പുതിയ രോഗങ്ങളും വൈറസുകളും എന്നും മനുഷ്യരാശിക്ക് വെല്ലുവിളിയാണ്. അതു നൽകുന്ന ആശങ്കകളും ചെറുതല്ല .ഭയവും ആശങ്കയും മാറ്റി നിർത്തി എന്താണ് കുരങ്ങ് പനി, എങ്ങനെ നേരിടാം എന്നതിനെ കുറിച്ച് ചിന്തിക്കാം .
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നു മറ്റു മനുഷ്യരിലേക്കും പകരുന്ന വൈറസാണിത്. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും ഇത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ആരോഗ്യവകുപ്പ് ഇതിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.
യു.കെ.എച്ച്.എസ്.എയുടെ അഭിപ്രായത്തിൽ കുരങ്ങ് പനി വൈറസ് സാധാരണയായി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗമാണ്. ചില സന്ദർഭങ്ങളിൽ മാത്രമേ ഇത് ഗുരുതരമാകാറുള്ളൂ. രോഗബാധിതരായ മിക്ക രോഗികളും ചുരുങ്ങിയ സമയത്തിനുള്ളിൽ സുഖം പ്രാപിക്കുന്നു. രോഗബാധിതനുമായി അടുത്തിടപഴകുന്നവർക്ക് വൈറസ് പിടിപെടാം. ഈ രോഗം തടയാൻ വസൂരി വാക്സിനേഷൻ 85 ശതമാനം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് കുരങ്ങ് പനി അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്.
ലക്ഷണങ്ങൾ
ചിക്കൻ പോക്സ് പോലുള്ള അസുഖമാണിത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, തലവേദന, പുറം വേദന, പേശികളിൽ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ദേഹമാസകലം തിണർപ്പുകൾ ഉണ്ടാവുകയും ചെയ്യും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കും.
ചികിത്സ
വൈറല്‍ രോഗമായതിനാല്‍ കുരങ്ങ്പനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. എന്നാൽ, രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കുരങ്പനിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്. അസുഖബാധിതരുമായി സമ്പർക്കമുണ്ടായാൽ 14 ദിവസത്തിനകം വാക്സിനേഷൻ എടുത്തിരിക്കണം.
എങ്ങനെ പ്രതിരോധിക്കാം:
അസുഖ ബാധിതരായ ആളുകളിൽ നിന്നു അകലം പാലിക്കുക
അവരുപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ സ്പർശിക്കാതിരിക്കുക
ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തലോ ഏൽക്കാനിടയായാൽ സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.
മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക.
മൃഗങ്ങളെ തൊട്ടതിന് ശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വച്ച് കഴുകുക.
അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക.