അജ്മാനില്‍ വെയര്‍ഹൗസുകള്‍ കത്തിനശിച്ചു
text_fieldsഅജ്മാനിലുണ്ടായ തീപിടിത്തം
അജ്മാന്: അജ്മാനിലെ വ്യവസായിക മേഖലയായ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന നാലു വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. മൂന്നു വ്യത്യസ്ത കമ്പനികളുടെ നാലു വെയര്‍ഹൗസുകളാണ് പൂർണമായി കത്തിനശിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് അജ്മാന് ഖബർസ്ഥാനു സമീപ പ്രദേശത്തുള്ള ഫര്‍ണിച്ചർ കമ്പനികളുടെ വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചത്. ഒരു വെയര്‍ഹൗസിന് പിടിച്ച തീ സമീപത്തുള്ളവയിലേക്കും പടരുകയായിരുന്നു.
ശക്തമായ തീയെ തുടര്‍ന്ന് വാനിലുയര്‍ന്ന പുക ഏറെ അകലേക്കും ദൃശ്യമായിരുന്നു. വിവരം അറിഞ്ഞ ഉടൻ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി ദ്രുതഗതിയില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അജ്മാന്, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ അഗ്നിശമനസേന വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടന്ന രക്ഷാപ്രവര്ത്തനത്തിെൻറ ഭാഗമായി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു.

