കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കിരുത്തി പോകരുതെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ:നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തുപോകരുതെന്ന് രക്ഷിതാക്കള്‍ക്ക് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ആഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. ചൂട് സമയത്ത് കുട്ടികളെ കാറില്‍ ഒറ്റക്കിരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ജീവഹാനി അടക്കമുള്ള വലിയ പ്രത്യാഘാതങ്ങൾക്കും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ യു.എ.ഇയില്‍ ഇത്തരത്തില്‍ അപകടത്തില്‍പെട്ട് നിരവധി കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് നിര്‍ദേശം.
പൊലീസും ഇക്കാര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫെഡറൽ ബാലാവകാശ നിയമമനുസരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതിരിക്കൽ വലിയ കുറ്റമാണ്. സൂര്യപ്രകാശം നേരിട്ടേൽക്കുന്ന സ്ഥലത്ത് പത്ത് മിനിറ്റ് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനകത്തെ താപനില ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍തന്നെ 80 ശതമാനത്തോളം കൂടാന്‍ ഇടയുണ്ട്. ഇത് കുട്ടികള്‍ക്ക് താങ്ങാനാവാതെവരുകയും വളരെ വേഗത്തില്‍ ആഘാതമേല്‍ക്കുകയും ചെയ്യും. കടുത്ത ചൂടും ഓക്സിജന്റെ അഭാവവുംമൂലം ശ്വാസംമുട്ടൽ അനുഭവപ്പെട്ട് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.രക്ഷിതാക്കള്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാ സമയത്തും കുട്ടികളെയും കൂടെ കൂട്ടണമെന്നും അഭ്യർഥനയുണ്ട്.
എ.സി പ്രവർത്തിപ്പിച്ച് കുട്ടികളെ കാറിലിരുത്തി പോകുന്നതും നല്ലതല്ല. ചെറുതായി വിന്‍ഡോ ഗ്ലാസ് തുറന്നിട്ടാൽപോലും അപകടാവസ്ഥയാണ്. ഇങ്ങനെയുള്ളപ്പോള്‍ കാറിനുള്ളില്‍ അതിവേഗം ഊഷ്മാവ് കൂടുകയാണുണ്ടാവുക. ഇത് ചൂട് കുറക്കാന്‍ സഹായിക്കില്ല. നാലുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇപ്പോഴത്തെ താപനില വളരെ അപകടകരമാണ്. മുതിര്‍ന്നവരെപ്പോലെ കുട്ടികളെ പരിഗണിക്കരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികള്‍ക്ക് ആഘാതമേല്‍ക്കാന്‍ വളരെ കുറഞ്ഞ ചൂട് മതി. മുമ്പ് 15.5 ഡിഗ്രി ചൂടില്‍ പോലും കാറിനകത്ത് പെട്ട കുട്ടി മരിക്കാനിടയായിട്ടുണ്ട്. മുതിര്‍ന്ന കുട്ടികളെ അപേക്ഷിച്ച് ചെറിയ കുട്ടികളില്‍ മൂന്നുമുതല്‍ അഞ്ചു വരെ ഇരട്ടിയാണ് അമിതതാപം ഏല്‍ക്കാനുള്ള സാധ്യത.
തലകറക്കം, ക്ഷീണം, പേശി വലിവ്, ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ട്, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയവ അപകട മുന്നറിയിപ്പുകളാണ്. ഇത്തരം അപകടാവസ്ഥയുണ്ടാകുമ്പോൾ ഉടനെ അവരെ ചൂടുള്ള സ്ഥലത്തുനിന്ന് മാറ്റുകയും എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലത്തെത്തിക്കുകയും വേണം. തണുത്ത ദ്രാവകരൂപത്തിലുള്ളവ നല്‍കുകയും ശരീരം തണുപ്പിക്കുകയും വേണം. കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റിയെടുക്കുന്നതും നല്ലതാണ്. നിര്‍ത്തിയിട്ട കാറുകളില്‍ വളരെ ചൂടുള്ള അവസ്ഥയില്‍ കുട്ടികളുമായി നേരിട്ട് കയറരുതെന്നും നിര്‍ദേശമുണ്ട്. അകത്ത് ചൂടുള്ള കാറില്‍ എ.സി തണുപ്പിച്ചശേഷമേ കുട്ടികളുമായി കയറാവൂ.കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മാത്രം കടുത്ത ചൂടില്‍ കാറില്‍ തനിച്ചിരുത്തി പോയ ഇരുന്നൂറോളം കുട്ടികളെയാണ് ദുബൈ പൊലീസിന്റെ റെസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തിയതെന്നാണ് കണക്ക്.
മാളുകളിലും പൊതു പാര്‍ക്കിങ് ഇടങ്ങളില്‍നിന്നുമാണ് കുട്ടികളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പിന്‍സീറ്റിലിരുന്ന് കുട്ടി ഉറങ്ങുന്ന വിവരം അറിയാതിരുന്ന പിതാവ് കാര്‍ ലോക്ക് ചെയ്തുപോയി തിരിച്ചെത്തിയപ്പോള്‍ പിന്‍സീറ്റില്‍ കുട്ടി മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഈയിടെ, ഒരു കുഞ്ഞിനെ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ഭാര്യ കൈയിലേറ്റിയിരിക്കുമെന്ന് ഭര്‍ത്താവും ഭര്‍ത്താവ് കൊണ്ടുപോയെന്ന് ഭാര്യയും കരുതി. ഇരുവരും വെവ്വേറെ വഴികളിലാണ് ഷോപ്പിങ്ങിന് പോയത്. ദൃക്സാക്ഷികള്‍ കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങൾക്ക് കാരണക്കാരാവുന്നവർക്കെതിരെ യു.എ.ഇ ബാലാവകാശ നിയമപ്രകാരം 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

