ദുബൈയിൽ ശൈത്യകാല ക്യാമ്പിങ്: പെർമിറ്റിന് അപേക്ഷിക്കാം
text_fieldsദുബൈ: ശൈത്യകാലത്തിന് മുന്നോടിയായി എമിറേറ്റിലെ മരുഭൂമികളിൽ താൽക്കാലിക ക്യാമ്പിങ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് പെർമിറ്റിനായി അപേക്ഷ സമർപ്പിക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. അപേക്ഷകൾ ദുബൈ മുനിസിപ്പാലിറ്റിയുടെ wintercamp.dm.gov.ae വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്.
മുനിസിപ്പാലിറ്റിയുടെ വൈബ്സൈറ്റിൽ പ്രവേശിച്ച് ‘ടെമ്പററി വിന്‍റർ ക്യാമ്പ് പെർമിറ്റ് ആപ്ലിക്കേഷൻ സർവിസ്’ ഫോറം പൂരിപ്പിക്കണം. ദുബൈ നൗ ആപ് വഴി അപേക്ഷ സമർപ്പിക്കുന്നവർ യു.എ.ഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്യണം. വ്യക്തിപരമായ ഉപയോഗത്തിനുള്ള താൽക്കാലിക പെർമിറ്റായിരിക്കും അനുവദിക്കുക.
ക്യാമ്പിങ് സീസണിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിന് അനുസരിച്ച് നവംബർ ഒന്ന് മുതൽ അടുത്ത വർഷം ഏപ്രിൽ വരെയായിരിക്കും പെർമിറ്റ് നൽകുക. ചുരുങ്ങിയത് മൂന്നു മാസത്തേക്കും പരമാവധി ആറു മാസത്തേക്കുമായിരിക്കും പെർമിറ്റ്. കുടുംബങ്ങൾക്കുള്ള ഉപയോഗത്തിന് മാത്രമായിരിക്കും പെർമിറ്റ് അനുവദിക്കുകയെന്നും ഹോട്ടലുകൾക്കോ സ്വകാര്യ കമ്പനികൾക്കോ വാടകക്ക് എടുക്കാനോ ഉപയോഗിക്കാനോ കഴിയില്ലെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
ആവശ്യമായ രേഖകൾ
1. അപേക്ഷകന്‍റെ പാസ്പോർട്ട് കോപ്പി
2. അപേക്ഷകന്‍റെ ഫാമിലി ബുക്കിന്‍റെ കോപ്പി
3. തുക റീഫണ്ട് ചെയ്യുന്നതിനായി ഐബാൻ നമ്പർ, ബാങ്കിന്‍റെ പേര്, അക്കൗണ്ട് ഉടമയുടെ പേര് എന്നിവ ഉൾപ്പെടെ ബാങ്ക് വിവരങ്ങൾ
പെർമിറ്റിന്‍റെ കോപ്പി ലഭിക്കുന്നതിനും പെർമിറ്റ് നീട്ടുന്നതിനും ഇൻഷുറൻസ് തുക റീഫണ്ട് ചെയ്യുന്നതിനുമായി മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് ലോഗിൻ ചെയ്യാം. അപേക്ഷകയും ഒപ്പം സമർപ്പിച്ച രേഖകളും വിലയിരുത്തിയ ശേഷമായിരിക്കും പെർമിറ്റ് അനുവദിക്കുക. അൽ അവീറിലാണ് താൽക്കാലിക ക്യാമ്പിങ് സ്ഥലം.
വ്യക്തികൾക്കും കുടുംബങ്ങൾക്കും ശൈത്യകാലത്ത് ദുബൈയുടെ മരുഭൂമികൾ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ നിലനിർത്തുന്നതിന്‍റെ ഭാഗമായി പെർമിറ്റുകളിൽ ക്യാമ്പിന്‍റെ പരിധി കൃത്യമായി സൂചിപ്പിക്കും.
നിവാസികൾക്ക് പെർമിറ്റുള്ളവർക്ക് അനുവദിച്ച സ്ഥലത്ത് ക്യാമ്പ് നടത്താം. എന്നാൽ, എല്ലാ ക്യാമ്പുകളും ചുറ്റുവേലി കെട്ടി വേർതിരിക്കണം. അനുമതി പരിധിക്ക് പുറത്തുള്ള അനധികൃത ഉപയോഗമോ ഘടനകളോ അനുവദിക്കില്ലെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

