വീക്കെൻഡ് ആഘോഷം വീട്ടിലാക്കി പ്രവാസിസമൂഹം
text_fieldsദുബൈ: വാരാന്ത്യങ്ങൾ ആഘോഷത്തിമിർപ്പിലേക്ക് വഴിമാറുന്ന ദുബൈ ജനതക്ക് തീരെ പരിചിതമല്ലാത്ത ഒരു വെള്ളിയാഴ്ചയാണ് കടന്നുപോയത്. ഇടതടവില്ലാത്ത വാഹനവ്യൂഹങ്ങൾ ചീറിപ്പായുന്ന നഗരത്തിലെ പ്രധാന റോഡുകൾ ഇന്നലെ വല്ലപ്പോഴും വരുന്ന വാഹനങ്ങൾക്ക് വേണ്ടി മാത്രമായാണ് സിഗ്നൽ ലൈറ്റുകൾ തെളിയിച്ചത്. പാർക്കിങ് കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞുകിടക്കുന്ന മനോഹരമായ കാഴ്ചക്കും ദുബൈ നഗരം ആദ്യമായി സാക്ഷ്യം വഹിച്ചു. മാളുകളും സൂക്കുകളും പൂട്ടിയതോടെ എല്ലായിടത്തും വിജനത മാത്രമാണ് നിഴലിച്ചുനിന്നത്.
'വാരാന്ത്യങ്ങളിൽ ജനനിബിഡമായിരുന്ന ബീച്ചുകളും പാർക്കുകളും വിനോദകേന്ദ്രങ്ങളുമെല്ലാം കാഴ്ചക്കാരെ കാണാതെ തന്നെ ആദ്യദിവസം അനുഭവിച്ചുതീർത്തു. ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങൾ പൗരന്മാരും താമസക്കാരും അക്ഷരംപ്രതി അനുസരിച്ചപ്പോൾ, തിരക്കുകളൊഴിഞ്ഞ നേരമില്ലാത്ത ദുബൈ നഗരവും റോഡുകളും കടുത്ത മൗനത്തിലേക്കാണ് വഴിമാറിയത്.
ദേശീയ അണുനാശിനി പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി ജനങ്ങൾ വീട്ടിലിരക്കണമെന്ന നിർദേശം വന്നതോടെ പ്രവാസി സമൂഹത്തിെൻറ വെള്ളിയാഴ്ച ആഘോഷങ്ങളെല്ലാം വീട്ടിലൊതുങ്ങി. കുട്ടികളോടൊപ്പം കളിച്ചും ഇഷ്്ടഭക്ഷണം തയാറാക്കിയും സമയത്തിന് ആരാധന നിർവഹിച്ചുമാണ് പ്രവാസി കുടുംബങ്ങൾ നിരോധനകാലത്തെ ആദ്യദിനം കഴിച്ചുകൂട്ടിയത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം ഗൃഹനാഥന്മാർക്ക് ലഭിച്ചപ്പോൾ, ഒപ്പം കൂടി കളിചിരികൾ തുടരാൻ കളിക്കൂട്ടുകാരെ ലഭിച്ച സന്തോഷത്തിലായിരുന്നു പ്രവാസി കുടുംബങ്ങളിലെ കുട്ടികൾ. ബാച്ചിലർ മുറികളിലും വ്യത്യസ്തമായിരുന്നില്ല അവസ്ഥ.
ജുമുഅ കഴിഞ്ഞ ഉടൻ കുടുംബങ്ങളെയും കൂട്ടുകാരെയും തേടി പുറത്തേക്ക് കുതിച്ചിരുന്നവരെല്ലാം തനിച്ച് തന്നെ ളുഹർ നമസ്കാരം നടത്തി, നാട്ടിലെ ആശങ്കകളും പ്രശ്നങ്ങളും ചർച്ച ചെയ്ത് റൂമുകളിൽ തന്നെ കൂടി. ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയെ പിഴുതെറിയുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ എല്ലാ പ്രതസിന്ധികളെയും അതിജീവിച്ച് മുന്നേറുന്ന ഭരണസംവിധാനങ്ങൾക്കൊപ്പം ഒറ്റക്കെട്ടായി നമ്മളുണ്ട് എന്ന് പ്രഖ്യാപനമാണ് ദുബൈ നഗരം ആദ്യദിവസം പുലർത്തിയ ജാഗ്രതയിലൂടെ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
