ഷാർജ ഇന്ത്യൻ സ്കൂളിൽ പ്രവേശനോത്സവം
text_fieldsനവാഗത കുട്ടികൾക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം
ഷാർജ: പുതിയ അധ്യയനവർഷം ആരംഭിച്ച് യു.എ.ഇയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ഉത്സാഹത്തിമിർപ്പോടെ ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പ്രവേശനോത്സവം ഒരുക്കി. കളിച്ചും ചിരിച്ചും ചിണുങ്ങിയും ഒന്നാം ക്ലാസിലേക്ക് എത്തിയ കുരുന്നുകൾക്ക് നവ്യാനുഭവമായി ആദ്യദിനം.
ഷാർജ ഇന്ത്യൻ അസോസിയേഷന് കീഴിലുള്ള ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിൽ (ജുവൈസ) അയ്യായിരത്തിൽ പരം കുട്ടികളാണ് പഠിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ. റെജി, മാനേജിങ് കമ്മിറ്റി അംഗം നസീർ കുനിയിൽ, സ്കൂൾ എം.എസ്.ഒ ബദ്രിയ ഇബ്രാഹിം, പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഹെഡ്മിസ്ട്രസുമാരായ ഷൈലജ രവി, ദീപ്തി ടോംസി, സൂപ്പർവൈസർ ആശ രവീന്ദ്രൻ നായർ എന്നിവർ ചേർന്നാണ് മധുരം നൽകിയും ആശംസകൾ നേർന്നും കുട്ടികളെ സ്വീകരിച്ചത്.
കുട്ടികളുടെ സുരക്ഷയോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടെ ആഹ്ലാദപ്രദമായ പഠനാന്തരീക്ഷമാണ് സ്കൂളിൽ പുതുതായി ഒരുക്കിയിട്ടുള്ളതെന്നു അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കുട്ടികൾക്കായി സ്വീകരണ കലാപരിപാടികളും അരങ്ങേറി. സൂപ്പർവൈസർമാർ, അധ്യാപകർ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

