മാലിന്യമുക്ത അബൂദബിക്ക് വൻ പദ്ധതി
text_fieldsഅബൂദബി ഖാലിദിയയിലെ മാലിന്യ റീസൈക്ലിങ് കേന്ദ്രം
മാലിന്യമുക്ത അബൂദബിക്ക് വൻ പദ്ധതി
അബൂദബി: 2071ഓടെ ഭൂമിയില്‍ മാലിന്യം തള്ളുന്നത് പൂര്‍ണമായും ഒഴിവാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് അബൂദബി. അബൂദബി പരിസ്ഥിതി ഏജന്‍സി (എ.ഇ.ഡി) ആണ് അമ്പതുവര്‍ഷം മുന്നില്‍കണ്ടുള്ള പദ്ധതി പ്രഖ്യാപിച്ചത്. മാലിന്യം കിടക്കുന്ന ഇടം സാറ്റലൈറ്റ് സാങ്കേതിവിദ്യ ഉപയോഗിച്ചു കണ്ടെത്താനും നിര്‍മിത ബുദ്ധി സഹായത്തോടെ ഇവ തരംതിരിക്കാനും ആളില്ലാ വാഹനം ഉപയോഗിച്ച് എമിറേറ്റിന്റെ തെരുവുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയിലുള്ളത്. അമ്പത് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ എല്ലാ നഗരങ്ങളുടെ മാലിന്യമുക്തമാക്കുകയെന്നതാണ് തങ്ങളുടെ അഭിലാഷമെന്ന് എ.ഇ.ഡിയിലെ ലീഡ് അനലിസ്റ്റ് ആയ സാറാ അല്‍ മസ്റൂയി പറഞ്ഞു.
യു.എ.ഇയിലുടനീളം മാലിന്യങ്ങളിലേറെയും നിലവില്‍ മണ്ണില്‍ തള്ളുകയാണ്. ഇത് അവസാനിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. 2030ഓടെ മണ്ണില്‍ തള്ളുന്ന മാലിന്യത്തില്‍ 80 ശതമാനവും മറ്റ് രീതിയിലേക്ക് വഴിതിരിച്ചുവിടുകയെന്നാണ് അബൂദബിയിലെ മാലിന്യനിര്‍മാര്‍ജന കേന്ദ്രമായ തദ് വീര്‍ പദ്ധതിയിടുന്നത്. റീസൈക്ലിങ് അടക്കമുള്ള നിരവധി പദ്ധതികള്‍ക്കാണ് അബൂദബി ഏതാനും വര്‍ഷങ്ങള്‍ക്കിടെ രൂപം നല്‍കിയിട്ടുള്ളത്. കൂടുതല്‍ റീസൈക്ലിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനു പുറമേ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം അബൂദബി ജൂണ്‍ മുതല്‍ നടപ്പാക്കുകയാണ്. 16ഓളം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ നിരോധിക്കുന്നത്. 2024 ഓടെ കൂടുതല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും നിരോധിക്കും.
സംയോജിത മാലിന്യ സംസ്കരണത്തിനായി അബൂദബി പരിസ്ഥിതി ഏജന്‍സി അടുത്തിടെ പുതിയ നിയമം പുറത്തിറക്കിയിരുന്നു. ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ് യാന്‍ അംഗീകാരം നല്‍കിയതാണ് നിയമം. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാവുന്നത് തടയുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നടപടി. മാലിന്യനിര്‍മാര്‍ജനം ലളിതമാക്കുന്നതിനൊപ്പം ഈ മേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും നിയമം സഹായകമാവും.
മാലിന്യശേഖരണം, തരംതിരിക്കല്‍, പുനരുപയോഗം, സുരക്ഷിതമായ മറവ് ചെയ്യല്‍ തുടങ്ങിയവയ്ക്ക് ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുക, അനധികൃതമായ മാലിന്യനിക്ഷേപം നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളും നിയമത്തിന് പിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

