ദേര മാർക്കറ്റിലെ പട്ടിണിപ്പൂച്ചകളും പഞ്ചനക്ഷത്ര മീൻമാർക്കറ്റും
text_fieldsദേര മീൻ-പച്ചക്കറി മാർക്കറ്റ് അടച്ചിടാൻ ഒരുങ്ങുന്ന വിവരം ആദ്യമായി ‘ഗൾഫ് മാധ്യമം’ പുറത്തുവിട്ട ദിവസം ഒാഫിസിലെ ഫോണിന് വിശ്രമമില്ലായിരുന്നു. അസംഭവ്യമായ കാര്യം എന്ന സ്വരത്തിലാണ് വിളിച്ചയാളുകളിൽ ഭൂരിഭാഗം പേരും പ്രതികരിച്ചത്. കച്ചവടക്കാരും ജീവനക്കാരും ഉപഭോക്താക്കളും പകുതിയിലേറെയും മലയാളികളായ ദേര ഫിഷ്മാർക്കറ്റിനെ മാറ്റിനിർത്തിക്കൊണ്ടൊരു ദുബൈയെ കുറിച്ച് ചിന്തിക്കുന്നതു പോലും അവർക്ക് അസംഭവ്യമായിരുന്നു. പുതിയ മാർക്കറ്റിനെ കുറിച്ച് കാലങ്ങളായി പറഞ്ഞുകേൾക്കുന്നുവെന്നും അതൊന്നും നടക്കുന്ന കാര്യമല്ലെന്നും പലരും വാശിപിടിച്ചു. വാർത്ത വന്ന് ഏതാനും നാളുകൾക്കുള്ളിൽ പക്ഷേ അതു യാഥാർഥ്യമായി. ദേര ഫിഷ് മാർക്കറ്റിന് താഴ് വീണു. മീൻ അവശിഷ്ടങ്ങൾ കിട്ടാതെ പട്ടിണിയിലായ പൂച്ചക്കുഞ്ഞുങ്ങളെ രക്ഷിക്കാൻ നഗരസഭക്ക് ഇടപെടേണ്ട അവസ്ഥ വരെയായി. പുതിയ മാർക്കറ്റിൽ മീൻകല്ല് എടുക്കാതെ മാറിനിന്ന കച്ചവടക്കാർക്കും അതേ അവസ്ഥ തന്നെ.

എറണാകുളം മാർക്കറ്റിെൻറയോ കോഴിക്കോട് വലിയങ്ങാടിയുടെയോ യു.എ.ഇ പതിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ദേരയിലെ തനി നാടൻ ചന്തക്ക് പകരം തുറക്കപ്പെട്ട വാട്ടർഫ്രണ്ട് മാർക്കറ്റിലെത്തിയാൽ ബോധ്യമാവും വ്യാപാര രംഗത്ത് ഇൗ രാജ്യം ലക്ഷ്യമിടുന്ന മാറ്റം എങ്ങയെല്ലാമാണെന്ന്. മീൻ മണമോ വെള്ളമിറ്റി നനഞ്ഞ തറകളോ ഇല്ലാത്ത സമ്പൂർണമായി ശീതീകരിച്ച ലോക നിലവാരമുള്ള ഇൗ മാർക്കറ്റ് നൽകുന്ന പുത്തൻ അനുഭവം ഇവിടുത്തെ പൗരജനങ്ങളും പ്രവാസികളും വിനോദ സന്ദർശകരും ഒരുപോലെ ആസ്വദിക്കുന്നു.
ദുബൈയിലെ അത്ര പത്രാസില്ലെങ്കിലും ഇതു പോലെ ആധുനികമായതൊന്ന് ഷാർജ ജുബൈലിലുണ്ട്. മറ്റ് പല എമിറേറ്റുകളിലും ഉയരുന്നുമുണ്ട്.
എണ്ണേതര വരുമാനം വർധിപ്പിക്കുന്നതിന് വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിെൻറ ഭാഗം കൂടിയാണ് ഇൗ സുന്ദര മാർക്കറ്റുകൾ. നഗരം സുന്ദരമാകുേമ്പാൾ ബഖാലകൾക്കും കഫ്റ്റീരിയകൾക്കും ലോൺഡ്രികൾക്കുമെല്ലാം മുഖശ്രീ കൂേട്ടണ്ടിവരും. അതിനുള്ള സാമ്പത്തിക ചെലവ് താങ്ങാനാവാത്തവർ കച്ചോടം പൂേട്ടണ്ടി വരുന്ന പ്രതിസന്ധിയുണ്ടാകും.
അബൂദബിയിൽ നാല് വർഷം മുമ്പ് ബഖാലകളുടെ പരിഷ്കരണം നടന്നു. അക്കാലത്ത് തന്നെ അൽെഎനിലും ഇതേ പരിഷ്കരണം പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ വർഷം മുതലാണ് നടപ്പാക്കി തുടങ്ങിയത്. ഇതിെൻറ ഭാഗമായി അൽെഎനിലെ നിരവധി ബഖാലകൾ പുനർനിർമാണത്തിലാണ്.
പുറത്തുനിന്ന് നോക്കിയാൽ അകം മുഴുവനും കാണുന്ന രീതിയിൽ ബഖാല പുനർനിർമിക്കണമെന്നാണ് നിർദേശം. കടകളുടെ ഉയരം കുറക്കണം. കടയിലെ അലമാര തട്ടുകളിൽ കുറച്ച് സാധനങ്ങളേ വെക്കാവൂ. മൊത്തത്തിൽ സ്റ്റോക്ക് ചെയ്യുന്ന സാധനങ്ങളുെട അളവും കുറക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്. മാനദണ്ഡ പ്രകാരം പുനർനിർമാണം നടത്താൻ 75,000 മുതൽ ലക്ഷം ദിർഹം വരെയാണ് ചെലവ് വരുന്നതെന്ന് ബഖാല നടത്തിപ്പുകാർ പറയുന്നു. പരിഷ്കരണ നടപടിയുടെ ഒന്നാം ഘട്ടത്തിൽ 10,000 ദിർഹം അൽെഎൻ നഗരസഭയിൽ കെട്ടിവെക്കുകയും വേണം. നാല് കമ്പനികളാണ് അൽെഎനിൽ കരാറെടുത്ത് പുനർനിർമാണം നടത്തുന്നത്. 15 ദിവസം കൊണ്ട് നിർമാണം പൂർത്തീകരിക്കാമെന്നാണ് കരാറെങ്കിലും മാസം പിന്നിട്ടിട്ടും നിർമാണം കഴിയാത്ത നിരവധി ബഖാലകളുണ്ട്. അൽെഎനിലെ 95 ശതമാനത്തിലധികം ബഖാലകളും നടത്തുന്നത് മലയാളികളാണ്. പുതിയ പരിഷ്കരണം കച്ചവടം കുറയാൻ ഇടയാക്കുമെന്ന് കോട്ടക്കൽ വെന്നിയൂർ സ്വദേശിയും ത്വവിയ്യയിലെ ബഖാല ഉടമയുമായ അബ്ദുൽ അസീസ് പറയുന്നു. കടകൾ ഭംഗി കൂടുമെങ്കിലും ഉയരം കുറക്കുന്നതിനാൽ സാധനങ്ങൾ കൂടുതൽ സൂക്ഷിക്കാനാവില്ല. അലമാരത്തട്ടുകളിൽ കൂടുതൽ ഉൽപന്നങ്ങൾ വെക്കരുതെന്ന് നിർേദശവുമുണ്ട്. ആഴ്ചയിൽ ഒരു തവണ വന്ന് സാധനങ്ങൾ നൽകിയിരുന്ന വിതരണക്കാർക്ക് ഇനി രണ്ട് തവണ വരേണ്ടിവരും. സ്റ്റോക്ക് കുറയുന്നതോടെ കാർട്ടണുകൾ ആവശ്യപ്പെട്ട് വരുന്ന ഉപഭോക്താക്കൾക്ക് അവ നൽകാൻ കഴിയാതെ വരും. ഇത് വ്യാപാരത്തിൽ ഇടിവുണ്ടാക്കും. ബഖാലകളുെട സൗന്ദര്യവത്കരണം കൊണ്ട് പ്രധാന പാതയോരങ്ങളിലെ ചില കടകൾക്ക് അൽപം കച്ചവടം കൂടിയേക്കും. പക്ഷേ, കൂടുതൽ ബഖാലകളും ഗ്രാമങ്ങളിൽ (സാബിഅ) ആണ്. ദിവസം 2,500 ദിർഹത്തിെൻറ കച്ചവടമില്ലാതെ ഇനി ഇൗ രംഗത്ത് പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും അബ്ദുൽ അസീസ് പറയുന്നു. ഇത്തരത്തിലുള്ള ചെലവുകൾ താങ്ങാൻ പറ്റാത്ത ചിലർ കടകൾ കൈമാറിയിട്ടുണ്ട്. സമീപത്തെ രണ്ട് കടകൾ ഒന്നാക്കി പങ്കാളിത്ത വ്യവസ്ഥയിൽ പുനർനിർമാണം നടത്തി പരിഹാരം കണ്ടവരുമുണ്ട്.
നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ ദുബൈയിലെ 45 ശതമാനം ഷവർമ സ്റ്റാളുകൾ പൂട്ടാനാണ് 2016 നവംബർ ഒന്ന് മുതൽ ദുബൈ നഗരസഭ നടപടിയെടുത്തത്. ഷവർമ വിൽക്കുന്ന ചെറുതും ഇടത്തരവുമായ 572 ഒൗട്ട്ലെറ്റുകൾക്ക് പുതിയ മാനദണ്ഡം പാലിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും 318 എണ്ണത്തിന് മാത്രമേ ഇത്തരത്തിലുള്ള മാറ്റത്തിന് സാധിച്ചിരുന്നുള്ളൂ. ഷവർമ സ്റ്റാൻഡിെൻറ വലിപ്പം കൂട്ടുന്നതും ഷവർമ നിർമാണ ഉപകരണങ്ങളും സംഭരണ സംവിധാനങ്ങളും പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു മാനദണ്ഡങ്ങൾ.
സ്മാർട്ട് മാളുകളുടെ കടന്നുവരവും ഹൈപർ മാർക്കറ്റുകളുടെ വ്യാപനവും പാരമ്പര്യ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുടെ തിരശ്ശീല ഉയർത്തിയിരിക്കുന്നു. സ്മാർട്ട് മാളുകളുടെ ത്രീഡി സ്ക്രീനിൽ തൊട്ടുള്ള ഷോപ്പിങ് ദുബൈ മെട്രോ യാത്രക്കാർക്ക് നന്നായി ബോധിച്ചതായാണ് പരീക്ഷണ ഘട്ടത്തിൽ തെളിഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് എ.ഡി.സി.ബി, ഡമാക്, ദുബൈ ഇൻറർനെറ്റ് സിറ്റി, എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്മാർട്ട് മാളുകൾ തുറന്നത്. സ്ക്രീൻ വഴി തെരഞ്ഞെടുക്കുന്ന ഉൽപന്നങ്ങൾ ഉപഭോക്താവ് പറയുന്ന സ്ഥലത്തും സമയത്തും എത്തിയിരിക്കും. പണം ക്രെഡിറ്റ് കാർഡ് മുഖേന അടക്കാം. പരീക്ഷണ ഘട്ടത്തിലെ വിജയം കാരണം കൂടുതൽ സ്റ്റേഷനുകളിലേക്ക് സ്മാർട്ട് മാളുകൾ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ആർ.ടി.എ.
ഇത് കച്ചവട സ്ഥാപന ഉടമകളുടെ മുന്നിലുള്ള കടമ്പകളാണെങ്കിൽ ഇൗ മേഖലയിലെ ജീവനക്കാർക്കുമുണ്ട് നിരവധി വെല്ലുവിളികൾ. ചില്ലറവിൽപന മേഖലയിൽ നിലവിലുള്ള ഒാേട്ടാമേഷനുകൾക്ക് പുറമെ കൂടുതൽ സംവിധാനങ്ങളാണ് ലോകാടിസ്ഥാനത്തിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സാേങ്കതികവിദ്യ സ്വീകരിക്കുന്നതിൽ എന്നും മുന്നിൽ നിന്നിട്ടുള്ള യു.എ.ഇയിൽ ഇവ വ്യാപകമാവാൻ താമസമൊട്ടുമുണ്ടാകില്ല. അതിനാൽ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും േകൾക്കുന്ന, കാഷ് കൗണ്ടർ വിട്ടുപോകുവോളം നീണ്ടുനിൽക്കുന്ന ഫിലിപ്പൈൻ ‘താങ്ക്യൂ’വോ ഒരു ചെറു പുഞ്ചിരിയോടെയുള്ള ഇന്ത്യൻ തലയിളക്കമോ അൽപ കാലത്തിന് ശേഷം അപ്രത്യക്ഷമാകുന്നുവെങ്കിൽ അത്ഭുതപ്പെടാനില്ല. ഒരു കട മാത്രം ഒത്തിരി ഉൽപന്നങ്ങളുമായി നമ്മെ കാത്തിരിക്കുന്ന കാലമായിരിക്കും അത്.
ഇൗയൊരു സങ്കൽപമാണ് വാഷിങ്ടണിലെ സീറ്റ്ലിൽ പ്രമുഖ ഒാൺലൈൻ ചില്ലറ വിൽപന കമ്പനിയായ ആമസോൺ ആറ് മാസം മുമ്പ് യാഥാർഥ്യമാക്കിയത്. ‘ആമസോൺ േഗാ’ എന്ന് പേരുള്ള ഇൗ സ്റ്റോറിൽ കാഷ്യറോ പരിശോധനാ ഉദ്യോഗസ്ഥരോ ഇല്ല. മൊബൈൽ ഫോണിലുള്ള ആമസോൺ േഗാ ആപ്ലിക്കേഷൻ സ്റ്റോറിെൻറ കവാടത്തിൽ എൻറർ ചെയ്യുന്നതോടെ അകത്ത് പ്രവേശിക്കാം. ആവശ്യമുള്ളതെന്തും എടുത്ത് പുറത്തിറങ്ങാം. പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇൗടാക്കിയിരിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, അൽഗോരിതം, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയവയുടെ സഹായത്തോടെയാണിത് സാധ്യമാകുന്നത്.

ഒാേട്ടാമേഷൻ സംവിധാനങ്ങൾ വിപുലീകരിക്കുന്നതിൽ യു.എ.ഇയിലെ വ്യാപാരികൾ ഏറെ തൽപരരാണെന്നാണ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഹണിവെൽ-യുഗോവ് സർവേയിൽ വ്യക്തമാകുന്നതും. ഇത്തരം സാേങ്കതികവിദ്യകൾ സ്വീകരിച്ച രാജ്യത്തെ ചില്ലറ വിൽപന സ്ഥാപനങ്ങളിൽ 87 ശതമാനവും പറയുന്നത് ഇവ കാരണം ക്രിയാത്മകതയും ഉൽപാദനക്ഷമതയും വർധിച്ചുവെന്നാണ്. രാജ്യത്തെ ചില്ലറ വിൽപന ഉടമകളിൽ 38 ശതമാനവും അവരുടെ മേഖലയിൽ ഭാവിയുടെ സാേങ്കതികവിദ്യയായി വെയർഹൗസ് ഒാേട്ടാമേഷനെ കാണുന്നു. പാക്കിങ് തൊഴിലാളിയും മെർച്ചൻറയ്സറും മുതൽ സൂപ്പർവൈസർ വരെയുള്ള ജീവനക്കാർക്ക് തൊഴിൽനഷ്ടത്തിന് വെയർഹൗസ് ഒാേട്ടാമേഷൻ കാരണമായേക്കും. കാഷ്യറും അക്കൗണ്ടൻറും ഉൾപ്പെടെയുള്ളവരുടെ തൊഴിലിന് ഭീഷണിയാവുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ ഭാവി വാഗ്ദാനമായി കാണുന്നത് 36 ശതമാനം ചില്ലറവിൽപന വ്യാപാരികളാണ്.
(തുടരും)
തയ്യാറാക്കിയത്: സവാദ് റഹ്മാൻ,
ടി.ജുവിൻ, എസ്.എം. നൗഫൽ,
സുലൈമാൻ രണ്ടത്താണി,
ബഷീർ മാറഞ്ചേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
