യു.എ.ഇ തുറക്കുന്നത് കൂടുതൽ വിശാലമായ ആകാശം
text_fieldsആരോഗ്യമാണ് ധനം എന്നത് വെറും പഴഞ്ചൊല്ലല്ല മറിച്ച് പരമസത്യമാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. സമ്പന്ന രാഷ്ട്രങ്ങൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പല രാജ്യങ്ങളും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിൽ അടിപതറിപ്പോയി. വിവിധ രാജ്യങ്ങളിലെ അതിസമ്പന്നരായ മനുഷ്യർ പോലും പകർച്ചവ്യാധി പടരവെ ചികിത്സ കിട്ടാതെ വലഞ്ഞു. എന്നാൽ, ഇൗ ഘട്ടത്തെ ഏറ്റവും ഫലപ്രദമായി, സമചിത്തതയോടെ നേരിട്ട രാജ്യമേതെന്ന് ചോദിച്ചാൽ യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നതാണുത്തരം. ഇവിടെ ഒരാൾക്കും ചികിത്സ നിഷേധിക്കപ്പെട്ടില്ല. സമ്പന്നരാവെട്ട, സ്വദേശിയാവെട്ട, പ്രവാസിയാവെട്ട എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ് എന്ന ദർശനത്തിലൂന്നിയാണ് യു.എ.ഇ കോവിഡിനെ നേരിട്ടത്. ആരും ചികിത്സയും ഭക്ഷണവും ലഭിക്കാതെ ഇൗ നാട്ടിൽ വിഷമിക്കേണ്ടി വരില്ല എന്ന ദാർശനിക ഭരണാധികാരികളുടെ പ്രഖ്യാപനത്തിനു പിന്നാലെ ചടുലവേഗത്തിലാണ് നടപടിക്രമങ്ങളെല്ലാം നീങ്ങിയത്.
വിസിറ്റ് വിസയിൽ ജോലി അന്വേഷിച്ചു വന്ന കൈയിൽ ഒരു ദിർഹം പോലും നീക്കിയിരിപ്പില്ലാത്ത മനുഷ്യർക്കും പഞ്ചനക്ഷത്ര ആശുപത്രികളിൽ ചികിത്സയും ഹോട്ടലുകളിൽ ക്വാറൻറീനുമൊരുക്കി നൽകി.
ദുബൈ വേൾഡ് ട്രേഡ് സെൻററും അബൂദബി നാഷനൽ കൺവെൻഷൻ സെൻററും ഷാർജ എക്സ്പോ സെൻററുമെല്ലാം എത്ര വേഗത്തിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഫീൽഡ് ഹോസ്പിറ്റലുകളും ക്വാറൻറീൻ കേന്ദ്രങ്ങളുമായി മാറിയത്. എല്ലാ ഒാരോ മനുഷ്യെൻറയും ജീവന് മാന്യത കൽപിക്കുന്ന നാട് എന്ന പ്രതിച്ഛായ വരും നാളുകളിൽ യു.എ.ഇയെ ലോക ജനതക്ക് മുന്നിൽ കൂടുതൽ പ്രിയപ്പെട്ട ദേശമാക്കി മാറ്റും എന്നതിൽ സംശയമില്ല. അത്തരമൊരു നാട്ടിലേക്ക് വന്നു താമസമാക്കുവാനും സംരംഭകരാകുവാനും കൂടുതൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് ആളുകളെത്തും. ഇതിനകം തന്നെ ഏഷ്യ, ആഫ്രിക്ക, റഷ്യൻ മേഖല എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി വാണിജ്യ അന്വേഷണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിമാന സർവിസുകൾ പുനരാരംഭിക്കുന്നതോടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകർ ആദ്യമെത്താൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ സുപ്രധാന സ്ഥാനം യു.എ.ഇക്ക് തന്നെയായിരിക്കും. ഇത് റിയൽ എസ്റ്റേറ്റ് രംഗത്തും യു.എ.ഇയുടെ കുതിപ്പിന് കരുത്തു പകരും.
കോവിഡ് പ്രതിസന്ധിയുടെ തുടക്കഘട്ടത്തിൽ തന്നെ അത് വിപണിയിൽ വരുത്താനിരിക്കുന്ന ആഘാതം തിരിച്ചറിഞ്ഞ് യു.എ.ഇയിലെ ഭരണാധികാരികൾ പ്രഖ്യാപിച്ച ആശ്വാസ നടപടികളും ഒരു ജനപക്ഷ-വ്യാപാര സൗഹൃദ രാഷ്ട്രം എങ്ങിനെയായിരിക്കണം എന്നതിെൻറ ലോക മാതൃകയാണ്. ഉദാഹരണത്തിന് ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ് സോൺ-ഇവിടെ ലൈസൻസും ഗോഡൗണുകളും ഒാഫിസുകളുമുള്ള സംരംഭങ്ങൾക്കെല്ലാം രണ്ടു മാസത്തെ വാടക ഇളവു ചെയ്തു കൊടുത്തു. ഫീസുകൾ കുറച്ചു, ഫൈനുകൾ ഒഴിവാക്കി, വിസ കാലാവധി നീട്ടി നൽകി. ഇൗ ആനുകൂല്യങ്ങളെല്ലാം സംരംഭകന് നേരിട്ടാണ് ലഭിക്കുന്നത്.
നാടുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവരും വൈകാതെ തിരിച്ചെത്തുക തന്നെ ചെയ്യും. അവർക്കു പുറമെ പുതുതായി നിരവധി പേരുമെത്തും. ആരോഗ്യ അനുബന്ധ മേഖല, ശുചിത്വ ഉപകരണങ്ങൾ, ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ എന്നിവയിൽ മുതൽ മുടക്കാനാണ് നിലവിൽ കൂടുതൽ പേർ മുന്നോട്ടു വരുന്നത്. വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മാറുന്നതോടെ വൈവിധ്യമാർന്ന മേഖലകളിലേക്ക് കൂടുതൽ പേർ എത്തിച്ചേരും എന്നു തന്നെയാണ് പ്രതീക്ഷ. ഇനി തുറക്കാനിരിക്കുന്നത് വിശാലമായ അവസരങ്ങളുടെ പുതിയ ആകാശവും ഭൂമിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
