പ്രസാർഭാരതിയും വാമും കൈകോർക്കുന്നു
text_fieldsദുബൈ: ഇന്ത്യൻ സർക്കാറിന് കീഴിലുള്ള പ്രസാർ ഭാരതിയും യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ എമിറേറ്റ്സ് ന്യൂസ് ഏജൻസിയും (വാം) പരസ്പര സഹകരണത്തിന്. ഇതിന്റെ ഭാഗമായി അബൂദബിയിലെത്തിയ പ്രസാർഭാരതി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗൗരവ് ദ്വിവേദിയും വാം ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്സിയും ചർച്ച നടത്തി. യു.എ.ഇയിലെ ഇന്ത്യൻ അംബസാഡർ സഞ്ജയ് സുധീറും ഒപ്പമുണ്ടായിരുന്നു. വാർത്തകൾ പങ്കുവെക്കൽ, സംയുക്തമായ നിർമാണം, വിവര സാങ്കേതികവിദ്യകളിലെ പരിശീലനം തുടങ്ങിയവയിൽ ധാരണയായി. യു.എ.ഇയിൽ ദൂരദർശന്റെ സാന്നിധ്യം വിപുലമാക്കാനും ലക്ഷ്യമിടുന്നു. യു.എ.ഇയും ഇന്ത്യയും തമ്മിലെ പങ്കാളിത്തം എല്ലാ മേഖലകളിലും ശക്തിപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങൾ തമ്മിലെ സഹകരണം ബന്ധത്തിന്റെ ആഴം കൂട്ടുമെന്ന് അൽ റെയ്സി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും പ്രേക്ഷകർക്കായി വിശ്വസനീയവും ആധികാരികവുമായ വാർത്തകൾ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുമായി ഇന്ത്യയുടെ ബന്ധത്തിന് നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണിതെന്ന് ദ്വിവേദി പറഞ്ഞു. ഇന്ത്യ-യു.എ.ഇ ബന്ധം അതിവേഗം വളരുന്ന പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടെയും സൗഹൃദം പൗരന്മാരിലേക്കും ലോകമെമ്പാടുമുള്ള ജനങ്ങളിലേക്കും എത്തിക്കേണ്ടത് വളരെ പ്രധാനമാണെന്ന് സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു. വാമിലെ മുതിർന്ന ഉദ്യോഗസ്ഥരും എഡിറ്റർമാരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

