യു.എ.ഇയിൽ തൊഴിലാളികൾക്ക് സംരക്ഷണ നിയമം; ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും
text_fieldsദുബൈ: തൊഴിലാളികൾക്ക് അതിക്രമങ്ങളിൽ നിന്നും ചൂഷണത്തിൽ നിന്നും സംരക്ഷണം നൽകുന്ന നിയമമൊരുക്കി യു.എ.ഇ. മാനവവിഭവ ശേഷി- എമിറേറ്റൈസേഷൻ മന്ത്രാലയമാണ് തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ ഉത്തരവ് പ്രഖ്യാപിച്ചത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാനാണ് നിയമം പുറപ്പെടുവിച്ചത്. വിവിധ തൊഴിൽ വിഭാഗങ്ങളിലെ ജീവനക്കാർക്ക് സംരക്ഷണമൊരുക്കുന്നതും തൊഴിൽ മേഖലയെ അയവുള്ള സമീപനത്തിലേക്ക് നയിക്കുന്നതുമാണ് നിയമം.
ഫെഡറൽ നിയമത്തിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021ലെ 33ാം നമ്പർ നിയമം അടുത്ത വർഷം ഫെബ്രുവരി 2മുതൽ പ്രാബല്യത്തിൽ വരും. തൊഴിൽ നിയമത്തിൽ സമീപ കാലത്തുണ്ടാകുന്ന ഏറ്റവും സുപ്രധാനമായ ഭേദഗതിയാണിത്. സാങ്കേതിക പുരോഗതിക്കും കോവിഡ് സാഹചര്യത്തിനും ഇടയിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ രംഗം പരിഗണിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് മാനവവിഭവ ശേഷി- എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ തവാർ പറഞ്ഞു. ഫുൾടൈം, പാർടൈം, താൽകാലിക ജോലികൾക്കെല്ലാം സഹായകമാകുന്നതാണ് നിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രൊബേഷൻ ആറുമാസത്തിൽ കൂടരുത്
പ്രൊബേഷൻ ആറു മാസത്തിൽ കൂടരുതെന്ന് നിയമം അനുശാസിക്കുന്നു. തൊഴിലാളികളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുക്കുന്നത് ഇത് തടയുന്നുമുണ്ട്. ഒരു ബിസിനസ് സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ തൊഴിലാളിക്ക് അനുവദം ലഭിക്കും. തൊഴിൽ കാലാവധി കഴിഞ്ഞാൽ രാജ്യം വിടണമെന്ന് ഉടമക്ക് നിർബന്ധിക്കാൻ പുതിയ നിയമം പ്രാബല്യത്തിലായാൽ കഴിയില്ല. ഈ വകുപ്പുകളെല്ലാം പ്രവാസികളടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമായ മാറ്റങ്ങളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്ത്രീകൾക്ക് സംരക്ഷണം
തൊഴിലിടത്തിൽ സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവരെ ശാക്തീകരിക്കുന്നതിനുമുള്ള ഘടകങ്ങളെ പ്രോൽസാഹിപ്പിക്കുന്നതാണ് നിയമം. തൊഴിലാളികൾക്കെതിരെ അവരുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ നടത്തുന്ന ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, അല്ലെങ്കിൽ വാക്കാലോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവയും ഇത് നിരോധിക്കുന്നു. വംശം, നിറം, ലിംഗം, മതം, ദേശീയത തുടങ്ങിയവയുടെ ഏത് തരത്തിലുള്ള വിവേചനവും പുതിയ നിയമം കർശനമായി വിലക്കുന്നു.
യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തം വർധിക്കും
യു.എ.ഇ പൗരന്മാരുടെ പങ്കാളിത്തവും മൽസര ശേഷിയും വർധിപ്പിക്കുന്നതിന് നിയമം സഹായിക്കും. വ്യവഹാരത്തിെൻറ എല്ലാ ഘട്ടങ്ങളിലും തൊഴിൽ കേസുകളെ ജുഡീഷ്യൽ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിൽ കരാറിലെ ഇരു കക്ഷികളുടെയും അവകാശങ്ങൾ സന്തുലിതമായി ഉറപ്പുനൽകുകയും സംരക്ഷണം നൽകുകയും ചെയ്യുന്നതുമാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

