ഡബ്ല്യു.എം.സി ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് 27 മുതൽ
text_fieldsവേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് സംബന്ധിച്ച് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: വേൾഡ് മലയാളി കൗൺസിലിന്റെ(ഡബ്ല്യു.എം.സി) ഗ്ലോബൽ ബൈനിയൽ കോൺഫറൻസ് വിപുലമായ ആഘോഷങ്ങളോടെ ഷാർജയിൽ നടക്കും. ജൂൺ 27, 28, 29 തീയതികളിൽ ഷാർജ കോർണിഷ് ഹോട്ടലിലാണ് സമ്മേളനം. ‘മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചുവരുന്ന ഇന്ത്യയുടെ പ്രസക്തിയും മലയാളികളുടെ പങ്കാളിത്തവും’ എന്ന പ്രമേയവും സമ്മേളനത്തിൽ ചർച്ചയാകും.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മലയാളികളെ ആദരിക്കുന്നതിനും പുതിയ തലമുറക്ക് ആഗോള സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും പരിപാടി ലക്ഷ്യമിടുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക-സാംസ്കാരിക സെമിനാറുകൾ, ബിസിനസ് മീറ്റിങ്ങുകൾ, കലാപരിപാടികൾ, പൊതുയോഗം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സമൂഹത്തിന്‍റെ സാംസ്കാരിക മേഖലകളിലെ പ്രഗല്ഭരായ നിരവധി വ്യക്തികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഡബ്ല്യു.എം.സി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ ബിജു, വനിത ഫോറം പ്രസിഡന്റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവരും വിവിധ പ്രൊവിൻസുകളുടെ ഭാരവാഹികളും സന്നിഹിതരായിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ബൈനിയൽ കോൺഫറൻസും നടക്കുമെന്ന് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടെത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് തോമസ് ജോസഫ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

