ഇമറാത്തി ജാലകം തുറന്നിട്ട് ഹനാന്‍
text_fieldsദുബൈ: ഇരുന്നുറിലേറെ രാഷ്ട്രങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ പാര്‍ക്കുന്ന യു.എ.ഇയില്‍ മലയാളികളേക്കാള്‍ മനോഹരമായി മലയാളപ്പാട്ടു പാടുന്ന ഫിലിപ്പിനികളുണ്ട്, ഹിന്ദിയും ഉറുദുവും മലയാളവും പറയുന്ന അറബികളുണ്ട്, പക്ഷെ ഇവരില്‍ പലര്‍ക്കും കഴിയാത്ത ഒന്നുണ്ട്. യു.എ.ഇക്കാര്‍ സംസാരിക്കുന്ന ഇമറാത്തി അറബി. യു.എ.ഇയില്‍ ജനിച്ച് വിദേശ സിലബസ് പാഠ്യപദ്ധതിയില്‍ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളുടെയും അവസ്ഥ ഇതു തന്നെ. എഴുത്തിനും വായനക്കും ഉപയോഗിക്കുന്ന സാഹിത്യപ്രാധാന്യമേറിയ അറബി-ഫുസ്ഹ പച്ച മലയാളം പോലെ വഴങ്ങുന്നവര്‍ക്ക് പോലും ഇമാറാത്തി അറിയാത്ത സ്ഥിതി. ഇതിനൊരു മാറ്റം വരുത്തുക എന്ന ദൗത്യമേറ്റെടുത്ത ഹനാന്‍ അല്‍ ഫര്‍ദാന്‍ എന്ന യുവ അധ്യാപിക ഇന്ന് ഇമറാത്തി ഭാഷയുടെയും സംസ്കാരത്തിന്‍െറയും അനൗദ്യോഗിക അംബാസഡറാണ്.
മൂന്നാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള പിതാവും ഏഴാം ക്ളാസില്‍ പഠനം അവസാനിച്ച ഉമ്മയും മകള്‍ക്ക് ആശ തീരുവോളം പഠിക്കാന്‍ അവസരമൊരുക്കി നല്‍കി. അന്താരാഷ്ട്ര വിദ്യാഭ്യാസ മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും കൂടുതല്‍ വെല്ലുവിളികളുള്ള ദൗത്യങ്ങളിലേക്ക് തിരിയണമെന്ന് മനസ് പറഞ്ഞു. കൂടെ ജോലി ചെയ്തിരുന്ന സ്വദേശി ഉദ്യോഗസ്ഥര്‍ക്കു പോലും ഇമാറാത്തിയില്‍ വേണ്ടത്ര അവഗാഹമില്ളെന്നു കണ്ടതോടെയാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നണമെന്ന് നിശ്ചയിച്ചത്. മാനവിക ശേഷി വികസനത്തിലെ എണ്ണം പറഞ്ഞ നായകനായ അമ്മാര്‍ ശംസാണ് പ്രയാസമേറിയ ലക്ഷ്യങ്ങള്‍ തേടാന്‍ മനസു പറയുന്നുവെങ്കില്‍ ആ വഴിയിലേക്ക് കുതിക്കാന്‍ ഉപദേശിച്ചത്.
അങ്ങിനെയാണ് ഒരു സുഹൃത്തിനൊപ്പം ഇമറാത്തി ഭാഷാ പഠിപ്പിക്കാന്‍ അല്‍ റംസ ഇന്‍സ്റ്റിട്ട്യുട്ടിന് തുടക്കമിട്ടത്. രണ്ടു വിദ്യാര്‍ഥികളുമായി തുടങ്ങിയ ആദ്യ ബാച്ച് അവസാനിക്കുമ്പോള്‍ ആറു പേരായി. മൂന്നു വര്‍ഷം കൊണ്ട് എഴുന്നൂറിലേറെ പേര്‍ സ്ഥാപനത്തിലത്തെി നേരിട്ടുള്ള വിദ്യാര്‍ഥികളായി. യൂറോപ്പില്‍ നിന്നും ഏഷ്യയില്‍ നിന്നും ഇവിടെയത്തെി താമസിക്കുന്നവര്‍ക്കു പുറമെ സ്വദേശി മാതാപിതാക്കളൂം മക്കളെ ഭാഷയും സംസ്കാരവും പഠിപ്പിക്കാന്‍ ഹനാനെ സമീപിക്കുന്നു. ദുബൈയില്‍ എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കും ലോകത്തിന്‍െറ മറ്റുകോണുകളിലിരുന്ന് ഇമറാത്തിനെ സ്നേഹിക്കുന്നവര്‍ക്കുമായി ഇപ്പോള്‍ യുട്യൂബും വാട്ട്സ്ആപ്പും വഴിയും ക്ളാസുകള്‍ നടത്തുന്നുണ്ട്. ഇവ ആയിരക്കണക്കിനാളുകള്‍ പ്രയോജനപ്പെടുത്തുന്നു.
ഭാഷ പഠിക്കാനത്തെുന്നവര്‍ക്ക് രാജ്യത്തിന്‍െറ ആചാര മര്യാദകള്‍ മുതല്‍ ഭക്ഷണ ശീലങ്ങള്‍ വരെ പരിചയപ്പെടുത്തിയത് ഹനാനെ കൂടുതല്‍ ജനകീയയാക്കി. വിവിധ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ഉന്നത പദവികള്‍ അനുഷ്ഠിക്കുന്ന ഇമറാത്തികളാണ് ഹനാന്‍െറ സ്ഥാപനത്തില്‍ ക്ളാസെടുക്കുന്നത്. ദുബൈ സര്‍ക്കാറിന്‍െറ നോളജ് ആന്‍റ് ഹ്യൂമന്‍ ഡെവലപ്മെന്‍റ് അതോറിറ്റിയും ദുബൈ എസ്.എം.ഇയും പിന്തുണയും അംഗീകാരവും നല്‍കി. രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സമ്മേളനങ്ങളിലും ശില്‍പശാലകളിലും പങ്കെടുക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടുത്തുകാര്‍ക്ക് പത്ത് ഇമറാത്തി വാക്കുകളെങ്കിലും പരിചയപ്പെടുത്തിയാണ് മടങ്ങാറ്. രാജ്യത്തെയും ജനങ്ങളെയും കുറിച്ച് ആളുകള്‍ പുലര്‍ത്തുന്ന മുന്‍ധാരണകളും സംശയങ്ങളും നീക്കുക കൂടി ഇവരുടെ ദൗത്യമാണ്. യു.എ.ഇയില്‍ കാലുകുത്തുന്ന ഏതൊരാള്‍ക്കും ഇമറാത്തി ഭാഷയും പൈതൃകവും പരിചയപ്പെടുത്തുന്ന ഉന്നത വിദ്യാകേന്ദ്രമായി സ്ഥാപനത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. ശൈഖ് സായിദ്, ശൈഖ് ഖലീഫ, ശൈഖ് മുഹമ്മദ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് തുടങ്ങിയ രാജ്യ നായകര്‍ മുതല്‍ ഗാന്ധിജിയും മണ്ടേലയും സ്റ്റീവ് ജോബ്സുമെല്ലാം ഹനാന് ഊര്‍ജം നല്‍കുന്ന ജീവിതങ്ങളാണ്. എന്നാല്‍ ഉമ്മയാണ് ഏറ്റവും വലിയ റോള്‍ മോഡല്‍. ലോകമെമ്പാടും സ്ത്രീകള്‍ക്കു മുന്നില്‍ ഏറെ പ്രതിസന്ധികള്‍ വാപിളര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍ വെല്ലുവിളികളും ഭയപ്പാടുകളും പരിശ്രമങ്ങളുടെ പാര്‍ശ്വഫലം മാത്രമാണെന്നും അവയെ മറികടക്കാനുള്ള ശക്തി ഓരോ സ്ത്രീയിലുമുണ്ടെന്നും ഹനാന്‍ വിശ്വസിക്കുന്നു.