പ്രവാസ ജീവിതത്തിന് വിരാമം; വി.പി. അഹ്മദ് കുട്ടി മദനി നാടണയുന്നു
text_fieldsദുബൈ: രണ്ടര പതിറ്റാണ്ടത്തെ ധന്യമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് വി.പി. അഹ്മദ് കുട്ടി മദനി എടവണ്ണ നാടണയുന്നു. വിവിധ വിഷയങ്ങളിൽ ആഴത്തിൽ ജ്ഞാനമുള്ള അദ്ദേഹം മികച്ച പ്രഭാഷകനും സംഘാടകനും കൂടിയാണ്.
അധ്യാപനം, സാമൂഹിക പ്രവർത്തനം, ഉദ്‌ബോധനം, സംഘടനാ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ സാന്നിധ്യമറിയിച്ച സംതൃപ്തിയോടെയാണ് മടക്കം.
നാട്ടിൽ അധ്യാപകനായി ജോലിചെയ്യവെയാണ് 1994 ൽ സൗദിയിൽ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഏഴു വർഷങ്ങൾക്കു ശേഷം 2002 ൽ അജ്മാനിൽ പ്രിൻറിങ് പ്രസിൽ ജോലി ലഭിച്ചതോടെ പ്രവാസജീവിതം യു.എ.ഇയിലേക്ക് മാറി. 2009 മുതൽ ഷാർജ ഇന്ത്യൻ ഹൈസ്‌കൂളിൽ അധ്യാപകനായി ജോലിചെയ്യുന്നു.
യു.എ.ഇ മതകാര്യവകുപ്പിന് കീഴിലെ പള്ളികളിൽ മലയാളത്തിൽ ഖുത്ബ നിർവഹിച്ചുകൊണ്ടിരുന്ന അപൂർവം വ്യക്തികളിൽ ഒരാളാണ് മദനി. ഫുജൈറയിലെ മസ്ജിദുൽ ഇമാം ഷാഫിയിലാണ് ഏതാനും വർഷങ്ങളായി വെള്ളിയാഴ്‌ച ഉദ്‌ബോധനം നടത്തുന്നത്.
യു.എ.ഇ കെ.എം.സി.സി എക്സിക്യൂട്ടിവ് അംഗം, അജ്‌മാൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല പ്രസിഡൻറ്, യു.എ.ഇ ഇസ്ലാഹി സെൻറർ പ്രസിഡൻറ്, സീതി സാഹിബ് വിചാര വേദി ട്രഷറർ, മദീനത്തുൽ ഉലൂം അറബിക് കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എം.എസ്.എഫ് അലുംനി യു.എ.ഇ ചാപ്റ്റർ, യു.എ.ഇ എടവണ്ണ പഞ്ചായത്ത് അസോസിയേഷൻ തുടങ്ങിയ കൂട്ടായ്മകളിൽ തേൻറതായ സംഭാവന നൽകി.
മലപ്പുറം എടവണ്ണക്ക് സമീപമുള്ള കല്ലിടുമ്പിലാണ് താമസം. നഫീസയാണ് ഭാര്യ. ഏഴ് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

