ദുബൈ ക്രീക്കിൽ തടിക്കപ്പലുകൾ വീണ്ടും സജീവം
text_fieldsവിവിധ രാജ്യങ്ങളിലേക്ക് തടിക്കപ്പലുകളിൽ കൊണ്ടുപോകാനെത്തിച്ച ചരക്കുകൾ
ദുബൈ: നൂറ്റാണ്ടുകളുടെ വ്യാപാര പൈതൃകമുറങ്ങുന്ന ദുബൈ ക്രീക്കിലെ വ്യാപാരരംഗത്ത് പാരമ്പര്യ രീതിയിലെ തടിക്കപ്പലുകൾ വീണ്ടും സജീവമായി. തടിക്കപ്പലുകളിൽ ഇന്ത്യ, യമൻ, ഇറാൻ, സോമാലിയ എന്നിവിടങ്ങളിലേക്കാണ് ചരക്കുകൾ കയറ്റിപ്പോകുന്നത്. ഇപ്പോൾ ഡീസൽ എൻജിനിലാണ് ഇവയുടെ പ്രവർത്തനം. ദുബൈയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കാറുകൾ എന്നിവയാണ് പ്രധാനമായും ഈ കപ്പലുകളിലൂടെ കൊണ്ടുപോകുന്നത്. എമിറേറ്റിലേക്കെത്തുന്ന വാണിജ്യ ബോട്ടുകളുടെ എണ്ണം 2021ന്റെ ആദ്യ പാദത്തിൽ 2,200 ആയിരുന്നത് 2022ൽ ഇതേ കാലയളവിൽ 2,500ലധികമായി വർധിച്ചിട്ടുണ്ട്. മേഖലയിലെ വ്യാപാരത്തിൽ എട്ടുശതമാനം വളർച്ചക്കാണിത് കാരണമായത്.
അതിനിടെ ഇത്തരം കപ്പലുകൾക്ക് ദുബൈ ക്രീക്കിലേക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്ക് നീക്കിയിരുന്നു. തടിക്കപ്പലുകളുടെ താവളം 2014 അവസാനം മുതലാണ് ദേരയിലെ പുതിയ വാർഫേജിലേക്ക് മാറ്റിയത്. ദുബൈയിലെ തുറമുഖ, കസ്റ്റംസ്, ഫ്രീസോൺ കോർപറേഷൻ(പി.സി.എഫ്.സി) 2020ൽ തടിക്കപ്പലുകളുടെ ഉപയോഗം പുനരുജ്ജീവിപ്പിക്കാനും നിയന്ത്രിക്കാനുമായി പ്രത്യേക ഏജൻസി തന്നെ രൂപപ്പെടുത്തിയിരുന്നു. ക്രീക്കിലെ പ്രവേശന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും ഏജൻസിക്ക് കഴിഞ്ഞു.
നേരത്തെ ചില കപ്പലുകളിൽ കാർഗോ നിറക്കാൻ 40 ദിവസംവരെ എടുത്തിരുന്നത് ഏജൻസി പുതിയ സംവിധാനമൊരുക്കിയതോടെ മൂന്നു മുതൽ അഞ്ചുദിവസം വരെയായി കുറഞ്ഞിട്ടുണ്ട്. വ്യാപാരികളെയും തടിക്കപ്പൽ സേവനം നൽകുന്നവരെയും ബന്ധിപ്പിക്കാൻ ഡിജിറ്റൽ മാർക്കറ്റ് പ്ലേസും സ്മാർട്ട്ഫോൺ ആപ്ലിക്കേഷനും സ്ഥാപിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

