തൊഴിലാളി ക്ഷേമം; ജി.ഡി.ആർ.എഫ്.എ-ട്രാൻസ്ഗാർഡ് ഗ്രൂപ്പ് ധാരണ
text_fieldsശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ്
അൽ മർറിയും കരാർ ഒപ്പുവെക്കുന്നു
ദുബൈ: എമിറേറ്റിലെ തൊഴിലാളികളുടെ ക്ഷേമം വർദ്ധിപ്പിക്കുകയും സാമൂഹിക ഐക്യവും സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജി.ഡി.ആർ.എഫ്.എ) ട്രാൻസ്ഗാർഡ് ഗ്രൂപ്പ് എൽ.എൽ.സിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ട്രാൻസ്ഗാർഡ് ഗ്രൂപ്പ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമും ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
ദുബൈ സാമ്പത്തിക അജണ്ടയായ ഡി33യുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും യു.എ.ഇയുടെ സമഗ്ര വളർച്ച ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ നീക്കം. ദുബൈയിലെ വിവിധ തൊഴിലാളി സമൂഹങ്ങളിൽ ക്ഷേമവും സാമൂഹിക സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കാനും പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിയമപരമായ അവസ്ഥയും ജീവിത നിലവാരവും മെച്ചപ്പെടുത്താനും സഹകരണമുണ്ടാകും.
ധാരണാപത്രം അനുസരിച്ച് ട്രാൻസ്ഗാർഡ് ഗ്രൂപ്പും ജി.ഡി.ആർ.എഫ്.എയും ചേർന്ന് വാർഷിക ക്ഷേമ സംരംഭങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. തൊഴിലാളികളുടെ അവകാശങ്ങളെയും നിയമ ബോധവത്കരണത്തെയും മുൻനിർത്തി പരിശീലനം, അറിവ് പങ്കിടൽ പരിപാടികളും സംഘടിപ്പിക്കും. ട്രാൻസ്ഗാർഡിന്റെ വിപുലമായ മനുഷ്യശേഷി സേവനങ്ങളും ജി.ഡി.ആർ.എഫ്.എയുടെ പ്രവാസി കാര്യങ്ങളിലെ വൈദഗ്ധ്യവും സംയോജിപ്പിച്ച് ദുബൈയുടെ തൊഴിൽ മേഖലയ്ക്ക് കൂടുതൽ കാര്യക്ഷമത നൽകുകയാണ് ലക്ഷ്യം.
സാമൂഹിക വികസനത്തിന് സഹായകമാകുന്ന പങ്കാളിത്തങ്ങളാണ് ദുബൈയുടെ വളർച്ചയുടെ അടിസ്ഥാനം. യു.എ.ഇയുടെ വളർച്ചയുടെയും സാമൂഹിക പുരോഗതിയുടെയും കാഴ്ചപ്പാടുകളോടുള്ള പ്രതിബദ്ധതയാണ് കരാറിലൂടെ പ്രതിഫലിക്കുന്നതെന്ന് ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
ദുബൈ ആധുനികതയുടെയും അവസരങ്ങളുടെയും ആഗോള കേന്ദ്രമായി വളരുമ്പോൾ സമൂഹത്തിലെ ഓരോ അംഗത്തിനും പിന്തുണയും അംഗീകാരവും ലഭിക്കണമെന്ന് ഉറപ്പാക്കുന്നുവെന്ന് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം വ്യക്തമാക്കി. ട്രാൻസ്ഗാർഡ് ഗ്രൂപ്പുമായുള്ള സഹകരണം തൊഴിലാളി ക്ഷേമത്തെയും മനുഷ്യാവകാശ സംരക്ഷണത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

