വാട്സ്ആപ്പിലൂടെ ലഹരി ഇടപാട്; മുന്നറിയിപ്പുമായി പൊലീസ്
text_fieldsദുബൈ: വാട്സ്ആപ് മെസേജുകൾ അയച്ച് ലഹരിവസ്തുക്കൾ വിൽക്കുന്ന സംഘം സജീവം. ഹഷീഷ്, ക്രിസ്റ്റൽ മിത്ത് പോലുള്ളവയാണ് വാട്സ്ആപ് വഴി കച്ചവടം ചെയ്യുന്നത്. ഓൺലൈൻ ഇടപാടിലൂടെ ലഹരിവസ്തുക്കൾ വാങ്ങുന്നവർക്ക് 50,000 ദിർഹം പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. അക്കൗണ്ട് റദ്ദാക്കുന്നതും പണമിടപാടുകൾ തടയുന്നതും അടക്കമുള്ള നടപടികളെടുക്കും. ഓൺലൈൻ വഴി ലഹരിവിൽപന നടത്തുന്നവർക്ക് 10 ലക്ഷം ദിർഹം പിഴയും തടവും ലഭിക്കും.
വിദേശരാജ്യങ്ങളിലെ പരിചയമില്ലാത്ത നമ്പറുകളിൽനിന്നാണ് യു.എ.ഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരിസന്ദേശങ്ങൾ വരുന്നത്. വിവിധ മയക്കുമരുന്നുകളുടെ ചിത്രങ്ങൾ സഹിതമാണ് മെസേജ്. ആവശ്യമുണ്ടെങ്കിൽ മറുപടി അയക്കണമെന്ന് അറബിയിൽ കുറിച്ചിട്ടുണ്ട്. ഏതൊക്കെ ലഹരി മരുന്നുകളാണ് തങ്ങളുടെ കൈയിലുള്ളതെന്നും മെസേജിൽ പറയുന്നുണ്ട്. മാർച്ചിൽ ഓൺലൈൻ വഴി ഇത്തരം ഇടപാടുകൾ നടത്തിയ നൂറുപേരെ ദുബൈ പൊലീസ് പിടികൂടിയിരുന്നു. ജി.പി.എസിന്റെ സഹായത്തോടെ ലൊക്കേഷൻ നൽകിയശേഷം അവിടെ വെച്ചാണ് ഇടപാടുകൾ നടത്തുന്നത്. ആളൊഴിഞ്ഞ ഇടങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരം മെസേജുകൾ ലഭിച്ചാൽ ഉടൻ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

