സ്ത്രീ ശാക്തീകരണം; റാസല്‍ഖൈമയില്‍ ‘വനിത നെറ്റ്വര്‍ക്ക്’ പദ്ധതി
text_fieldsറാക് ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് നടത്തിയ പ്രഥമ ‘വുമണ്‍ ഇന്‍ സ്ട്രെങ്ത്ത് ആൻഡ് എംപവര്‍മെന്റ്’ നെറ്റ്വര്‍ക്ക് ചടങ്ങ്
റാസല്‍ഖൈമ: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വനിത നെറ്റ്വര്‍ക്ക് പദ്ധതിയുമായി റാക് ഇന്‍വെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് (ഐ.ഡി.ഒ). സംവാദം, മാര്‍ഗനിർദേശം, അവസരം എന്നിവക്കുള്ള ഇടം സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് റാസല്‍ഖൈമയിലെ സ്ത്രീ നെറ്റ്വര്‍ക്ക് സംരംഭം.ഐ.ഡി.ഒ അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ സ്ത്രീകളെ പിന്തുണക്കുന്ന ‘വുമണ്‍ ഇന്‍ സ്ട്രെങ്ത്ത് ആൻഡ് എംപവര്മെന്റി’ന്റെ (വൈസ്) പ്രഥമ പരിപാടിയില്‍ ‘സ്ത്രീകളുടെ നേതൃത്വം’ എന്ന വിഷയത്തില്‍ പ്രഭാഷണവും പാനല്‍ ചര്‍ച്ചയും നടന്നു. സ്ത്രീകളുടെ ശാക്തീകരണം, ഉന്നമനം, പരിശീലനം, സുദൃഢമായ ബന്ധങ്ങള്‍, ആഘോഷം എന്നിവക്ക് അവസരം തുറക്കുന്നതാണ് പദ്ധതി.
തുടര്‍ച്ചയായ ഇടപെടലുകളിലൂടെ വനിത നേതാക്കളെ ഉയര്‍ത്തുകയും സമപ്രായക്കാരുടെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതുമായ ഒരു പ്ലാറ്റ്ഫോമായി ‘വൈസ് നെറ്റ്വര്‍ക്ക്’ മാറുമെന്ന് ഐ.ഡി.ഒ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് സുല്‍ത്താന്‍ അല്‍ ഖാദി പറഞ്ഞു. റാസല്‍ഖൈമയുടെ പ്രൗഢമായ ചരിത്ര-വര്‍ത്തമാനം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
സര്‍വമേഖലകളിലും അവരുടെ തുടര്‍ച്ചയായ വളര്ച്ചക്കുതകുന്നതായിരിക്കും പുതിയ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമെന്നും അദ്ദേഹം തുടര്‍ന്നു. അല്‍മര്‍ജാന്‍ ഐലന്റ് മൂവിന്പിക്ക് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ അല്‍മര്‍ജാന്‍ ഐലന്റ് പ്രീ ഓപണിങ് ആൻഡ് സ്ട്രാറ്റജിക് ഇന്ഷ്യേറ്റിവ്സ് വൈസ് പ്രസിഡന്റ് ഷെറി ഡിസാല്വിയോ, ഐ.ഡി.ഒ സീനിയര്‍ വൈസ് പ്രസിഡന്റ് മാന്‍ഡി വാന്‍ ഡി വെല്‍ഡെ, റാകിസ് സി.എഫ്.ഒ ഡോ. അലിഡ ഷോള്‍ട്ട്സ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നയിച്ചു. പി.ഡബ്ല്യു.സി അക്കാദമി സീനിയര്‍ മാനേജര്‍ ഡോ. ലിന അല്മറെസ്താനിയ മോഡറേറ്ററായിരുന്നു. ഭാവി ‘വൈസ്’ പരിപാടികളില്‍ സ്ത്രീകളുടെ പങ്കാളിത്തം വിപുലമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

