കേരളം യു.ഡി.എഫിന് സ്വാഗതമോതുന്നു -കെ.എം.സി.സി
text_fieldsദുബൈ: വരും വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഐക്യമുന്നണിക്ക് ഗംഭീരമായി സ്വാഗതമോതിയിരിക്കുകയാണ് കേരളമെന്ന് വേൾഡ് കെ.എം.സി.സി. രണ്ടുതവണ ഇടതുപക്ഷത്തിന് അവസരം നല്‍കിയത് അബദ്ധമായെന്ന് കേരള ജനത തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ ഫലം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി യു.ഡി.എഫ് നേടിയിട്ടില്ലാത്ത വന്‍ നേട്ടമാണ് ഇക്കുറി ഉണ്ടാക്കിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരം എന്നുമാത്രം പറയുന്നതില്‍ കാര്യമില്ല. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, സര്‍ക്കാറിന്റെ വികസനനേട്ടങ്ങള്ക്കുപരിയായി ഒരു പെണ്ണുകേസിലേക്ക് മാത്രം പ്രചാരണം ഊന്നി. കാരണം ഭരണപരമായ നേട്ടങ്ങള്‍ പറയാനില്ലാത്തതുതന്നെ. പ്രളയ-കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റുകള്‍ക്കല്ല, അന്നത്തെ സര്‍ക്കാറിന്റെ ആ കരുതലിനായിരുന്നു ജനങ്ങള്‍ വിലയിട്ടത്. മറ്റു സംസ്ഥാനങ്ങളെ പോലെ ക്ഷേമപെന്‍ഷനും സൗജന്യങ്ങളും കൊണ്ട് വിലയ്ക്ക് വാങ്ങാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത.
കിറ്റും പെന്‍ഷനും വാങ്ങിയവര്‍ വോട്ട് തന്നില്ലെന്നൊരു വിലയിരുത്തിലിലാണ് ഇടതുപക്ഷമെങ്കില്‍ അവര്‍ക്കിനിയൊരു തിരിച്ചുവരവ് ഇല്ല. തങ്ങള്‍ക്ക് അനുകൂലമാക്കി കേരളത്തിലെ സകല പഞ്ചായത്ത് വാര്‍ഡുകളും വെട്ടിമുറിച്ചിട്ടും യു.ഡി.എഫിന്റെ പ്രതിരോധം വിജയം കണ്ടുവെന്നതും പ്രസ്താവ്യമാണ്.
സർക്കാറിനെതിരായ വിധിയെഴുത്ത് -ഇൻകാസ്
ദുബൈ: പിണറായി സർക്കാറിന്റെ ദുർഭരണത്തിനെതിരെ വിധിയെഴുതിയ കേരളത്തിലെ പ്രബുദ്ധജനതയെ ഇൻകാസ് അഭിവാദ്യം ചെയ്യുന്നതായി ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ. കേരളത്തിൽ വികസന മുരടിപ്പുണ്ടാക്കുകയും സമസ്ത മേഖലകളിലും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുകയും ചെയ്ത സർക്കാറിനെതിരെയുള്ള വിധിയെഴുത്താണിത്. സോഷ്യൽ എൻജിനീയറിങ്ങിന്റെ പേര് പറഞ്ഞ് വർഗീയ സാമുദായികശക്തികളെ കൂടെ നിർത്തി യു.ഡി.എഫിനെ പരാജയപ്പെടുത്താമെന്നുള്ള വ്യാമോഹമാണ് പ്രബുദ്ധ കേരളജനത തൂത്തെറിഞ്ഞത്. കേരള ജനത ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നുവെന്ന് വീണ്ടും തെളിയിച്ചു.
പി.എം.സി അടക്കമുള്ള സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കാമെന്ന വ്യാമോഹത്തിലൂടെ ഹിന്ദു വോട്ടുകളും ബി.ജെ.പി വോട്ടും കണ്ണുവെച്ച പിണറായിക്ക് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോയ അനുഭവമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ചരിത്രവിജയം -ഇൻകാസ് ദുബൈ
ദുബൈ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ദുബൈ ഇൻകാസ് പ്രവർത്തകർ. ഇത് ചരിത്രവിജയമാണെന്നും ഒമ്പതര വർഷക്കാലം ജനങ്ങൾ അനുഭവിച്ച യാതനകൾക്കുള്ള മറുപടിയാണെന്നും യു.എ.ഇ ഇൻകാസ് പ്രസിഡന്റ് സുനിൽ അസീസ് പറഞ്ഞു. ഇൻകാസിന്റെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുബൈ കമ്മിറ്റി പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഈ തെരഞ്ഞെടുപ്പിൽ ഇൻകാസ് മുൻ ഭാരവാഹികളായ നിരവധി പേർ വിജയിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇൻകാസ് ഗ്ലോബൽ നേതാവ് അഡ്വ. ആഷിഖ് തൈക്കണ്ടി, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ. നാസർ, സി.എ. ബിജു, വർക്കി ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ബാബുരാജ്, പ്രജീഷ് ബാലുശ്ശേരി, ജിൻസി മാത്യൂ, അൻഷാദ്, ടിപ്പു അശ്റഫ്, രാജറാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

