എക്സ്പോയിലെ ‘വിന്റർ സിറ്റി’ പരിപാടികൾ 12 വരെ
text_fieldsദുബൈ: ശൈത്യകാലം മുന്നിൽക്കണ്ട് എക്സ്പോ സിറ്റിയിൽ പ്രഖ്യാപിച്ച 50 ദിവസത്തെ ‘വിന്റർ സിറ്റി’ പരിപാടികൾ ജനുവരി 12 വരെ നീട്ടി. നേരത്തേ നിശ്ചയിച്ചതിൽനിന്നും നാലു ദിവസത്തേക്കു കൂടിയാണ് പരിപാടി ദീർഘിപ്പിച്ചത്. നവംബർ 23 മുതൽ ആരംഭിച്ച പരിപാടിയിൽ മൊബിലിറ്റി ഡിസ്ട്രിക്ട്, സർറിയൽ വാട്ടർ ഫീച്ചർ, അൽ വാസൽ പ്ലാസ എന്നിവയാണ് വിന്റർ സിറ്റിയായി മാറിയത്. യു.എ.ഇ ദേശീയദിനം, പുതുവത്സരാഘോഷം തുടങ്ങിയവ സിറ്റിയിൽ പ്രത്യേകമായി ഒരുക്കിയിരുന്നു.
ജനുവരി 14 മുതൽ ചൈനീസ് പുതുവത്സര ദിനാഘോഷവും വിപുലമായി ഇവിടെ ഒരുക്കുന്നുണ്ട്. കുടുംബങ്ങൾക്ക് വിനോദത്തിന് പലവിധങ്ങളായ സൗകര്യങ്ങളാണ് ‘വിന്റർ സിറ്റി’യിൽ ഒരുക്കിയത്. പരമ്പരാഗത ശൈലിയിലുള്ള ക്രിസ്മസ് മാർക്കറ്റ്, പൈൻ മരങ്ങൾ, രസകരമായ ഫെയർ ഗ്രൗണ്ട് ഗെയിമുകൾ എന്നിവയും ‘ലെറ്റർ ടു സാന്ത’ സ്റ്റേഷനും സിറ്റിയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ചൈനീസ് പുതുവത്സരദിനത്തിൽ ‘ഹാപ്പി ചൈനീസ് ന്യൂ ഇയർ’ എന്ന പേരിൽ ഗ്രാൻഡ് പരേഡ് ഒരുക്കുന്നുണ്ട്. വൈകീട്ട് നാലു മണിക്ക് ആരംഭിക്കുന്ന പരേഡ് ചൈനക്ക് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ചൈനീസ് പുതുവത്സരാഘോഷമായിരിക്കും.
60 പരേഡ് ഗ്രൂപ്പുകൾ, 20 ഫ്ലോട്ടുകൾ, 2500 പ്രതിനിധികൾ എന്നിവർ പരേഡിൽ പങ്കെടുക്കും. കാർണിവൽ ശൈലിയിലുള്ള ഇവന്റ് ജനുവരി 28 വരെ തുടരും. കിയോസ്കുകളും ചൈനീസ് പാചകരീതികളും മറ്റു വിനോദങ്ങളും തെരുവ് നൃത്തവും ഗെയിമുകളും ഒരുക്കും. ചൈനീസ് സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയോടെ യു.എ.ഇയിലെ പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ എംബസിയും ദുബൈയിലെ കോൺസുലേറ്റും ഹാല ചൈനയും സഹകരിച്ചാണ് പരേഡ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

