ലോകകപ്പ് ഫൈനൽ ഇന്ന്; ആവേശം, കാത്തിരിപ്പ്
text_fieldsദുബൈ: ലോകഫുട്ബാളിലെ പുതിയ രാജസംഘം ആരെന്ന് നിശ്ചയിക്കുന്ന കലാശപ്പോരിന് ന്യൂയോർക്കിൽ ഇന്ന് പന്തുരുളാണിരിക്കെ യു.എ.ഇയിലെ ഫുട്ബാൾ ആരാധകർ ആവേശത്തിന്റെ പരകോടിയിൽ. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രവാസികൾ ഒരുമിച്ചു താമസിക്കുന്ന യു.എ.ഇയിൽ, മഹാപോരാട്ടത്തിന് കൺപാർക്കാനുള്ള ഒരുക്കത്തിലാണ് കളിക്കമ്പക്കാർ. ലയണൽ മെസ്സിയുടെ നായകത്വത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന യൂറോ ജേതാക്കളായ സ്പെയിനുമായി മാറ്റുരക്കുമ്പോൾ തുല്യശക്തികളുടെ പോരാട്ടം അത്യാവേശകരമായി മാറുമെന്ന കണക്കുകൂട്ടലിലാണവർ.
മലയാളി ഫുട്ബാൾ പ്രേമികൾ വലിയൊരളവിൽ അർജന്‍റീനക്കൊപ്പമാണ്. തുടർച്ചയായ രണ്ടാം തവണയും തങ്ങളുടെ ഇഷ്ടടീം കപ്പ് നേടുന്നതിലേക്ക് കണ്ണുനട്ടിരിക്കുകയാണവർ. മലയാളികളിൽ സ്പെയിൻ ആരാധകർ എണ്ണത്തിൽ കുറവാണെങ്കിലും ബ്രസീൽ, പോർചുഗൽ, ഇംഗ്ലണ്ട്, ജർമനി, ഫ്രാൻസ് തുടങ്ങിയ ആരാധകക്കൂട്ടങ്ങൾ അർജന്‍റീനക്കെതിരെ ടൂർണമെന്‍റിന്‍റെ തുടക്കംമുതൽ നിലയുറപ്പിച്ചിട്ടുണ്ട്. പ്രവാസ ലോകത്തും ഈ ചേരിതിരിവ് ശക്തമാണ്. സ്പെയിൻ കപ്പടിക്കുന്നതിലുപരി അർജന്‍റീന കിരീടം നേടാതിരിക്കുകയാണ് തങ്ങളുടെ ആഗ്രഹമെന്ന് തിരുവമ്പാടി സ്വദേശിയും ബ്രസീൽ ആരാധകനുമായ കരീം തുറന്നുപറയുന്നു.
നാട്ടിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ സ്വന്തം ടീമിനായി ‘പോരിനിറങ്ങാനും’ ഫാൻ ഫൈറ്റിൽ ഏറെ സമയം ചെലവിടാനും പ്രവാസികൾ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തുന്നുണ്ട്. അർജന്‍റീനയുടെ ജയത്തിനായി കാത്തിരിക്കുന്ന മാനന്തവാടി സ്വദേശി ബഷീർ നാട്ടിലെ നിരവധി ഗ്രൂപ്പുകളിൽ കടുത്ത ‘പോരാട്ട’ത്തിലാണ് താനെന്ന് പറയുന്നു.
നാട്ടിൽ ഉയർന്നുപൊങ്ങിയ അസംഖ്യം കൂറ്റൻ ഫ്ലക്സുകളിൽ പ്രവാസികളുടെ പണത്തിന്‍റെ പങ്കും ഏറെയാണ്. ആരാധക അടിത്തറ ശക്തമായ അർജന്‍റീന ഫൈനലിലെത്തിയതോടെ യു.എ.ഇയിലും മലയാളികൾ ഫൈനലിനെ ആകാംക്ഷാപൂർവമാണ് ഉറ്റുനോക്കുന്നത്. ഇഷ്ട ടീം കപ്പടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള ഫുട്ബാൾ പ്രേമികൾ തങ്ങളുടെ കൂട്ടായ്മകളിൽ വീറുറ്റ പ്രവചന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിലെ ഓഫിസ് സൗഹൃദ കൂട്ടായ്മകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രവചന മത്സരങ്ങൾ സജീവമാണ്.
ഫൈനൽ മത്സരം ബിഗ് സ്ക്രീനുകളിൽ ആരാധകർക്ക് ഒന്നിച്ച് ആസ്വദിക്കുന്നതിനായി യു.എ.ഇയിലെ പ്രമുഖ മാളുകൾ, സ്പോർട്സ് ലോഞ്ചുകൾ, ഹോട്ടലുകൾ, ഫാൻ സോണുകൾ എന്നിവിടങ്ങളിലെല്ലാം വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബൈ, അബൂദബി, ഷാർജ തുടങ്ങിയ നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ കൂറ്റൻ എൽ.ഇ.ഡി സ്ക്രീനുകൾ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ഫാൻ സോണുകളിൽ ഫൈനലിന് നിരക്ക് ഏറെ ഉയർന്നത് സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാണ്.
നാളെ രാത്രി പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രവാസി വിപണിയിലും ലോകകപ്പ് ഓളം പ്രകടമാണ്. പ്രിയ ടീമുകളുടെ ജേഴ്സികൾക്കും സ്കാർഫുകൾക്കും ആവശ്യക്കാർ ഏറിയതോടെ സ്പോർട്സ് കടകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈജിപ്ത്, സിറിയ, മൊറോക്കോ, ജോർഡൻ തുടങ്ങിയ അറബ് നാടുകളിൽനിന്നുള്ള പ്രവാസികളും ഫൈനലിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

