Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്‍റെ സ്വകാര്യ ചിത്രം പങ്കുവെച്ച യുവതിക്ക് 85,000 ദിർഹം പിഴ

text_fields
bookmark_border
സുഹൃത്തിന്‍റെ സ്വകാര്യ ചിത്രം പങ്കുവെച്ച യുവതിക്ക് 85,000 ദിർഹം പിഴ
cancel

ദുബൈ: അടുത്ത സുഹൃത്തുക്കളായിരുന്നു ആ രണ്ട് യുവതികൾ. ഒടുവിൽ, ആ സൗഹൃദം അവസാനിച്ചത് ഒരാളുടെ സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെടുത്തുന്നതിനെതിരായ നിയമപോരാട്ടത്തിലും 85,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന വിധിയിലും. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഒരൊറ്റ സ്ക്രീൻഷോട്ട് നിർണായക തെളിവായി മാറിയതോടെയാണ് നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇരു യുവതികളും അടുത്ത സുഹൃത്തുക്കളായത്. അതിലൊരാൾ സുഹൃത്തിന്‍റെ ചിത്രങ്ങളും പോസ്റ്റുകളും സ്ഥിരമായി കാണാറുണ്ടായിരുന്നു. ഒരു ദിവസം സുഹൃത്തിന്‍റെ ചിത്രങ്ങളിലൊന്ന് അവർ സ്ക്രീൻഷോട്ടായി ഫോണിൽ സൂക്ഷിച്ചു. പിന്നീട്, മറ്റൊരു വ്യക്തിയുമായി ഈ സുഹൃത്തിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഫോട്ടോയിലെ വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ ഈ സ്ക്രീൻഷോട്ടും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള സ്വകാര്യ ചാറ്റുകളും മൂന്നാമന് അയച്ചുകൊടുത്തു. ചിത്രം ലഭിച്ച വ്യക്തി അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. രണ്ടു സുഹൃത്തുക്കൾക്കിടയിൽ രഹസ്യമായിരിക്കേണ്ടിയിരുന്ന കാര്യങ്ങൾ അതോടെ പരസ്യമായി. താൻ രഹസ്യമെന്ന് കരുതിയ വിവരങ്ങൾ തന്‍റെ അനുവാദമില്ലാതെ പ്രചരിക്കുന്നത് കണ്ട് തകർന്ന യുവതി ഒടുവിൽ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു.

ഡിജിറ്റൽ തെളിവുകൾ

അന്വേഷണ ഉദ്യോഗസ്ഥർ ഇരുപക്ഷത്തിന്‍റെയും ഫോണുകളും സന്ദേശങ്ങളും പരിശോധിച്ചു. സ്ക്രീൻഷോട്ടുകളും ചാറ്റുകളും അനുവാദമില്ലാതെയാണ് സൂക്ഷിച്ചതെന്നും മറ്റൊരാൾക്ക് കൈമാറിയതെന്നും സ്ഥിരീകരിച്ചു. മറ്റൊരാളുടെ ചിത്രത്തിന്‍റെ സ്ക്രീൻഷോട്ട് എടുക്കുന്നതോ പങ്കുവെക്കുന്നതോ നിയമപരമായി കുറ്റമല്ലെന്നാണ് പലരും തെറ്റായി ധരിച്ചിരിക്കുന്നതെന്ന് ലീഗൽ കൺസൾട്ടന്‍റ് അഹമ്മദ് അൽ സർഊനി പറഞ്ഞു. ‘ഡിജിറ്റൽ സ്വകാര്യത നിയമത്താൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.

അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രങ്ങളോ വിവരങ്ങളോ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സ്വകാര്യ ചാറ്റുകൾ എപ്പോഴും രഹസ്യമായിരിക്കുമെന്ന് ആരും കരുതരുത്. ഏതൊരു സന്ദേശവും ചിത്രവും നിമിഷങ്ങൾക്കകം കോടതിക്ക് മുൻപിൽ പൂർണമായ തെളിവായി മാറാം. അനുവാദമില്ലാതെ വ്യക്തിഗത ചിത്രങ്ങളോ വിവരങ്ങളോ സൂക്ഷിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കുറ്റകരം

സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ എടുക്കുകയോ, സൂക്ഷിക്കുകയോ, കൈമാറുകയോ, വെളിപ്പെടുത്തുകയോ, പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് വഴി അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കുറ്റകരമാണ്. വ്യാജവാർത്തകൾ തടയുന്നതിനും സൈബർ കുറ്റകൃത്യങ്ങൾക്കുമുള്ള 2021-ലെ 34-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരമാണിത്. ഇതിന് കുറഞ്ഞത് ആറ് മാസം തടവോ അല്ലെങ്കിൽ 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

പ്രോസിക്യൂഷനും കോടതിക്കും മുമ്പിൽ ഡിജിറ്റൽ തെളിവുകൾ ഇപ്പോൾ ഏറ്റവും ശക്തമായ തെളിവുകളിലൊന്നായി മാറിയിട്ടുണ്ടെന്ന് അൽ സർഊനി വ്യക്തമാക്കി. ഈ കേസിൽ ഇരയായ യുവതി ഒടുവിൽ ഒത്തുതീർപ്പിന് തയാറായതോടെയാണ് കേസ് അവസാനിച്ചത് (ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഈ നിയമത്തിലെ ആർട്ടിക്കിൾ 68 പ്രകാരം ഒത്തുതീർപ്പിന് അനുവാദമുണ്ട്). ഒത്തുതീർപ്പായിട്ടും കുറ്റാരോപിതയായ യുവതിക്ക് 85,000 ദിർഹം നൽകേണ്ടി വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman fined Dh85,000 for sharing friend's private photo
Next Story