എക്സ്പോയിലിരുന്ന് ലോകകപ്പ് കാണാം
text_fieldsഅൽ വസ്ൽ ഡോം
ദുബൈ: ഖത്തർ ലോകകപ്പ് കാണാൻ ദുബൈ എക്സ്പോ നഗരിയിലും അവസരം. ലോകകപ്പിന്റെ ഭാഗമായ ഫാൻ സിറ്റി എക്സ്പോ നഗരിയിലുമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. എക്സ്പോ സിറ്റിയിൽ ഫുട്ബാൾ ആരവങ്ങളുടെ അന്തരീക്ഷത്തിലായിരിക്കും ഫാൻ സിറ്റി ഒരുക്കുക. ടിക്കറ്റ് നിരക്ക് ഈടാക്കിയായിരിക്കും പ്രവേശനം.
എക്സ്പോ 2020 മഹാമേള നടന്നപ്പോൾ ലോകോത്തര സംഗീതമേളകൾ അരങ്ങേറിയ ജൂബിലി പാർക്കും അൽ വാസൽ ഡോമുമാണ് ഫാൻ സിറ്റിയായി മാറുക. ജൂബിലി പാർക്കിൽ ഭീമൻ സ്ക്രീൻ ഒരുക്കുന്നതിനു പുറമെ കാണികളുടെ ആരവവും കമന്ററിയും ആസ്വദിക്കാൻ മികച്ച ശബ്ദ സംവിധാനങ്ങളുമുണ്ടാകും. കളി കാണാൻ മാത്രമല്ല, വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.
ടേബ്ൾ ടോപ് ഗെയിംസ്, ഫുട് വോളി കോർട്ട്, പെനാൽറ്റി കിക്ക് മത്സരം, ഫേസ് പെയിന്റിങ്, ഡി.ജെ തുടങ്ങിയവ അരങ്ങേറും. 10,000 പേർക്ക് ഒരേ സമയം കളികാണാം. ബീൻ ബാഗിലിരുന്നും കളി ആസ്വദിക്കാം. വിഭവസമൃദ്ധവും വ്യത്യസ്തവുമായ ഭക്ഷണങ്ങളുമായി ഫുഡ് ട്രക്കുകളുമുണ്ടാകും. പ്രവൃത്തിദിനങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ പുലർച്ച 1.30 വരെയും വാരാന്ത്യങ്ങളിൽ ഉച്ചക്ക് 12 മുതൽ പുലർച്ച 1.30 വരെയും ജൂബിലി പാർക്ക് തുറന്നിരിക്കും.
എക്സ്പോയുടെ ഉദ്ഘാടന, സമാപന ചടങ്ങുകൾ നടന്ന അൽവാസൽ ഡോമിൽ 2500 പേർക്ക് കളി കാണാൻ കഴിയും. നാല് കൂറ്റൻ സ്ക്രീനുകളാണ് അൽവാസലിൽ കളി ആസ്വാദകർക്കായി ഒരുക്കുക. ഡിസംബർ മൂന്നു മുതലുള്ള മത്സരങ്ങളായിരിക്കും അൽവാസലിൽ കാണാൻ കഴിയുക. മത്സരത്തിന്റെ ഗ്രാഫിക്സുകൾ താഴികക്കുടങ്ങളിൽ മിന്നിമറയും. മത്സരത്തിനു മുമ്പും ശേഷവും വിവിധ വിനോദപരിപാടികളും നടക്കും.
വൈകീട്ട് ആറു മുതൽ 9.30 വരെയും രാത്രി 10 മുതൽ പുലർച്ച 1.30 വരെയുമായിരിക്കും ഡോമിലെ പ്രദർശനം. നേരത്തേ നടക്കുന്ന മത്സരങ്ങൾക്ക് ടിക്കറ്റെടുക്കുന്നവർക്ക് ജൂബിലി പാർക്കിലേക്ക് സൗജന്യ പ്രവേശനവും നൽകും.
ഫാൻസിറ്റിയിലേക്ക് പ്രവേശിക്കുന്നതിന് 30 ദിർഹമാണ് ഫീസ്. 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യം. വി.ഐ.പി, വി.വി.ഐ.പി പാക്കേജുകളുമുണ്ടാകും. പ്ലാറ്റിനംലിസ്റ്റിന്റെ (Platinumlist) വെബ്സൈറ്റിലൂടെ വൈകാതെ ടിക്കറ്റ് വിൽപന തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

