‘പരീക്ഷ’ണത്തിനെന്ത് പരിഹാരം?
text_fieldsപ്ലസ് വൺപരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന നിവേദനം
പുത്തൂർ റഹ്മാനും അൻവർ നഹയും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറുന്നു
ദുബൈ: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കേരള ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വലിയൊരു വിഭാഗം പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. ഗൾഫ് മേഖലയിലുണ്ടായ സംഘർഷപരമായ സാഹചര്യങ്ങളെ തുടർന്ന് മാർച്ച് മാസത്തിൽ നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയും പ്ലസ് ടു പരീക്ഷകളും നിരവധി വിദ്യാർഥികൾക്ക് എഴുതാൻ സാധിച്ചിരുന്നില്ല. എന്നാൽ, പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ, പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് മുമ്പ് ലഭിച്ച അതേ മാർക്കുകൾ തന്നെ പ്ലസ് ടു മാർക്കായും പരിഗണിച്ചതോടെ നിരവധി വിദ്യാർഥികൾ പരാജയപ്പെട്ടു. പ്രതീക്ഷിച്ച ഉയർന്ന മാർക്കുകൾ പലർക്കും ലഭിക്കാതിരിക്കുകയും ചെയ്തു.
നിയന്ത്രണാതീതമായ അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇത്തരത്തിൽ ഫലം നൽകിയത് നീതിയുക്തമല്ലെന്നാണ് പൊതുവായ നിരീക്ഷണം. വളരെക്കുറിച്ചുപേർ മാത്രം ഉപരിപഠനത്തിന് യോഗ്യത നേടാതെ പോകുന്ന ഗൾഫിലെ സ്കൂളുകളിൽനിന്ന് ഇക്കുറി പരീക്ഷയെഴുതിയ മൊത്തം 592 കുട്ടികളിൽ 123 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയത്.
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പരീക്ഷ നടക്കാതെ പോയപ്പോൾ 11-ാം ക്ലാസിന്‍റെ അതേ മാർക്ക്, നടക്കാതെ പോയ പ്ലസ് ടു പരീക്ഷക്കും നിശ്ചയിച്ച് എളുപ്പത്തിൽ ‘പരിഹാരം’ കാണുകയായിരുന്നു അധികൃതർ എന്ന വിമർശനം ശക്തമാണ്. കുട്ടികളുടേതല്ലാത്ത കാരണത്താൽ പരീക്ഷ നടക്കാതെ പോയപ്പോൾ അവരുടെ ഭാവി കണക്കിലെടുത്ത് ഫലം നിർണയിക്കാൻ ഉചിതമായ രീതികൾ അവലംബിക്കേണ്ടിയിരുന്ന സാഹചര്യത്തിൽ എളുപ്പം കൈകഴുകുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് എന്നാണ് പരാതി.
അഞ്ചിലൊന്നോളം കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടാനാവാതെ പോയ സാഹചര്യം സർക്കാർ പ്രത്യേകം പരിഗണിക്കണമായിരുന്നുവെങ്കിലും അതുണ്ടായില്ലെന്നാണ് പ്രവാസി രക്ഷിതാക്കളുടെ പരിഭവം. പ്ലസ് ടു പരീക്ഷ എഴുതാത്ത കുട്ടികൾ പരാജയപ്പെട്ടു എന്ന് എളുപ്പം വിധിയെഴുതുന്നതിനപ്പുറം, സി.ബി.എസ്.ഇ അധികൃതർ ഉൾപ്പെടെ അവലംബിച്ച രീതികളും കേരള വിദ്യാഭ്യാസ വകുപ്പിന് പകർത്താമായിരുന്നു എന്ന് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നു.
യുദ്ധം പരീക്ഷ മുടക്കിയതിനാൽ ഗൾഫിലെ വിദ്യാർഥികളുടെ ഒന്നാം വർഷത്തെ മാർക്കും, രണ്ടാം വർഷത്തെ പ്രാക്ടിക്കൽ, ഇന്‍റേണൽ മാർക്കുമാണ് മൂല്യനിർണയത്തിന് പരിഗണിച്ചത്.
ഒന്നാംവർഷം മാർക്ക് കുറഞ്ഞ വിഷയം രണ്ടാം വർഷത്തെ പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി ജയിക്കാം എന്ന് കരുതിയവർക്കാണ് യുദ്ധം വിനയായത്. ഒന്നാം വർഷത്തിൽ മാർക്ക് കുറഞ്ഞതിന് രണ്ടാം വർഷത്തിന് നന്നായി തയാറെടുപ്പ് നടത്തിയ വിദ്യാർഥികളായിരുന്നു അധികവും. പക്ഷേ, ഒന്നും നടന്നില്ല. സയൻസ് സ്കീമിൽ പ്ലസ് വണ്ണിൽ തുടക്കത്തിൽ ട്രാക്കിലാവാതെ പോകുന്ന കുട്ടികൾ അടുത്ത വർഷം മികച്ച മാർക്ക് വാങ്ങി ജയിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ, ഗൾഫിലെ വിദ്യാർഥികൾക്ക് ഇക്കുറി അങ്ങനെയൊരു സാവകാശം പോലും കിട്ടിയില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും പരാതിപ്പെടുന്നു.
നന്നായി പഠിക്കുന്ന കുട്ടികളടക്കം ഉപരിപഠനത്തിന് യോഗ്യത നേടാതെ പോയിട്ടുണ്ടെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഒരുപാടുകുട്ടികൾ മാനസികമായിത്തന്നെ പ്രയാസത്തിലാണിപ്പോൾ. അധ്യാപകർക്കാവട്ടെ, ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാനാവാത്ത അവസ്ഥയാണ്.
പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച്, നടത്താനാകാത്ത പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കുകയോ, സ്കൂൾ തല പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിക്കുകയോ ചെയ്ത് വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
നൂറിലേറെ കുട്ടികളുടെ ഭാവി വിഷയമായ വിഷയത്തിൽ വിവിധ പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടാത്തവർക്ക് ജൂണിൽ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂലൈയിൽ സേ പരീക്ഷയുടെ ഫലം വരും. അതുകൊണ്ട് വർഷം നഷ്ടപ്പെടില്ലെന്നാണ് അധികൃതരുടെ പ്രതികരണം
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കെ.എം.സി.സി നിവേദനം നൽകി
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകുന്നു
ദുബൈ: ഗൾഫ് രാജ്യങ്ങളിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം വിദ്യാർഥികൾ പരീക്ഷാ ഷെഡ്യൂളിൽ നേരിടുന്ന അനിശ്ചിതാവസ്ഥകൾക്ക് ശാശ്വത പരിഹാരം കാണണമെന്നും, പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീനും നിവേദനം നൽകി.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് ഇ-മെയിൽ മുഖേന വിശദമായ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പുത്തൂർ റഹ്മാനും അൻവർ നഹയും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ മലപ്പുറം ജില്ല ഭാരവാഹികൾ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു. ഗൾഫ് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരീക്ഷാ സംബന്ധമായ ആശങ്കകളും വിശദീകരിച്ചു. വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് ആവശ്യമായ പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു. ജില്ല കമ്മിറ്റി ഭാരവാഹികളായ ഒ.ടി. സലാം, കരീം കാലടി, മൊയ്തീൻ പൊന്നാനി, ശരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, അക്ബർ തെക്കെപുറം എന്നിവരാണ് മന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

