ഗാർഹിക തൊഴിലാളികൾക്കും വേതന സംരക്ഷണനിയമം നിർബന്ധം
text_fieldsഅബൂദബി: രാജ്യത്തെ എല്ലാ ഗാർഹിക തൊഴിലാളികൾക്കും വേതന സംരക്ഷണ സംവിധാനം (ഡബ്ല്യു.പി.എസ്) നിർബന്ധമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ ദിവസം ഔദ്യോഗിക വെബ്സൈറ്റിലാണ് മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്.
ഗാർഹിക തൊഴിലാളികളുടെ വേതന വിതരണം ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം കൊണ്ടുവന്ന ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനമാണ് ഡബ്ല്യു.പി.എസ്. യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ബാങ്കുകള്‍, ധനവിനിമയ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനം നല്കാന് തൊഴിലുടമകളെ ഇത് പ്രാപ്തമാക്കും. ശമ്പളം നല്‍കുന്നതിന് നിശ്ചയിച്ച തീയതി മുതല്‍ പത്തുദിവസത്തിനകം ദിര്ഹത്തില്തന്നെ ഗാര്‍ഹിക തൊഴിലാളികളുടെ പ്രതിമാസ ശമ്പളം നല്‍കണമെന്നാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്.
ബാങ്കുകൾ, എക്സ്ചേഞ്ചുകൾ, സെൻട്രൽ ബാങ്ക് അംഗീകരിച്ച ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ കറൻസിയായും ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ മുഖേനയും തൊഴിലുടമക്ക് ഗാര്‍ഹിക തൊഴിലാളിയുടെ ശമ്പളം വിതരണം ചെയ്യാൻ ഡബ്ല്യു.പി.എസ് അനുമതി നൽകുന്നുണ്ട്.
തൊഴിലുടമയുടെ എമിറേറ്റ്സ് ഐ.ഡി, ഗാര്‍ഹിക തൊഴിലാളിയുടെ എമിറേറ്റ്സ് ഐ.ഡി, സെന്‍ട്രല്‍ ബാങ്ക് അംഗീകാരമുള്ള ഡബ്ല്യു.പി.എസ് ഏജന്റുമായുള്ള രജിസ്ട്രേഷന് എന്നിവയാണ് ഡബ്ല്യു.പി.എസ് സംവിധാനത്തിലെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനാവശ്യമായ രേഖകള്‍. ഡബ്ല്യു.പി.എസിൽ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയും ഈ സംവിധാനത്തിലൂടെ തൊഴിലാളിയുടെ വേതനം കൈമാറുന്നതിന് തൊഴിലുടമകളെ ബോധവത്കരിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പുകള് നിരന്തരം അയക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
നിര്‍ദേശം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. നിശ്ചിത തീയതി കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ തൊഴിലുടമയുടെ ഫയല്‍ റദ്ദാക്കും. ഗാര്‍ഹിക തൊഴിലാളി നിയമപ്രകാരം പട്ടികയിൽ ഉൾപ്പെട്ട എല്ലാ തൊഴിലുടമകളും ഈ സംവിധാനത്തിന്റെ പരിധിയില്‍ വരും. ഡബ്ല്യു.പി.എസ് രജിസ്ട്രേഷനും ഇതുവഴിയുള്ള വേതന വിതരണവും എല്ലാ തൊഴിലുടമകള്‍ക്കും ലഭ്യമാണ്. സ്വകാര്യ പരിശീലകർ, വീട്ടുജോലിക്കാർ, പ്രൈവറ്റ് റപ്രസന്റേറ്റിവ്, സ്വകാര്യ കാർഷിക എന്‍ജിനീയര്‍മാർ എന്നീ പ്രെഫഷനുകള്ക്ക് ഏപ്രില്‍ ഒന്നുമുതല്‍ ഡബ്ല്യു.പി.എസ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

