ലോകകപ്പ് വിപണി സജീവം; പതാകക്കും ജഴ്സിക്കും ആളേറെ
text_fieldsദുബൈ ദേരയിൽ ലോകകപ്പ് വിപണിയിലെത്തിയ പന്തുകളുമായി കുട്ടികൾ
ദുബൈ: ഫുട്ബാൾ ലോകകപ്പിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിപണിയിലും ഉണർവ്. ലോകകപ്പിൽ മത്സരിക്കുന്ന 32രാജ്യങ്ങളുടെ പതാകയും പ്രമുഖ കളിക്കാരുടെ ചിത്രങ്ങളും പതിച്ച നിരവധി ഉൽപന്നങ്ങളാണ് വിപണിയിൽ എത്തിച്ചേർന്നിട്ടുള്ളത്. വിവിധ രാജ്യങ്ങളുടെ പതാകക്കും ജഴ്സിക്കുമാണ് കൂടുതൽ ആവശ്യക്കാരെന്ന് കടയുടമകൾ പറയുന്നു. പ്രധാനമായും ബ്രസീൽ, അർജന്റീന, പോർചുഗൽ, ജർമനി, ഫ്രാൻസ് തുടങ്ങിയ മുൻനിര രാജ്യങ്ങളുടെ തീമിലുള്ള വസ്തുക്കൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
പ്രവാസികളും സ്വദേശികളും ഒരുപോലെ കളിയാവേശത്തിന്റെ ഭാഗമാകാൻ ഇത്തരം വസ്തുക്കൾ തേടിയെത്തുന്നുണ്ട്. കളിക്കാരിൽ അർജന്റീനൻ താരം ലയണൽ മെസ്സിയുടെ ചിത്രങ്ങൾക്കും ജഴ്സിക്കുമാണ് കൂടുതൽ പേരെത്തുന്നത്. പതാകകളുടെ തീമിൽ ധാരാളം വസ്തുക്കൾ വിപണിയിലിറങ്ങിയിട്ടുണ്ട്.
തോരണങ്ങൾ, ടീഷർട്ടുകൾ, ഷാളുകൾ, കാർ ബോണറ്റ് കവറുകൾ, സൈഡ് മിറർ കവറുകൾ എന്നിവക്കാണ് ഇവയിൽ വാങ്ങാൻ ആളേറെയുള്ളത്. സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും ലോകകപ്പ് ഗിഫ്റ്റുകൾ പ്രത്യേകമായി സജ്ജീകരിച്ചാണ് ആരാധകരെ ആകർഷിക്കുന്നത്. ഖത്തർ ലോകകപ്പ് ലോഗോയും ട്രോഫിയുടെ ചിഹ്നവും പതിച്ച കപ്പ്, ഗ്ലാസുകൾ, പേനകൾ, തൂവാലകൾ, കീ ചെയിനുകൾ എന്നിവയെല്ലാം ഇത്തരത്തിൽ വിപണിയിലുണ്ട്.കുട്ടികളെ ആകർഷിക്കാനായി വിവിധ രാജ്യങ്ങളുടെ പതാകയുടെ നിറത്തിൽ ബാഗുകളും മറ്റും പുറത്തിറക്കിയിട്ടുണ്ട്.
ദുബൈ ഹാർബറിൽ ആദ്യമായി ഫിഫ ഫാൻ ഫെസ്റ്റിവൽ ഒരുക്കിയതിനാൽ ആഘോഷം കഴിഞ്ഞതവണത്തേക്കാൾ ഗംഭീരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 10,000 പേർക്ക് ഒരേസമയം കളി കാണാൻ ഇവിടെ സൗകര്യമുണ്ട്. തത്സമയ മത്സരത്തിനുപുറമെ അന്താരാഷ്ട്ര ഡി.ജെ, പ്രാദേശിക സംഗീതജ്ഞരുടെ പ്രകടനങ്ങൾ, വ്യത്യസ്തമായ ഭക്ഷണം, ഇതിഹാസ താരങ്ങളുടെ സാമീപ്യം എന്നിവയും ഇവിടെ ആസ്വദിക്കാനാവും. യു.എ.ഇയിലെ മറ്റു പ്രധാന ഫാൻ സോണുകളായ എക്സ്പോ സിറ്റി, ഡി.ഐ.എഫ്.സി, വോക്സ് സിനിമാസ്, ക്ലോ ബി.ബി.ക്യൂ റാസൽഖൈമ, അബൂദബി ഫാൻ സോൺ, ദുബൈ സ്പോർട്സ് സിറ്റി, ദുബൈ മീഡിയ സിറ്റി എന്നിവിടങ്ങളിലും ആഘോഷിക്കാനെത്തുന്നവരെല്ലാം പലതരം ഗിഫ്റ്റുകൾ സ്വന്തമാക്കും. ഇതോടെ വരും ദിവസങ്ങളിലും വിപണി കൂടുതൽ ഉണരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

