ജബല്‍ ജെയ്സിലേക്ക് വാരാന്ത്യ ബസ് സര്‍വിസ്
text_fieldsറാസല്‍ഖൈമ: യു.എ.ഇയിൽ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ റാസല്‍ഖൈമയിലെ ജബല്‍ ജെയ്സിലേക്ക് വാരാന്ത്യ ബസ് സര്‍വിസ് ആരംഭിച്ച് റാക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ രാത്രി ഒമ്പതു വരെ ഓരോ മണിക്കൂറിലുമാണ് ബസ് സര്‍വിസ് നടത്തുന്നത്. ആദ്യ ട്രിപ് അല്‍ ജസീറ അല്‍ ഹംറയില്‍നിന്ന് ആരംഭിക്കും. അവസാന ട്രിപ് രാത്രി ഒമ്പതിന് ജബല്‍ ജെയ്സില്നിന്ന് പുറപ്പെടും.
വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന ഹോട്ടലുകളെ ബന്ധിപ്പിച്ചാണ് ബസ് സര്‍വിസ് തുടങ്ങിയിട്ടുള്ളത്. സോഫിറ്റെല്‍ അല്‍ ഹംറ ബീച്ച് റിസോര്‍ട്ട്, വാള്‍ഡ്റോഫ് അസ്റ്റോറിയ, റിക്സോസ് ബാബ് അല്‍ ബഹര്‍, മൂവിന്പിക്ക് റിസോര്‍ട്ട് മര്‍ജാന്‍ ഐലന്റ്, പുള്‍മാന്‍ റിസോര്‍ട്ട് മര്‍ജാന്‍ ഐലന്റ്, റോവ് അല്‍ മര്‍ജാന്‍, ഹാംപ്ടണ്‍ ബൈ ഹില്‍ട്ടണ്‍ തുടങ്ങി വിവിധ ഹോട്ടലുകളെ ബന്ധിപ്പിച്ചിട്ടുള്ളതാണ് റാക്ടയുടെ യെല്ലോ ബസ് റൂട്ട്. അഡ്നോക് ജബല്‍ ജെയ്സ്, ബെയര്‍ ഗ്രില്‍സ് എക്സ്പ്ളോറേഴ്സ് ക്യാമ്പ്, സെയ്ജ മൗണ്ടന്‍ ലോഡ്ജ്, ജെയ്സ് വ്യൂവിങ് ഡെക്ക് പാര്‍ക്ക്, 184 ബൈ പ്യൂറോ റസ്റ്റാറന്റ് തുടങ്ങിയ ഇടങ്ങളിൽ ബസിന് സ്റ്റോപ്പുകളുണ്ടാകും.
റാക്ടയുടെ ട്രാന്‍സ്പോര്‍ട്ട് മാസ്റ്റര്‍ പ്ലാന്‍ 2030ന്റെ ഭാഗമായാണ് ‘യെല്ലോ റൂട്ട്’ എന്ന പേരിൽ പുതിയ വാരാന്ത്യ പൊതു ബസ് സര്‍വിസ് അവതരിപ്പിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലുടനീളം ഗതാഗത ഓപ്ഷനുകള്‍ വികസിപ്പിക്കുകയും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഗതാഗത ബദല്‍ ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
2026 ഏപ്രില്‍ അവസാനം വരെ പുതിയ യെല്ലോ റൂട്ട് ജബല്‍ ജെയ്സ് ബസ് സര്‍വിസ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശൈത്യകാലത്തിന് തുടക്കമായതോടെ ജബൽ ജെയ്സ് സന്ദർശിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഡിസംബർ തുടക്കമാകുന്നതോടെ ജബൽ ജെയ്സ് മലനിരകളിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

