ക്രിപ്‌റ്റോകറൻസി വാലറ്റ് മാറ്റി നൽകി തട്ടിപ്പ്; സ്ത്രീക്ക് തടവ്
text_fieldsദുബൈ: ബിസിനസ് മീറ്റിങ്ങിനിടെ രഹസ്യമായി ഒരു ക്രിപ്‌റ്റോകറൻസി വാലറ്റ് മാറ്റി നൽകി തട്ടിപ്പ് നടത്തിയ സ്ത്രീക്ക് രണ്ട് മാസം തടവും പിഴയും ശിക്ഷ വിധിച്ചു. ഏകദേശം 10 ലക്ഷം ഡോളർ വിലമതിക്കുന്ന ഡിജിറ്റൽ ആസ്തികൾ തട്ടിയെടുക്കുന്നതിൽ അവർ പ്രധാന പങ്കുവഹിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. സ്വകാര്യ ആക്‌സസ് കീകൾ അടങ്ങിയ ഹാർഡ്‌വെയർ വാലറ്റ് രഹസ്യമായി മാറ്റി, മുൻകൂട്ടി തയാറാക്കിയ സമാനമായ മറ്റൊരു ഉപകരണം ഉപയോഗിച്ചാണ് സ്ത്രീ തട്ടിപ്പ് നടത്തിയത്. ഇതിലൂടെ നിക്ഷേപകന്റെ അറിവില്ലാതെ ക്രിപ്‌റ്റോകറൻസി കൈമാറ്റം ചെയ്യാൻ സൗകര്യമൊരുക്കുകയായിരുന്നു.
ഒരു നിക്ഷേപ കമ്പനിയുടെ ഉടമയാണെന്ന് അവകാശപ്പെടുകയും ഒരു ബിസിനസ് പ്രോജക്ടിന് ധനസഹായം നൽകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്താണ് ബിസിനസ് മീറ്റിങ് സംഘടിപ്പിച്ചത്. യോഗത്തിനെത്തിയ സ്ത്രീ ഇതിനിടെ യഥാർഥ ഡിജിറ്റൽ വാലറ്റ് സമാനമായ ഒരു ഉപകരണം ഉപയോഗിച്ച് മാറ്റുകയായിരുന്നു.
തുടർന്ന് ക്രിപ്‌റ്റോകറൻസി ഹോൾഡിങ്ങുകൾ മറ്റ് കക്ഷികൾക്ക് കൈമാറിയതായി നിക്ഷേപകൻ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസിലെ പ്രധാന പങ്കാളിയായി തിരിച്ചറിഞ്ഞിട്ടുള്ള സ്ത്രീയുടെ ഭർത്താവ് ഇപ്പോഴും ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

