ക് യോഗ്യത നേടിയാലും 10 ടീമുകളുടെ ടൂർണമെന്റിൽനിന്ന് രണ്ടു പേർക്ക് മാത്രമാണ് ലോകകപ്പിന് അവസരം ലഭിക്കുക. ജൂൺ-ജൂലൈ മാസങ്ങളിലാണ് ഗ്ലോബൽ ക്വാളിഫയർ നടക്കുക.
തിങ്കളാഴ്ച ആദ്യ മത്സരത്തിൽ പാപ്വ ന്യൂഗിനിയെയാണ് യു.എ.ഇ നേരിടുന്നത്. യു.എസ്.എ, കാനഡ, നമീബിയ,ന്യൂജഴ്സി എന്നിവയാണ് ടൂർണമെന്റിൽ കളിക്കുന്ന മറ്റു ടീമുകൾ. ഈ ടീമുകളെല്ലാം പരസ്പരം ഏറ്റുമുട്ടും. ഒരു ടീമിന് അഞ്ചു കളിയുണ്ടാകും. നാലെണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ പട്ടികയുടെ തലപ്പത്തെത്താൻ കഴിയൂ. അടുത്തിടെ നടന്ന മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും ചില മത്സരങ്ങളിൽ അവസാന നിമിഷംവരെ പോരാടിയിരുന്നു. ഈ പോരാട്ടം ശക്തിപ്പെടുത്തി യോഗ്യത കടമ്പ കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം. ഏപ്രിൽ അഞ്ചു വരെയാണ് മത്സരം. നാളുകൾക്കുശേഷം മലയാളി താരങ്ങളൊന്നുമില്ലാതെയാണ് യു.എ.ഇ ടീം കളിക്കാനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

