ശൈത്യകാലം ആസ്വദിക്കാൻ വാദി അസിമ ഫ്ളവർ ഗാർഡൻ
text_fieldsവാദി അസിമ ഫ്ളവർ ഗാർഡനിലെ കാഴ്ച
ഫുജൈറയിൽ നിന്നും 45 കിലോമീറ്റർ ദൂരെ മസാഫിക്ക് അടുത്ത് അസീമ എന്ന ഗ്രാമത്തിലാണ് അതി മനോഹരമായ ഈ പൂന്തോട്ടം. മസാഫി ഗ്രാമത്തിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്. വിവിധ നിറത്തിലും ഇനങ്ങളിലും പെട്ട നിരവധി പൂക്കളുടെ ഒരു വൻ ശേഖരം തന്നെയാണ് ഇവിടെയുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കന്‍ നാടുകളിലും മാത്രം കാണപ്പെടുന്ന വിവിധ ഇനം പൂക്കളാണിവിടത്തെ പ്രത്യേക.
അസിമ സ്വദേശിയായ മുഹമ്മദ് അല്‍ മസ്റൂഹി പത്തു വര്‍ഷം മുമ്പാണ് വിത്യസ്തമായ പൂന്തോട്ടം നിർമിച്ചത്. മൂന്ന് വര്‍ഷം മുമ്പ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. തുടക്കത്തില്‍ ഇങ്ങോട്ടുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇപ്പോള്‍ പ്രവേശനത്തിന് പതിനഞ്ചു ദിര്‍ഹം ഫീ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂക്കളുടെ പരാഗണത്തിന് സഹായിക്കുന്നതിന് വേണ്ടി തേനീച്ചകളെയും തോട്ടത്തില്‍ വളർത്തുന്നുണ്ട്. പാർക്കിനോട് ചേർന്ന് കുതിരയുടെ ഒരു ഫാമും പ്രവർത്തിക്കുന്നുണ്ട്. നിരവധി കുതിരകളും രാജ്യത്തിന്റെ ദേശീയ മൃഗമായ അറേബ്യൻ ഒറിക്സും എല്ലാം ഉണ്ട്. ദുബൈയില്‍ സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് അല്‍ മസ്റൂഹി ജോലിയില്‍ നിന്നും വിരമിച്ച് പൂർണമായും ഈ ഫ്ലവര്‍ ഗാര്‍ഡനില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ചെറുപ്പം മുതല്‍ തന്നെ ചെടികളെയും പൂക്കളെയും സ്നേഹിച്ചു തുടങ്ങിയ മസ്റൂഹിക്ക് യൂറോപ്പിലും അമേരിക്കയിലും കാണപ്പെടുന്ന രീതിയിലുള്ള ഒരു തോട്ടം സ്വന്തം നാട്ടിലും ഉണ്ടാക്കണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന സ്നാപ്ഡ്രാഗൺ എന്ന ഡ്രാഗൺ പൂക്കളുടെ വിത്തുകള്‍ കൃഷി ചെയ്തുകൊണ്ട് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ ചെടികളില്‍ നിന്നുതന്നെ വിത്തുകള്‍ ശേഖരിക്കുകയും കൃഷി വ്യാപിപ്പിക്കുകയും ചെയ്തു. ഗാര്‍ഡനില്‍ ഇപ്പോള്‍ നീല-വയലറ്റ് ലാർക്സ്പൂർ, തിളക്കമുള്ള മഞ്ഞ ഡാൻഡെലിയോണുകൾ, പർപ്പിൾ യാരോ (ചെറുതും അതിലോലവുമായ പുഷ്പങ്ങളുടെ കൂട്ടങ്ങൾ) തുടങ്ങി നിരവധി വർണത്തിലുള്ള മുപ്പതിനായിരത്തോളം പൂക്കളുടെ ശേഖരം തന്നെയുണ്ട്. പുതിയ ഇനത്തിലുള്ള ചെടികള്‍ വളര്‍ത്താനുള്ള പരീക്ഷണങ്ങള്‍ ഇപ്പോയും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അടുത്തതായി ടുളിപ്സ് ചെടികളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താനുള്ള പരീക്ഷണത്തില്‍ ആണ്. യു.എ.ഇയിലുള്ള മിക്ക ഫ്ലവര്‍ ഫാമുകളും ഹരിത റെന്റുകളിലും മറ്റുമാണ് കൃഷി ചെയ്യുന്നത്. എന്നാല്‍ മസ്റൂഹി തുറസ്സായ സ്ഥലത്താണ് ഇവ കൃഷി ചെയ്യുന്നത്.
സാധാരണായി സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ മാസങ്ങളില്‍ ആണ് പുതിയ ചെടികള്‍ വെച്ചു പിടിപ്പിക്കുക. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആണ് വിളവെടുപ്പ്. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലെ പൂക്കടകളിലേക്കും മറ്റും ആവശ്യാനുസരണം പൂക്കളുകള്‍ എത്തിക്കുന്നു. കൂടാതെ വാട്ട്സ്അപ്പ് , ഇന്സ്ടഗ്രാം വഴി ഓര്‍ഡര്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പൂക്കളുടെ വിത്തുകളും എത്തിച്ച് കൊടുക്കുന്നുണ്ട്. ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവശ്യമുള്ള പൂക്കള്‍ വാങ്ങിക്കാനുള്ള സൗകര്യവുമുണ്ട്. പൂക്കളുടെ ഇനവും എണ്ണവും അനുസരിച്ച് അഞ്ചു ദിർഹം മുതൽ 20 ദിർഹം വരെയാണ് വില. പൂക്കളുടെ സീസണ് കഴിയുന്ന കടുത്ത വേനൽക്കാലം വന്നാൽ പിന്നീടുള്ള രണ്ട് മൂന്ന് മാസം മസ്റൂഹി കുടുംബവുമൊത്ത് ബോസ്നിയയിലുള്ള തന്റെ ഇത് പോലെയുള്ള ഫാമിലേക്ക് പോകും. ഇവിടെ നിന്ന് തിരികെ വരുമ്പോൾ ചെടികളുടെ വിത്തുകളും ഇദ്ദേഹം കൊണ്ടുവരാറുണ്ട്. ഒരു ഉൾനാടൻ പ്രദേശത്താണ് ഈ പൂന്തോട്ടമെങ്കിലും നിരവധി സന്ദർശകർ ആണ് ഇവിടേക്ക് എത്തികൊണ്ടിരിക്കുന്നത്. അവധി ദിനങ്ങളിലെല്ലാം സന്ദര്‍ശകരുടെ വന്‍ തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

