സുഹൃത്തിന്‍റെ പാസ്പോർട്ട് ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവതിക്ക് ജയിൽശിക്ഷ
text_fieldsദുബൈ: മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ അടങ്ങിയ പാർസൽ വാങ്ങാൻ സുഹൃത്തിന്‍റെ പാസ്പോർട്ട് കോപ്പി ഉപയോഗിച്ചുവെന്ന കേസിൽ യുവതിക്ക് മൂന്നു മാസം തടവ് ശിക്ഷ. ഏഷ്യൻ വംശജയായ യുവതിക്കാണ് ദുബൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താൻ കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ബോധ്യമായ സാഹചര്യത്തിൽ സുഹൃത്തിനെ കേസിൽ കോടതി വെറുതെവിട്ടു.
ഈ വർഷം ഏപ്രിലിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. യൂറോപ്യൻ രാജ്യത്തു നിന്ന് എത്തിയ പാർസലിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് പാർസൽ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കലർന്ന പേപ്പറുകളാണെന്ന് വ്യക്തമായി. പിന്നാലെ പാർസൽ ഓർഡർ ചെയ്ത യുവതിക്കെതിരെ അധികൃതർ അന്വേഷണം ആരംഭിച്ചു. ഇതിനിടെ പാർസൽ കമ്പനിയിൽ നിന്ന് വിവരം അറിയിച്ചതിനനുസരിച്ച് യുവതി പാർസൽ വാങ്ങാനായി ഓഫിസിൽ എത്തുകയും തിരിച്ചറിയൽ രേഖയായി സുഹൃത്തിന്‍റെ പാസ്പോർട്ട് കോപ്പി സമർപ്പിക്കുകയും ചെയ്തു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ യുവതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. വിശദമായ പരിശോധനയിലാണ് പാസ്പോർട്ട് ഇയാളുടെ സുഹൃത്തിന്‍റേതാണെന്ന് വ്യക്തമായത്. ഇതോടെ സുഹൃത്തിനേയും കസ്റ്റംസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തനിക്ക് ഇക്കാര്യം അറിയില്ലെന്നായിരുന്നു സുഹൃത്തിന്‍റെ മൊഴി. അടുത്തിടെയാണ് പ്രതിയെ പരിചയപ്പെട്ടത്. യു.എ.ഇയിൽ റീ എൻട്രി ചെയ്യുന്നതിനായാണ് വിസിറ്റ് വിസക്കായാണ് യുവതിക്ക് തന്‍റെ പാസ്പോർട്ടിന്റെ കോപ്പി നൽകിയത്.
ഇത് സ്വകാര്യമായി സൂക്ഷിച്ച പ്രതി മയക്കുമരുന്ന് വാങ്ങുന്നതിനായി ഉപയോഗിക്കുകയായിരുന്നു. അതേസമയം, പാർസൽ തന്‍റേതല്ലെന്നും ജുമൈറയിൽ താമസിക്കുന്ന ഒരാൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പാർസൽ വാങ്ങിയതെന്നും അവകാശപ്പെട്ടു. യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിയ പുസ്തകമാണ് പാർസലിൽ എന്നാണ് ഇയാൾ അറിയിച്ചിരുന്നതെന്നും പ്രതി അറിയിച്ചു. എന്നാൽ, ഇക്കാര്യം കോടതി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

