Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലാളികളുടെ ജീവൻ...

തൊഴിലാളികളുടെ ജീവൻ പ്രധാനം: ഉയരമുളള കെട്ടിടങ്ങളിൽ സുരക്ഷ നിർബന്ധം

text_fields
bookmark_border
തൊഴിലാളികളുടെ ജീവൻ പ്രധാനം: ഉയരമുളള കെട്ടിടങ്ങളിൽ സുരക്ഷ നിർബന്ധം
cancel
Listen to this Article

അബൂദബി: നിര്‍മാണ ജോലിക്കിടെ വീണുള്ള അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സുരക്ഷ സജ്ജീകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളില്‍ ജോലി ചെയ്യരുതെന്ന് തൊഴിലാളികള്‍ക്ക് അധികൃതരുടെ നിർദേശം. നിര്‍ദേശം ലംഘിക്കുന്ന കമ്പനികള്‍ കുറ്റത്തിന്‍റെ വ്യാപ്തി അനുസരിച്ച് പതിനായിരം മുതല്‍ 40,000 ദിര്‍ഹം വരെ പിഴയൊടുക്കേണ്ടി വരും. ഇതിനുപുറമേ നിര്‍മാണകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലിടങ്ങളില്‍ എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചിരിക്കണമെന്നും തൊഴിലാളികള്‍ക്കായി സുരക്ഷാവേലി സ്ഥാപിച്ചിരിക്കണമെന്നും നിര്‍മാണക്കമ്പനികളോടും അധികൃതര്‍ നിര്‍ദേശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണമെങ്കില്‍ സുരക്ഷ മുന്‍കരുതലുകള്‍ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് സുരക്ഷ നടപടികള്‍ ഉറപ്പുവരുത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നിയമനടപടികള്‍ സ്വീകരിക്കും. മുമ്പ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴിലാളികള്‍ സുരക്ഷ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് ഉയരമുള്ള കെട്ടിടങ്ങളുടെ നിര്‍മാണജോലികള്‍ ചെയ്തിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

തൊഴിലാളികള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിര്‍മാണകേന്ദ്രങ്ങളില്‍ ബോധവത്കരണ നിര്‍ദേശങ്ങളടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കണം. തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ഇടവേളകളില്‍ സുരക്ഷ വിലയിരുത്തല്‍ നടത്തുകയും വേണം. അബൂദബി മുനിസിപ്പാലിറ്റി തൊഴിലാളികള്‍ക്കായി അടുത്തിടെ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിലും ഇതേകാര്യം ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവിമാര്‍ക്ക് അബൂദബി തൊഴില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപകര്‍ക്കും നിപുണരായ തൊഴിലാളികള്‍ക്കും ആകര്‍ഷകമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ഉപയുക്തമായതാണ് പുതിയ നിയമം. രാജ്യത്തെ തൊഴില്‍ വിപണിയുടെ ക്ഷമതയും സ്ഥിരതയും ഇതു മെച്ചപ്പെടുത്തും. തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായ ജോലിയോ ഫ്രീലാന്‍സ് ജോലിയോ തൊഴില്‍ സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം. വംശത്തിന്‍റെയും നിറത്തിന്‍റെയും ലിംഗത്തിന്‍റെയും മതത്തിന്‍റെയും രാജ്യത്തിന്‍റെയും വൈകല്യത്തിന്‍റെയും പേരിലുള്ള വിവേചനങ്ങളെ നിയമം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍ നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെയേ തൊഴില്‍ കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിത വര്‍ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രൊബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് തൊഴിലാളിക്ക് നോട്ടീസ് നല്‍കണം, പ്രബേഷന്‍ പീരിയഡില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്പ് വിവരം ഉടമയെ നോട്ടീസ് നല്‍കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.

ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല, ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനിവാര്യമായ ജോലിയാണെങ്കില്‍ മണിക്കൂറിന് സാധാരണ നല്‍കുന്നതിന്‍റെ 25 ശതമാനം കൂടുതല്‍ വേതനം നല്‍കണം, ശമ്പളത്തോടു കൂടിയ ഒരു അവധി ദിവസം നല്‍കണം തുടങ്ങിയ നിരവധി നിയമങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsWorkersbuildingsuae
News Summary - Workers' lives matter: safety imperative in tall buildings
Next Story