Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാട്സ് ആപ് സന്ദേശം തെളിവായി; 69,000 ദിർഹം തിരിച്ചടക്കാൻ യുവതിക്ക് അബൂദബി കോടതിയുടെ ഉത്തരവ്

text_fields
bookmark_border
വാട്സ് ആപ് സന്ദേശം തെളിവായി; 69,000 ദിർഹം തിരിച്ചടക്കാൻ യുവതിക്ക് അബൂദബി കോടതിയുടെ ഉത്തരവ്
cancel

അബൂദബി: വ്യക്തിഗത വായ്പയായി വാങ്ങിയ 69,000 ദിർഹവും നഷ്ടപരിഹാരമായി 8000 ദിർഹവും ഉൾപ്പെടെ ആകെ 77,000 ദിർഹം യുവതി പരാതിക്കാരന് നൽകണമെന്ന് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. വായ്പയുമായി ബന്ധപ്പെട്ട് പരാതിക്കാരൻ ഉന്നയിച്ച പലിശ ആവശ്യങ്ങൾ കോടതി തള്ളി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഹായമായി നൽകിയ 69,000 ദിർഹം സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് നൽകിയതെന്നും, എന്നാൽ തിരിച്ചടവ് വൈകിപ്പിക്കുകയും നിരന്തര ആവശ്യങ്ങൾക്ക് ശേഷവും നൽകാൻ വിസമ്മതിക്കുകയുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി യുവാവ് നൽകിയ കേസിലാണ് വിധി.

69,000 ദിർഹം വായ്പാ തുകയായി തിരിച്ചടക്കുന്നതിനൊപ്പം നിയമപരമായ പലിശയും 7,280 ദിർഹം വായ്പാ പലിശയും നഷ്ടപരിഹാരമായി 10,000 ദിർഹവും നൽകണമെന്നായിരുന്നു പരാതിക്കാരന്‍റെ ആവശ്യം. വാദത്തെ സാധൂകരിക്കാനായി വാട്സ്ആപ്പ് സംഭാഷണങ്ങൾ ഉൾപ്പെടുന്ന രേഖകൾ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ചു. ഇലക്ട്രോണിക് ആശയവിനിമയങ്ങൾക്കും അവയുടെ പകർപ്പുകൾക്കും നിയമപരമായ തെളിവുമൂല്യമുണ്ടെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഇലക്ട്രോണിക് രേഖയുമായി അവയുടെ ആധികാരികതയും പൊരുത്തവും തെളിയിക്കപ്പെട്ടാൽ മാത്രമേ ഇത് ബാധകമാകൂ.

വാട്സ്ആപ്പ് സംഭാഷണങ്ങളിൽ, ‘സാധ്യമെങ്കിൽ എത്രയും വേഗം തുക നൽകാം’ എന്ന് പ്രതി വ്യക്തമാക്കുന്നതിലൂടെ 69,000 ദിർഹമിന്‍റെ കടം അവർ സമ്മതിക്കുന്നതായി കോടതി നിരീക്ഷിച്ചു. സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിൽ ഈ പ്രയോഗം കടത്തിന്‍റെയും തുക തിരിച്ചടക്കാനുള്ള പ്രതിയുടെ ബാധ്യതയുടെയും തെളിവായാണ് കോടതി വിലയിരുത്തിയത്. പണം സമ്മാനമായി നൽകിയതാണെന്ന വാദത്തിന് ഇത് അടിസ്ഥാനമാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കടം തിരിച്ചടച്ചതായി തെളിയിക്കാൻ പ്രതിക്ക് കഴിയാത്ത സാഹചര്യത്തിൽ 69,000 ദിർഹം പരാതിക്കാരന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.

തിരിച്ചടവ് വാഗ്ദാനങ്ങളും തുടർച്ചയായ ആവശ്യങ്ങളും ഉണ്ടായിട്ടും പണം തടഞ്ഞുവെച്ചത് പ്രതിയുടെ ബാധ്യതയുടെ ലംഘനമാണെന്നും, ഇത് പരാതിക്കാരന് തന്‍റെ പണത്തിന്‍റെ പ്രയോജനം നഷ്ടപ്പെടുത്തുകയും മാനസിക വിഷമത്തിനും പ്രയാസത്തിനും കാരണമായെന്നും കോടതി വിലയിരുത്തി. തുടർന്ന് ഭൗതിക നഷ്ടത്തിന് 5000 ദിർഹവും ധാർമിക നഷ്ടത്തിന് 3,000 ദിർഹവും നഷ്ടപരിഹാരമായി അനുവദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - WhatsApp message
Next Story