അബൂദബിയിൽ കല്യാണ മാമാങ്കം; മൂന്നുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 4320 വിവാഹങ്ങൾ
text_fieldsഅബൂദബി: അനിശ്ചിതത്വങ്ങൾക്കിടയിലും അബൂദബിയിൽ കല്യാണ മാമാങ്കം. കഴിഞ്ഞ മൂന്നു മാസത്തിനിടെ എമിറേറ്റിൽ രജിസ്റ്റർ ചെയ്തത് 4320 വിവാഹങ്ങൾ. ജനുവരി മുതല്‍ മാര്‍ച്ച് 25 വരെയുള്ള കണക്കാണ് അബൂദബി ജുഡീഷ്യൽ വകുപ്പ് പുറത്തുവിട്ടത്. ഇക്കാലയളവിൽ 4,566 വിൽപത്രങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതായത് മൂന്നു മാസത്തിനിടെ ആകെ നടന്നത് 8,886 രജിസ്ട്രേഷനുകളാണ്. ഫെബ്രുവരി 28 മുതൽ മാർച്ച് 25 വരെയുള്ള ഒരു മാസക്കാലയളവിൽ മാത്രം രേഖപ്പെടുത്തിയത് 2,614 രജിസ്ട്രേഷനുകളാണ്.
ഇതിൽ 934 എണ്ണം വിവാഹ രജിസ്ട്രേഷനും 1680 എണ്ണം വിൽപത്ര രജിസ്ട്രേഷനുമാണ്. ജുഡീഷ്യൽ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇക്കലയളവിൽ മണിക്കൂറില്‍ 13 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അബൂദബിയിലെ വിവാഹ നിയമത്തിലും ആസ്തി സംരക്ഷണ നിയമത്തിലുമുള്ള സ്വീകാര്യതയാണ് വർധിച്ചുവരുന്ന ഈ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് വകുപ്പ് വ്യക്തമാക്കി. 2021ല്‍ അബൂദബിയില്‍ വിവാഹ നിയമം നടപ്പാക്കിയതിനു ശേഷം ഇതുവരെയായി 60,000 ഓളം ദമ്പതികൾ വിവാഹിതരായിട്ടുണ്ട്. രജിസ്ട്രേഷൻ മേഖലയിൽ ഉയരുന്ന ആവശ്യങ്ങൾ വേഗത്തിലും കൃത്യമായും കൈകാര്യം ചെയ്യുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങളുടെയും കോടതി നടപടിക്രമങ്ങളുടെയും കാര്യക്ഷമതയാണ് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്. തടസ്സമില്ലാത്ത സേവനങ്ങളുടെയും ആധുനിക നിയമ സംവിധാനങ്ങളുടെയും പിന്തുണയോടെ അബൂദബിയിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വിദേശികൾ ഇഷ്ടപ്പെടുന്നുവെന്നതിന്‍റെ തെളിവാണ് വർധിച്ചുവരുന്ന വിവാഹ രജിസ്ട്രേഷനുകളെന്ന് വകുപ്പ് വ്യക്തമാക്കി. അതേസമയം, സ്വത്ത് സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് താമസക്കാരിൽ വളർന്നുവരുന്ന അവബോധമാണ് വിൽപത്ര രജിസ്ട്രേഷനുകളുടെ വർധിക്കാനുള്ള കാരണമായി വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കൃത്യവും സംഘടിതവുമായ മാർഗങ്ങളിലൂടെ വ്യക്തികൾക്ക് അവരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ അബൂദബിയിലെ നിയമ സംവിധാനങ്ങൾ മികച്ച പിന്തുണയാണ് നൽകുന്നത്. 2025ല്‍ 11000 വില്‍പത്രങ്ങളാണ് അബൂദബിയിൽ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

